Thursday, September 6, 2012

ആഗ്രഹങ്ങൾ






ശ്രീകുട്ടൻ സുകുമാരൻ
ബ്ലോഗ്: http://sreevasantham.blogspot.com/
 ‌_________________________________


എന്തായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം? എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ടതെന്തായിരുന്നു? ഒരു നേര്‍ത്ത പുകപടലം പോലോര്‍മ്മവരുന്നവയില്‍ എന്തെല്ലാമാണുള്ളത്? പലതും നഷ്ടസൌഭാഗ്യങ്ങളാണ്. തിരിച്ചറിവുണ്ടായ കാലം മുതലേ ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം തന്നെ മനസ്സിലുണ്ടായിരുന്നു. പലതും നിര്‍ദ്ദോഷവും വലിയ ബുദ്ധിമുട്ടില്ലാത്തതുമായ ആഗ്രഹങ്ങള്‍ തന്നെയായിരുന്നു. എന്നിരുന്നിട്ടും അതിലേതെങ്കിലുമൊന്ന്‍ ഫലവത്തായോ? ഇല്ല. ഒരിക്കലുമില്ല. എന്നിട്ടും ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു. എത്ര തന്നെ ആഗ്രഹിച്ചാലും അതൊന്നും സാധ്യമാകാന്‍ പോകുന്നില്ല എന്ന ഉത്തമബോധ്യത്തോടെ...

   എനിക്ക് നാലുവയസ്സോ മറ്റോ ഉള്ളപ്പോളായിരുന്നുവത്. കൈനിറയെ മധുരപലഹാരങ്ങളും കേക്കും മറ്റുമായി വന്ന അച്ഛന്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി(ഞാന്‍,അനുജന്‍,അനുജത്തി)അതു മുഴുവന്‍ തരികയും നിര്‍ബന്ധിച്ചു തീറ്റിപ്പിക്കുകയും ചെയ്തു. എത്ര മധുരമുള്ളതായിരുന്നുവത്. അത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അമ്മ ഞങ്ങള്‍ക്കത്തരം മധുരപലഹാരങ്ങളൊന്നും വാങ്ങിത്തന്നിട്ടുണ്ടായിരുന്നില്ല. എന്നും ആ കേക്ക് തിന്നണമെന്ന്‍ മനസ്സ് നിര്‍ബന്ധം പിടിച്ചു. പിന്നീടെത്രയെങ്കിലും ദിവസം ആ മധുരമുള്ള കേക്ക് വാങ്ങിത്തരണമെന്ന്‍ പറഞ്ഞ് അമ്മയെ ശല്യപ്പെടുത്തിയിരിക്കുന്നു. അത് വാങ്ങിത്തരുവാന്‍ അമ്മയ്ക്ക് കഴിയില്ല എന്നൊന്നുമറിയുവാനുള്ള പ്രായമല്ലായിരുന്നല്ലോ. വലുതാവുമ്പോള്‍ എന്നും ആ കേക്ക് വാങ്ങിതിന്നണം എന്ന്‍ ഞാന്‍ മനസ്സിലുറപ്പിച്ചു. ഓരോ ആഗ്രഹങ്ങള്‍..

വൈകുന്നേരങ്ങളില്‍ അച്ഛന്‍ കുടിക്കാതെവരണേ എന്നായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയും ആഗ്രഹവും. അമ്മയുടെ കരച്ചിലും വലിയ വഴക്കുകളും മറ്റും എന്നും നിത്യസംഭവമായ ജീവിതത്തില്‍ സമാധാനം എന്നൊന്നുണ്ടാകണമെന്ന്‍ കൊതിച്ചിരുന്നു. ഒരു ദിവസം അച്ഛമ്മയുമച്ഛനും പിന്നെ കുറേയേറെ ബന്ധുക്കളും ഒക്കെ വന്ന്‍ വലിയ സംസാരമൊക്കെയായി പിന്നീട് അവരെല്ലാം പോയതോടെ ജീവിതത്തിലെ ഒരാഗ്രഹം കുറച്ചുനാള്‍ സഫലമായി എന്നു പറയാം. വഴക്കും ബഹളവും അച്ഛനുമില്ലാത്ത ദിനങ്ങള്‍...

മിക്ക ദിവസങ്ങളിലും അമ്മയിരുന്ന്‍ കണ്ണുതുടയ്ക്കുന്നത് കാണാം. മക്കളേയും തന്നേയുമുപേക്ഷിച്ച് മറ്റൊരു ജീവിതം തുടങ്ങിയ ഭര്‍ത്താവിനെയോര്‍ത്താണാ സങ്കടമെന്ന്‍ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ. വലുതായാല്‍ അമ്മയുടെ കണ്ണു നിറയാന്‍ ഒരിക്കലുമനുവദിക്കില്ലെന്ന്‍ അന്നേ ശപഥം ചെയ്തു. പക്ഷേ....

