Sunday, September 30, 2012

ശുഭദിനം ആശംസിക്കരുത്


 കവിത
ഇഞ്ചക്കാട് ബാലചന്ദ്രൻ










ഇന്നും ശുഭദിനം ആശംസിച്ചു നീ.
ഉള്ളുനിറവിലെന്ന് എനിക്കറിയാം.
ഓര്‍മ്മകളിലേക്ക് മുതല്‍ക്കൂട്ടാകട്ടെയെന്നും 
തൃപ്തിയില്‍ മനസ്സുലയട്ടെയെന്നും.
എന്നിട്ടും പൊള്ളിക്കും കാഴ്ചകളിലേക്കും
നീറ്റലുണര്‍ത്തും നോവുകളിലേക്കും ഞാന്‍.
പെരുവഴിയിലെ ചോരച്ചാലില്‍ കാല്‍ പതിയാതെ 
യാത്ര തുടരുകയെന്നതേ പ്രയാസം.
എന്നിട്ടും ഭയം നിറഞ്ഞ നോട്ടങ്ങള്‍ അവഗണിച്ചും 
നിറം പൊലിഞ്ഞ ജീവിതങ്ങള്‍ കണ്ടും യാത്ര. 
ക്രൂരത പാരമ്യത്തിലാവുന്ന ദിനങ്ങളിലൊന്നെന്ന് 
ഞെരിഞ്ഞുടഞ്ഞ പിഞ്ചുടലുകള്‍ തെളിവ്.
മൌനം നിറഞ്ഞു കനത്ത ദിനമെന്ന് 
സാക്ഷിക്കണ്ണുകളിലെ നിസ്സംഗതയും മൊഴിയുന്നു .
മണ്ണും പെണ്ണും വിറ്റു വില വാങ്ങുന്ന തെരുവില്‍ മാത്രം 
വിജയാരവങ്ങളും പൊട്ടിച്ചിരികളും തിളയ്ക്കുന്നു.
ഇനിയും നീ ശുഭദിനം ആശംസിക്കുമ്പോള്‍ 
പരിഹസിക്കരുതേയെന്നു നിന്നോട് പറയുന്നതെങ്ങനെ?

No comments:

Post a Comment