Sunday, September 30, 2012

നരച്ച ആകാശം

 കഥ
നന്മണ്ടൻ ഷാജഹാൻ
www.nanmindan.blogspot.com







തെരുവിന് മുകളില്‍ ആകാശം നരച്ചു കിടന്നു.പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഭോജനശാലയില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന പുകയായിരുന്നു വൃദ്ധയെ കൂടുതല്‍ അലോസരപ്പെടുത്തിയത്. തെരുവ് തീരുന്നിടത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യാത്ത തറയിലേക്കു വൃദ്ധ തന്റെ ഭാണ്ഡമിറക്കി വെച്ചു. യാചകബാലന് തന്റെ പുതിയ വാസസ്ഥലം കണ്ടുപിടിക്കാനാവുമോ എന്നായിരുന്നു വൃദ്ധ ആകുലപ്പെട്ടത്. തിരസ്കരിക്കപ്പെട്ടവളായിട്ട് നാളുകളെത്രയെന്ന് പോലും ഓര്‍ത്തെടുക്കാനാവുന്നില്ല. ഓര്‍മ്മകളും നിറങ്ങളുമൊക്കെ മനസ്സിന് വഴങ്ങാതാവുന്നുവെന്നു വൃദ്ധ നിസ്സഹായതയോടെ ഓര്‍ത്തു.

 ഒരിക്കലുംപിരിയാനാവാതെ തെരുവോരത്തുവെച്ചു കൂട്ട് കൂടിയ തെരുവ് നായ ഭോജനശാലയൊന്നു വലംവെച്ചു പേരറിയാതെരുവ് മരത്തിന്റെ ചുവട്ടില്‍ വൃദ്ധക്ക്‌ അഭിമുഖമായി തല ചായ്ച്ചു കിടന്നു.ഭോജനശാലയിലേക്ക് കയറിയിറങ്ങുന്ന ആര്‍ഭാടജീവിതങ്ങളിലേക്ക് കണ്ണുനട്ടു വൃദ്ധ മയങ്ങിപ്പോയി. പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനു മുകളില്‍ ആകാശം നരച്ചു തന്നെകിടന്നു. മുഷിഞ്ഞ വസ്ത്രവും അതിലേറെ മുഷിഞ്ഞ മനസ്സുമായി യാചക ബാലന്‍ വരും വരെ ആ മയക്കം തുടര്‍ന്നു. 
തെരുവ് നായയുടെ ശക്തമായ നിശ്വാസം അവരെ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയപ്പോള്‍ ബാലന്‍ തന്റെ നരച്ച കവറില്‍ നിന്നും ആര്‍ഭാടജീവിതങ്ങള്‍ ഉപേക്ഷിച്ച ഉച്ചിഷ്ടങ്ങള്‍ മൂന്നായി പകുത്തു വെച്ചു. അന്തിവെയിലും പുകപടലം നിറഞ്ഞ അന്തരീക്ഷവും നരച്ച ആകാശവും കൂടിയപ്പോള്‍ തെരുവിനൊരു പുരാതന ചിത്രം സമ്മാനിച്ചു.

പകലിന്റെ തിരക്കുകളുടെ ക്ഷീണം നെഞ്ചിലേറ്റി തെരുവുകള്‍ നിശബ്ദനിശ്വാസങ്ങള്‍ പൊഴിക്കുന്ന രാത്രിനേരങ്ങളില്‍ വൃദ്ധ പറഞ്ഞുകൊടുക്കുന്ന കഥകള്‍ ആര്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കണമെന്ന് യാചക ബാലന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. പിന്നെ അവര്‍ കഥാപാത്രങ്ങളായ അവരുടെ കഥയും. ബാലന്‍ വൃദ്ധയുടെ ശുഷ്കിച്ച കാല്‍വണ്ണയില്‍ മുഖം ചേര്‍ത്തു അന്നത്തെ കഥക്കായി കാതോര്‍ത്തു കിടന്നു. തൊട്ടപ്പുറത്ത് അവരില്‍ നിന്നു പൊഴിയുന്ന വാക്കുകളിലേക്കു മിഴി തുറന്നു നായയും തന്റെ ശയനസ്ഥാനം പൂകി. 

