അറിവിലൂടെ ആരോഗ്യം
ലേഖനം
അബ്സാർ മുഹമ്മദ്
നമ്മുടെ ഇ-മഷിയിൽ തുടങ്ങുന്ന
പുതിയ പംക്തിയാണ് ‘ആരോഗ്യം’.
ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ പംക്തിയിലൂടെ പങ്കുവെക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. രോഗങ്ങൾ, ചികിത്സാ രീതികൾ തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാം ഈ പംക്തിയിലൂടെ നമുക്ക് ചര്‍ച്ച ചെയ്യാം.
‘ആരോഗ്യം’ പംക്തിയിലെ ആദ്യത്തെ പോസ്റ്റ് എന്തിനെക്കുറിച്ചാവണം
എന്നതിനെ പറ്റി ചിന്തിച്ചപ്പോൾ മനസ്സിലേക്ക് ഓടി വന്നത്
യുവിയുടെ ചിത്രമാണ്.
അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും
വേദനാജനകമായ രോഗങ്ങളിൽ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളിൽ ഒന്നായ കാന്‍സറിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം....
ഗ്രീക്ക് ഭാഷയിൽ "ഞണ്ട് " എന്ന അർത്ഥം വരുന്ന "കാര്‍സിനോമ"
(Carcinoma
- karkinos, or "crab", and -oma, "growth") എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. അതുകൊണ്ടാണ് കാന്‍സർ രോഗത്തിന്റെ ബ്രാന്‍ഡ്
അംബാസിഡറായി ഞണ്ട് മാറിയത്. കാർന്നു തിന്നുന്ന വ്രണങ്ങളെ
സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചത്.
നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങൾ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഈ കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം അഥവാ കാന്‍സര്‍ എന്ന് നമുക്ക് ഏറ്റവും ലളിതമായി പറയാം.
അനിയന്ത്രിതമായ കോശവളര്‍ച്ചാ വ്യതിയാനത്തിനു കാരണം ആ കോശങ്ങളിലെ ഡി.എന്‍.
എയില്‍ ഉണ്ടാകുന്ന തകരാറുകള്‍ ആണ്. കാന്‍സർ കോശങ്ങൾ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അവ രക്തത്തിൽ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തത്തിലൂടെയും, ലിംഫിലൂടേയും എത്തിച്ചേരുകയും അവിടെയെല്ലാം രോഗം വ്യാപിക്കുകയും ചെയ്യുന്നു.
കാന്‍സർ ഉണ്ടാക്കുന്ന വസ്തുക്കൾ കാര്‍സിനോജൻ (Carcinogens) എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഇവ ഡി എന്‍ യിൽ തകരാറുകൾ സൃഷ്ടിച്ച് കാന്‍സർ ഉണ്ടാക്കുന്നവയാണ്. പുകയില, രാസ വസ്തുക്കൾ, അസ്ബെസ്റ്റോസ്, ആര്‍സനിക്ക്, എക്സ് റേ, സൂര്യ കിരണങ്ങൾ എന്നിവയെല്ലാം ഈ പട്ടികയിൽ ഉള്‍പ്പെടുന്നു.
കാന്‍സർ ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് എന്ന് കൂടി നാം ഓര്‍ക്കണം. ഇതിൽ വളരെ മാരകമായ, തലച്ചോറിനെ ബാധിക്കുന്ന ബ്രെയിൻ ട്യൂമർ മുതൽ വളരെ വേഗത്തിൽ സുഖപ്പെടുത്താൻ കഴിയുന്ന തൊലിയുടെ കാൻസർ
വരെ ഉള്‍പ്പെടുന്നു.
അമിത കോശ വളര്‍ച്ച മൂലം
ഉണ്ടാകുന്ന അവസ്ഥയെ രണ്ടു വിഭാഗങ്ങള്‍ ആക്കി തരം തിരിച്ചിരിക്കുന്നു.
1. ബെനൈന്‍ ട്യൂമർ - Benign Tumor :
2. മാലിഗ്നന്റ് ട്യൂമർ - Malignant
Tumor :
ബെനൈന്‍ ട്യൂമർ - Benign Tumor :
ഇവയെ "ദയയുള്ള മുഴകൾ" എന്ന് വിശേഷിപ്പിക്കാം. ബെനൈന്‍
ട്യൂമറുകളെ കാന്‍സർ എന്ന വിഭാഗത്തിൽ
ഉള്‍പ്പെടുത്തുന്നില്ല. ഇവ ഗുരുതരമല്ലാത്ത മുഴകൾ ആണ്.
സാധാരണ ഗതിയിൽ ഇവ സര്‍ജറിയിലൂടെയോ മറ്റോ നീക്കം ചെയ്തു
കഴിഞ്ഞാൽപ്പിന്നെ തിരിച്ചു വരില്ല. ഗര്‍ഭാശയ മുഴകൾ പലപ്പോഴും ഈ
ഗണത്തില്‍പ്പെടുന്നതാണ്. ഇത്തരം മുഴകളുടെ കോശങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഇല്ല.
