കഥ
വസീം മുഹമ്മദ്
ഓടിവന്ന് വീട്ടില്‍ കേറുമ്പോഴും അവന്‍റെ മനസ്സില്‍ "ഫെയ്സ്ബുക്ക്" മാത്രമായിരുന്നു.
"അവള്‍ വെയിറ്റ് ചെയ്തിരിക്കുകയാവും", കുളിക്കുന്നതിനിടയില്‍ അവന്‍റെ മനസ്സ് മന്ത്രിച്ചു.
ഒരു പത്താം തരം വിദ്യാര്‍ഥിയായ അവന്‍റെ മനസ്സില്‍ തന്റെ പാഠഭാഗങ്ങളെക്കാളും ഹോംവര്‍ക്കുകളെക്കാളും പ്രാധാന്യം ചാറ്റ് ബോക്സിലെ ആ അജ്ഞാത സുന്ദരിക്കായിരുന്നു.
കുളി കഴിഞ്ഞയുടന്‍ ധൃതിയില്‍ വസ്ത്രം മാറി അവന്‍ കംപ്യൂട്ടര്‍ മുറിയിലേക്ക് നടന്നു. ചടുലതയോടെ അവന്‍റെ കൈകള്‍ യു പി എസ്സിന്‍റെ ബട്ടണില്‍ സ്പര്‍ശിച്ചു.
"പീ പീ" യു പി എസ് ശബ്ദിച്ചു,
"ഫയാസേ..ഒന്നിങ്ങട് ബന്നാ" അടുക്കളയില്‍ നിന്ന് അവന്‍റെ ഉമ്മയുടെ വിളി.
"എന്തിനാമ്മാ?" അവന്‍ ഉറക്കെ ചോദിച്ചു..
"ഒന്നിങ്ങട് വാടാ, ഈ അലമാര ഒന്നങ്ങട് പിടിച്ചിടാനാ.."
"അത് കുറച്ചു കയിഞ്ഞ് ഇട്ടാമതി ഇമ്മാ, ഞാന്‍ ഇവിടെ തെരക്കിലാ."
"ഇജ്ജ് മര്യാദക്ക് ഇങ്ങട്ട് ബന്നോ, അനക്കല്ലെങ്കിലും പറഞ്ഞാക്കേക്കല് കൊറച്ച് കമ്മിയാ"
"ഇങ്ങളെന്തിനാ ആയ്ചീല് ആയ്ചീല് ഇങ്ങനെ മാറ്റം വരുത്തണത്? ആ അലമാര അവടെ നിന്നോട്ടെ"
"ഇജ്ജ് ഇങ്ങട്ട് ബര്ണതാ അനക്ക് നല്ലത്, അല്ലെങ്കി ഞാന്‍ ഇപ്പങ്ങട്ട് ബരും"
അത് ശ്രദ്ധിക്കാതെ അവന്‍ ഗൂഗിള്‍ ക്രോം അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്തു: "facebook.com"
ഫെയ്സ്ബുക്ക് ലോഡ് ചെയ്തു വരുന്നതിനിടക്ക് ബെഡ്റൂമില്‍ നിന്നും ഒരു ധടുപുടു ശബ്ദം അവന് കേള്‍ക്കാമായിരുന്നു. "അനിയനായിരിക്കും" അവന്‍ മനസ്സില്‍ പറഞ്ഞു.
ലോഗ് ഇന്‍ ചെയ്ത ഉടനെ പോപ് അപ്പ് ചെയ്തു വന്ന വിന്‍ഡോയില്‍ അവന്‍ അവള്‍ടെ മെസ്സേജ് കണ്ടു, "da evidada? miss you".
തിരിച്ചു റിപ്ലൈ ചെയ്യനോരുങ്ങവേ കോളിംഗ് ബെല്‍ മുഴങ്ങി. വാതില്‍ തുറക്കേണ്ട ഡ്യൂട്ടി അവനായിരുന്നു. അവന്‍ ഓടിപ്പോയി വാതില്‍ തുറന്നു ; ഏതോ പിരിവുകാര്..
ഒരു പത്തുരൂപ അവര്‍ക്ക് കൊടുത്ത് അവന്‍ വീണ്ടും കംപ്യൂട്ടറിന്റെ മുന്നിലേക്ക് പോയി. തന്റെ സൊള്ളല്‍ തുടര്‍ന്നു.
മണിക്കൂറുകളോളം അവരുടെ ചാറ്റിംഗ് തുടര്‍ന്നു. ലോകത്തിലെ എല്ലാ വിഷയങ്ങളെ പറ്റിയും അവര്‍ ചര്‍ച്ച ചെയ്തു.
"ഇക്കാക്കാ ഞാന്‍ ഗെയിം കളിച്ചട്ടെ?" എന്ന കുഞ്ഞനുജന്റെ ചോദ്യം കേട്ടപ്പോളാണ് അവന്‍ ചുറ്റുപാടുകള്‍ നോക്കുന്നത്.