കണ്ണിലെ കൃഷ്ണമണികള്‍പോലെ കാത്തു സൂക്ഷിച്ചു മകനെ പോറ്റി വളര്‍ത്തിയ ഒരമ്മയുടെ കഥയായിരുന്നു വൃദ്ധ അന്ന് പറയാന്‍ ആരംഭിച്ചത്. മകന്റെ പിറവിക്കു ശേഷം മൂന്നാം വര്‍ഷത്തില്‍ വൈധവ്യം ഏറ്റു വാങ്ങിയിട്ടും തളരാതെ മകനായിമാത്രം ജീവിച്ച അമ്മയുടെ കഥ .പളുങ്ക് മേനിയും കറുത്ത ഹൃദയവുമായി മകന്‍ സ്വീകരിച്ചു കൊണ്ട് വന്ന പുത്രവധുവിനു തന്റെ മാളികയില്‍ ഒരു അപശകുനമായിത്തീര്‍ന്ന അമ്മ. മകന്റെ അഭാവത്തില്‍ പുത്രവധുവാല്‍ തെരുവിലിറക്കപ്പെട്ട അമ്മയുടെ കഥ. പെറ്റമ്മയെ ഒന്ന് തിരക്കിപ്പോവാന്‍ പോലും മുതിരാത്ത മാതൃപുത്രബന്ധങ്ങളുടെ ദുരന്തചിത്രമായ വൃദ്ധയുടെ ആത്മകഥയുടെ പര്യവസാനത്തില്‍ തെരുവ് ബാലന്‍ ഉറക്കം തുടങ്ങിയിരുന്നു. കുഴിഞ്ഞ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ തെരുവ് നായയുടെ കണ്ണുകളിലും ഈറനണിഞ്ഞു നിന്നു. 

 തെരുവ് മുഴുവന്‍ പ്രകാശമാക്കിയ വിളക്കണഞ്ഞെങ്കിലും ഒരു കീറു ചന്ദ്രക്കല കൊണ്ട് പ്രകൃതി തെരുവിന് അല്പം പ്രകാശം പകര്‍ന്നു കൊടുത്തു. വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍ മേഞ്ഞു മൂന്ന് വ്യത്യസ്ത തെരുവ് ജീവിതങ്ങള്‍ ഉറക്കമെന്ന ആപേക്ഷിക മരണത്തില്‍ മുഴുകി. തലേ ദിവസത്തെക്കാള്‍ നരച്ചായിരുന്നു അടുത്തപ്രഭാതവും ഭൂമിക്കു സമ്മാനിച്ച ആകാശമെങ്കിലും തെരുവില്‍ കാറ്റ് മൃദുവായി,അലസമായി വീശിക്കൊണ്ടിരുന്നു. ഒരാഘോഷത്തിന്റെ മുന്നോടിയായി തെരുവും ഭോജനശാലയും അലംകൃതമാക്കിയിരുന്നു.

രാവേറെയായിട്ടും സംഗീതവും ആളനക്കവും ഒഴിയാത്ത ഭോജനശാലയുടെ പിന്‍ഭാഗത്ത് യാചകബാലന്‍ ക്ഷമയോടെ കാത്തിരുന്നു. വൃദ്ധയുടെ പേരക്കുട്ടിയുടെ ജന്മദിനാഘോഷസല്ക്കാരത്തിലെ ഉച്ചിഷ്ടങ്ങള്‍ മൂന്നായി പകുത്തുകഴിച്ചു വീണ്ടുമൊരു നരച്ച പ്രഭാതത്തിനു ഉണരാമെന്ന വ്യാമോഹത്തോടെ മൂന്ന് തെരുവ് ജീവിതങ്ങള്‍ നിദ്രയില്‍ മുഴുകി.

2 comments:

  1. പരിഷ്കാരങ്ങള്‍ക്ക് ഒപ്പമെത്താത്ത വൃദ്ധജന്മങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നു.ആ അമ്മയുടെ മനസ്സിലും മകനെക്കുറിച്ച് സ്നേഹം മാത്രമേ ഉണ്ടാവൂ. നല്ല കഥ. ആശംസകള്‍.

    ReplyDelete
  2. പരിഷ്കാരങ്ങള്‍ക്ക് ഒപ്പമെത്താത്ത വൃദ്ധജന്മങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നു.ആ അമ്മയുടെ മനസ്സിലും മകനെക്കുറിച്ച് സ്നേഹം മാത്രമേ ഉണ്ടാവൂ. നല്ല കഥ. ആശംസകള്‍.

    ReplyDelete