മാലിഗ്നന്റ് ട്യൂമര്‍ - Malignant
Tumor :
"പകയുള്ള മുഴകള്‍" എന്ന് വിശേഷിപ്പിക്കാവുന്ന
ഇവനാണ് യഥാര്‍ത്ഥ വില്ലന്‍.
ഈ വിഭാഗത്തില്‍പ്പെടുന്നവയുടെ
കോശങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ
ദുഷ്ക്കരമാക്കുകയും ചെയ്യുന്നു.
ക്യാന്‍സർ രോഗം ബാധിച്ച
അവയവത്തിന്റെ സ്ഥാനം അനുസരിച്ച് താഴെ പറയുന്ന തരത്തിൽ വര്‍ഗ്ഗീകരിക്കാം.
01. കാഴ്സിനോമ - Carcinoma :
മൂക്ക്, കുടലുകൾ, ജനനേന്ദ്രിയങ്ങൾ, സ്തനങ്ങൾ, മൂത്രാശയം
തുടങ്ങിയവയിൽ ഉണ്ടാകുന്ന കാന്‍സറുകൾ ഇവക്ക് ഉദാഹരണം ആണ്.
കാന്‍സർ രോഗങ്ങളിൽ 80% ഈ വിഭാഗത്തിൽ ഉള്‍പ്പെട്ടതാണ്.
02. സാര്‍ക്കോമ - Sarcoma :
മസിലുകൾ, അസ്ഥികൾ, തരുണാസ്ഥികൾ തുടങ്ങിയവയിൽ
വരുന്ന കാന്‍സറുകൾ ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നു.
03. ലുക്കീമിയ - Leukemia :
രക്തത്തിലും, രക്തോല്‍പ്പാദന അവയവങ്ങളിലും വരുന്ന കാന്‍സർ ഈ വിഭാഗത്തിൽ
ഉള്‍പ്പെടുന്നു.
ലുക്കീമിയ ഏറ്റവും കൂടുതൽ
ബാധിക്കുന്നത് ശ്വേത രക്താണുവിനെയാണ്.
04. ലിംഫോമ - Lymphoma :
ലിംഫാറ്റിക്ക് സിസ്റ്റത്തിൽ വരുന്ന കാന്‍സർ ആണ് ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നത്. നമ്മുടെ പ്രതിരോധ ശക്തിയെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട സിസ്റ്റം ആണ് ലിംഫാറ്റിക്ക് സിസ്റ്റം.
05. അഡിനോമ - Adenoma :
തൈറോയ്ഡ്, പിട്ട്യൂട്ടറി, അഡ്രീനല്‍ തുടങ്ങിയ ഗ്രന്ഥികളിൽ ഉണ്ടാവുന്ന കാന്‍സർ ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നു.
കാന്‍സറിന് പേര് നല്‍കുന്ന
വിധം :
കാന്‍സർ ബാധിച്ച അവയവങ്ങളുമായി
ബന്ധപ്പെടുത്തിയാണ് ഓരോ കാന്‍സറിനും പേര് നിശ്ചയിക്കുന്നത്.
അവയവത്തിന്റെ മെഡിക്കൽ പദത്തോടൊപ്പം സാര്‍ക്കോമ, കാര്‍സിനോമ എന്നോ അല്ലെങ്കില്‍ വെറും "ഓമ (oma)" എന്നോ സഫിക്സ്
ആയി ചേര്‍ത്താണ് കാന്‍സർ ബാധിച്ച അവയവത്തിന് അനുസരിച്ച പേര് വിളിക്കുക.
ചില ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു.
അഡിനോ - Adeno : ഗ്രന്ഥി - Gland
കോണ്ട്രോ - Chondro : തരുണാസ്ഥി - Cartilage
എറിത്രോ - Erythro : ചുവന്ന രക്താണു - Red blood cells
ഹേമാഞ്ചിയോ - Hemangio : രക്ത കുഴലുകള്‍ - Blood vessels
ഹെപ്പാറ്റോ - Hepato : കരള്‍ - Liver
ലിപ്പോ - Lipo- : കൊഴുപ്പ് - Fat
മെലാനോ - Melano : തൊലി - Pigment
മൈലോ - Myelo : മജ്ജ - Bone marrow
മയോ - Myo : മാംസ പേശി - Muscle
ഓസ്റ്റിയോ - Osteo : അസ്ഥി - Bone
ന്യൂറോ - Neuro : നാഡി - Nerve
കാന്‍സർ ഉണ്ടാവാനുള്ള കാരണങ്ങൾ
:
സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദ ജീനുകളെ , രാസവസ്തുക്കളോ പ്രസരങ്ങളോ മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.