"കൊടുത്തില്ലെങ്കില്‍ ഓന്‍ ഉമ്മാനോട് പറയും, ഉമ്മ അറിഞ്ഞാല്‍ പിന്നെ യുദ്ധമായിരിക്കും..കൊടുത്തേക്കാം" അവന്‍ തീരുമാനിച്ചു.
"യു കെ ജി കഴിഞ്ഞിട്ടില്ല, അപ്പോളേക്കും ഓന്‍ ഗെയിം കളിച്ചല്‍ തുടങ്ങി.." എന്ന് ഈര്‍ഷ്യയോടെ മനസ്സില്‍ പറഞ്ഞുകൊണ്ട് ഫയാസ് എണീറ്റുകൊടുത്തു.
"ത്രീ... ടൂ ... വണ്‍ ... ഗോ .. " അനുജന്‍ ഗെയിം തുടങ്ങി.
തിരിച്ചു തന്റെ റൂമിലേക്ക് നടക്കുമ്പോളാണ് അവന്‍ ഓര്‍ക്കുന്നത് ; "അവളോട് ഗുഡ് ബൈ പറഞ്ഞിട്ടില്ല"..പിന്നീട് അതിന്‍റെ നിരാശയിലായിരുന്നു അവന്‍റെ കൊച്ചുമനസ്സ്..
ആ നടത്തത്തിനും ചിന്തക്കും ഇടയില്‍ അവന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല.
"ഫയാസേ.." എന്ന നേരിയ ഒരു ഞരക്കം കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
ആ മൂളക്കം കേട്ടിടത്തേക്ക് അവന്‍റെ കണ്ണുകള്‍ പാഞ്ഞു..
അവിടെ അവന്‍ കണ്ടു, വീണുകിടക്കുന്ന ഒരാള്‍ പൊക്കമുള്ള അലമാരയും അതിനടിയില്‍ തലപൊട്ടി ചോരയൊലിച്ചു കിടന്നു പിടക്കുന്ന തന്റെ ഉമ്മയും..
തന്‍റെ പരമാവധി ശബ്ദത്തില്‍ അവന്‍ വിളിച്ചുകൂവി..പക്ഷേ ആ കാട്ടുമുക്കില്‍ ആരും അവന്‍റെ നിലവിളി കേള്‍ക്കാന്‍ ഇല്ലായിരുന്നു..
ആവുന്നത്ര ശക്തിയെടുത്ത് അവന്‍ ആ അലമാര വലിച്ചുയര്‍ത്തി നോക്കി, പക്ഷേ പൂർണ്ണമായും വീട്ടി കൊണ്ട് നിര്‍മ്മിച്ച ആ അലമാരയുടെ കനം അവന് പൊക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു..
"മോനെ, നീ....ന്നെ" പറഞ്ഞു മുഴുമിപ്പിക്കാന്‍ ആ സ്ത്രീക്ക് ആവുന്നില്ല.
അവസാനം തന്‍റെ ശക്തി മുഴുവനും സംഭരിച്ച് അവന്‍ ആ അലമാര പകുതി ഉയര്‍ത്തി, തന്‍റെ ഉമ്മയെ നോക്കി
ജീവന്‍റെ നേരിയ തുടിപ്പുകള്‍ മാത്രം അവശേഷിക്കുന്ന ആ ശരീരം ചോരയില്‍ കുതിര്‍ന്നിരുന്നു..
ഇല്ല, ഇനിയും പിടിച്ചു നില്‍ക്കാന്‍ തനിക്ക് കഴിയില്ല, കൈകള്‍ വിറക്കുന്നു..
....
അലമാരയുടെ കനമേറിയ മസ്തകം ആ മാതാവിന്‍റെ തലയിലേക്ക് ശക്തിയില്‍ പതിക്കുകയായിരുന്നു..
തനിക്ക് ജന്മം നല്‍കിയ ജനനി തന്‍റെ കൈ കൊണ്ട് തന്നെ മരണപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയ ഫയാസ് തളര്‍ന്നു..
മണിക്കൂറുകള്‍ക്കു ശേഷം, ജോലി കഴിഞ്ഞ് വന്ന അവന്റെ ഉപ്പ കണ്ടത് ചോരയില് കുളിച്ചു കിടക്കുന്ന ആ മാതാവിന്‍റെയും, മേലെ തൂങ്ങിയാടുന്ന തന്‍റെ മകന്റെയും ജഡങ്ങളായിരുന്നു..
"ത്രീ..ടൂ..വണ്‍ ..ഗോ...", ഗെയിം അപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു...
അപ്പോള്‍ ഫയാസിന്റെ ചാറ്റ് ബോക്സില്‍ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു ; "gud bye..:)"..
No comments:
Post a Comment