പാട്ട് പഠിക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു. നല്ല വാസനയുമുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. അന്നന്ന്‍ കൂലിപ്പണിക്കിറങ്ങിപ്പോയില്ലെങ്കില്‍ വയറുപട്ടിണിയായിപ്പോകുന്ന മൂന്നുമക്കളും പിന്നെയൊരു വയസ്സിത്തള്ളയുമുള്ളപ്പോള്‍ ചെക്കനെ പാട്ടുപഠിപ്പിക്കാനാകുന്നതെങ്ങിനെ. റേഡിയോവിലും മറ്റും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കൂടെപ്പാടി ആ വാശിമുഴുവന്‍ തീര്‍ക്കുമായിരുന്നു. പാട്ടുകളോടുള്ള പ്രണയം തലയ്ക്കകത്തിരുന്ന്‍ വണ്ടിനെക്കണക്ക് മൂളുന്നതിനാൽ‍ അറിയാവുന്നതും കേള്‍ക്കാനിമ്പമായതുമായ ഗാനങ്ങളുടെ തെറ്റില്ലാത്ത ഒരു ശേഖരം ഇന്ന്‍ കയ്യിലുണ്ട്. മലയാളം തമിഴ് ഹിന്ദി ഭാഷകളിലുള്ള പാട്ടുകളാണവയില്‍.

    സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ പാന്റും ഷര്‍ട്ടും മറ്റുള്ളവരെപ്പോലെ ധരിച്ച് മോടിയില്‍ പോകണമെന്നത് എന്നും മനസ്സിലുള്ള കടുത്ത ആഗ്രഹമായിരുന്നു. ആദ്യമായി ഞാന്‍ ഒരു പാന്റിടുന്നത് സത്യത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്. അതും ഒരു സുഹൃത്ത് തന്ന പാകമല്ലാത്ത പഴയ പാന്റ്. കൈകൊണ്ട് പിടിച്ചില്ലെങ്കില്‍ ഊര്‍ന്നിറങ്ങിപ്പോകുന്ന ടൈപ്പ്. അന്നു മറ്റു കുട്ടികളുടെ മുഖത്ത് നിറഞ്ഞ പരിഹാസദ്യോതകമായ ചിരിയില്‍ മനസ്സ് നീറിയിട്ട് വീണ്ടും ഒറ്റമുണ്ട് തന്നെയാക്കി...

എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോഴാണ് ഒരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തത്. പലപല പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ആള്‍ക്കാരുടെയെല്ലാം മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളിവെളിച്ചത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന മധുരസ്വപ്നം എത്രയെത്രപ്രാവശ്യമാണ് കണ്ടിട്ടുള്ളത്. അതുപോലെ തന്നെയായിരുന്നു ഒരു പത്രപ്രവര്‍ത്തകനാവുകയെന്ന സ്വപ്നവും. മുഖം നോക്കാതെ പക്ഷം പിടിക്കാതെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ഫോടനാത്മകമായ ഭാഷയില്‍ എഴുതുന്ന ഒരു ചങ്കൂറ്റമുള്ള പത്രക്കാരന്‍. ആ ആഗ്രഹവും എന്റെ മനസ്സെന്ന ശവപ്പറമ്പില്‍ ഇപ്പോഴും വിശ്രമിക്കുന്നു. അന്ത്യകര്‍മ്മങ്ങള്‍ ശരിയായി ചെയ്യാത്തതുകൊണ്ടായിരിക്കാം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അത് തലയുയര്‍ത്തിപ്പിടിക്കുന്നുണ്ട്..

ആദ്യമായി ഒരു പെണ്‍കുട്ടി ഇങ്ങോട്ട് ഇഷ്ടമാണെന്ന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയ പോരാളിയുടെ ഭാവമായിരുന്നു. അവള്‍ എന്നെ പ്രണയിക്കണേ എന്ന പ്രാര്‍ഥനയുമായി എത്രയെത്ര രാവുകളും പകലുകളും ഞാന്‍ തള്ളിനീക്കിയിട്ടുണ്ട്. ജീവിതമെന്നൊന്നുണ്ടെങ്കില്‍ അവളുമൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണമെന്ന്‍ എത്രവട്ടം പ്രതിജ്ഞയെടുത്തു. അനുജത്തിയെ നല്ലൊരു ജീവിതപാതയിലെത്തിച്ച്, ശേഷം എന്റെ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്‍ കൊതിച്ചു. എന്നിട്ടെന്തായി. നാമാഗ്രഹിക്കുന്നതൊന്ന്‍ സംഭവിക്കുന്നതൊന്ന്‍....

ആഗ്രഹങ്ങള്‍ എന്നത് സത്യത്തില്‍ ശവപ്പറമ്പുകളാണ്. ഒരാളെ ജീവനോടെ കുഴിച്ചുമൂടുന്ന കുഴിമാടങ്ങള്‍. പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞ് മണ്ണോട് ചേരുന്നിടം....