കാന്‍സർ ഉണ്ടാക്കുന്ന
കാരണങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം :
രാസവസ്തുക്കൾ - Chemicals :
നിരവധി രാസ വസ്തുക്കൾ കാന്‍സറിനു കാരണമാകുന്നുണ്ട്. അവയിൽ പലതും ഭക്ഷണത്തിലൂടെയും മറ്റും ഓരോ ദിവസവും നാം അകത്താക്കിക്കൊണ്ടിരിക്കുന്നു. കീടനാശിനികൾ എല്ലാം ഈ ഗണത്തിൽ വരും. കാന്‍സർ ഉണ്ടാക്കും
എന്ന് തെളിയിക്കപ്പെട്ട അന്‍പതിൽ അധികം രാസവസ്തുക്കൾ പുകവലിയിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നു. അര്‍മ്മാദിക്കാൻ വേണ്ടി
പുകവലിക്കുമ്പോൾ ഈ ചിന്ത മനസ്സില്‍ ഉണ്ടാവുന്നത്
നന്നായിരിക്കും.
വികിരണം - Radiation :
അമിതമായി അള്‍ട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏറ്റാൽ മെലനോമ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എക്സ്റേ, സി ടി സ്കാന്‍ തുടങ്ങിയവ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിച്ചാലും കാന്‍സറിലേക്ക് നയിച്ചേക്കാം.
ഹിരോഷിമ, നാഗസാക്കി എന്നിവടങ്ങളിലെ അമേരിക്കന്‍ അണുബോംബ് ആക്രമണം നിരവധി
തലമുറകള്‍ക്ക് സമ്മാനിച്ചത് കാന്‍സറും മറ്റു രോഗങ്ങളും ആണ് എന്ന വസ്തുത നമുക്ക് അറിയാമല്ലോ...
പകര്‍ച്ചവ്യാധി - Infection :
ചില കാന്‍സറുകൾ ഇന്‍ഫെക്ഷൻ മൂലവും ഉണ്ടാകാം. മനുഷ്യനിൽ
ഉണ്ടാവുന്ന കാന്‍സറുകളിൽ 20% വൈറസ് മൂലം ഉള്ളതാണ് എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചിലതരം അർബുദങ്ങൾ വൈറസുകൾ (virus) മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക്
പകരുന്നു. ത്വക്കിനെ ബാധിക്കുന്ന ചില
കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്.
ഗവേഷണശാലയിൽ സ്തനങ്ങളെ ബാധിക്കുന്ന കാൻസർ മുലപ്പാലിൽക്കൂടി എലികളിൽ പകർത്തിയതിനും അർബുദത്തെ പകർച്ചവ്യാധിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തതിനും ആണ് 1966-ൽ പേറ്റൺ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബൽ സമ്മാനം
ലഭിച്ചത്.
കരളിലെ അർബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഗർഭാശയ ഗളാർബുദം (Cervical), ഗുദാർബുദം
എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമൺ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്.
ഹെലിക്കോബാക്ടർ പൈലോറി എന്ന വൈറസുകള്‍ ആമാശയാർബുദത്തിനു കാരണമാകുന്നു.
HIV അണുബാധ ഉള്ളവരിലും കാന്‍സർ
സാധ്യതകൾ കൂടുതലാണ്.
പാരമ്പര്യം - Heredity :
വിത്തു ഗുണം പത്തു ഗുണം എന്ന് കാരണവന്മാർ പറഞ്ഞത് കാന്‍സർ
വിഷയത്തിലും ബാധകമാണ്. ട്യൂമറുകൾ ഉണ്ടാവുന്നതിനെ
പ്രതിരോധിക്കുന്ന ജീനുകളിൽ ഉണ്ടാവുന്ന തകരാറുകൾ എല്ലാം ഇത്തരത്തിൽ തലമുറകളിലേക്ക്
കൈമാറ്റം ചെയ്യപ്പെട്ടേക്കാം.
വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും
ഈ ഇനത്തിൽപ്പെട്ടവയാണ്. കുട്ടികളിലും
ചെറുപ്പക്കാരിലും കാണുന്ന കാൻസറുകള്‍ക്ക് പാരമ്പര്യം ഒരു മുഖ്യ
ഘടകമാണ്. ബ്രെസ്റ്റ് കാന്‍സർ, ഓവേറിയൻ കാന്‍സർ എന്നിവയും ഇത്തരത്തിൽ ഉണ്ടാവാന്‍ സാധ്യതയുള്ള കാന്‍സറുകള്‍ക്ക് ഉദാഹരണമാണ്.
മറ്റു കാരണങ്ങൾ :
ചില കാന്‍സറുകൾ വിശദീകരിക്കാൻ
കഴിയാത്ത അജ്ഞാത കാരണങ്ങൾ കൊണ്ടും ഉണ്ടായേക്കാം. മറ്റു പല രോഗങ്ങളെയും പോലെ...
കാന്‍സർ രോഗത്തിന്റെ ലക്ഷണങ്ങൾ, രോഗ നിര്‍ണ്ണയ രീതികൾ, ചികിത്സാ മാര്‍ഗ്ഗങ്ങൾ, ആയുര്‍വേദം കാന്‍സറിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നിവയെക്കുറിച്ചെല്ലാം അടുത്ത ലക്കങ്ങളിൽ നമുക്ക് പരിശോധിക്കാം...
No comments:
Post a Comment