പഠിച്ചു വലിയ ആളാവണമെന്ന ആഗ്രഹമൊക്കെ ഞാന്‍ എപ്പോഴേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. ഐ ടി ഐ ല്‍ നിന്നും പാസ്സായശേഷം പഠിത്തം ഞാന്‍ നിര്‍ത്തി. അമ്മ പോലുമറിയാതെ. രാവിലെ കൂലിപ്പണിക്ക് പോകാനായിറങ്ങിയ അമ്മയുടെ കയ്യില്‍ 200 രൂപാ കൊടുത്തപ്പോള്‍ എന്നെ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ഞാന്‍ മേസ്തിരിപ്പണിക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ചങ്കിലിരുന്ന്‍ പൊള്ളുന്നുണ്ട്. ദാരിദ്ര്യപേക്കോലമായ ഒരമ്മയുടെ മകനായിപ്പോയതില്‍ നിനക്ക് സങ്കടമുണ്ടോ എന്ന  ചോദ്യം മുഖത്തൊളിപ്പിച്ചുവച്ച് എനിക്കായി ഒഴുക്കിയ കണ്ണുനീരുമായുള്ള ആ നില്‍പ്പ് ഞാനെങ്ങിനെ മറക്കാനാണ്...

   കുട്ടിക്കാലം മുതലേ അനുഭവിച്ച, കണ്ടുപരിചയിച്ച ദുരിതങ്ങള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തുടരില്ല എന്ന്‍ ശപഥമെടുത്തിരുന്നിട്ടും എല്ലാ ദുശ്ശീലങ്ങളിലേയ്ക്കും ഞാന്‍ കൂപ്പുകുത്തി. നഷ്ടങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ അവയോടുള്ള പ്രതികാരമെന്ന നിലയിലായിരുന്നു ആ ചെയ്തികള്‍. മിയ്ക്കദിവസങ്ങളിലും പണം വച്ചുള്ള ചീട്ടുകളിയും മദ്യപാനവും പുകവലിയും. എന്റമ്മയുടെ കണ്ണുകള്‍ ഞാന്‍ വലുതായിട്ടും ഒരിക്കലും തോര്‍ന്നില്ല. എന്തുകൊണ്ടായിരിക്കാം ഞാനിങ്ങിനെയായത്. എന്റെ നശിച്ച ആഗ്രഹങ്ങള്‍ ഒന്നും തന്നെ നടക്കാതെ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നോ. അറിയില്ല....

ആകെയുള്ള ആശ്വാസം പുസ്തകങ്ങളായിരുന്നു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന ആ ശീലം വീണ്ടും ഞാനാരംഭിച്ചു. എം മുകുന്ദനും കേശവദേവും തകഴിയും മലയാറ്റൂരും പൌലാ കൊയ് ലയും കോനൻ‍ ഡോയലുമൊക്കെ എന്റെ ആരാധ്യരായി വീണ്ടും മാറി. വായനയുടെ ലഹരിയില്‍ ഒരു എഴുത്തുകാരനാവുക എന്ന ആഗ്രഹം പതിയെപ്പതിയെ തലപൊക്കാനാരംഭിച്ചു. ഉറക്കം വരാത്ത രാത്രികളില്‍ ചുമ്മാ പേപ്പറുകളില്‍ അതുമിതുമൊക്കെ എഴുതി വായിച്ചു നോക്കി ചുരുട്ടിക്കൂട്ടിക്കളഞ്ഞുകൊണ്ടിരുന്നതുതന്നെ മിച്ചം. അത്താഴപ്പട്ടിണിക്കാരനെവിടെയെഴുവാന്‍. എന്തെഴുതുവാന്‍..

കുടുംബത്തിന്റെ ദാരിദ്ര്യം എന്ന നശിച്ച അവസ്ഥയ്ക്കൊരു ശമനമുണ്ടാക്കുക എന്ന കഠിനവ്രതത്തോടെയാണ് ഒരിക്കലുമിഷ്ടമില്ലാതിരുന്നിട്ടുകൂടി സ്വന്തം നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്യുക എന്ന ശ്രമത്തില്‍ ഞാനുമെത്തിച്ചേര്‍ത്ത്. കണ്ണെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍ഭൂമിയില്‍ കണ്ണു നിറഞ്ഞ് നില്‍ക്കവേ എന്റെയീയാഗ്രഹമെങ്കിലും സഫലമാകണേ എന്നായിരുന്നു പ്രാര്‍ഥന. അതൊരളവുവരെ പരിഹരിക്കപ്പെട്ടെങ്കിലും എനിക്കെന്താണ് ബാക്കിയായത്. ഒരിക്കലുമവസാനമില്ലാത്തതെന്നു തോന്നിക്കുന്ന പ്രശ്നങ്ങള്‍. എന്നു തീരുവാനാണീ ദുരിതങ്ങള്‍...

നഷ്ടപ്പെടലുകള്‍ ഒരര്‍ത്ഥത്തില്‍ ഒരാളിന്റെ മരണമാണു. ആഗ്രഹിച്ചതൊന്നും സഫലമാക്കാനാവാത്തവന്‍ ശവത്തിനു തുല്യം തന്നെയാണു. നല്ല ഒരു നാളെ എന്നത് സ്വപ്നം മാത്രമാണെന്ന്‍ തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ജീവിക്കുവാന്‍ ആരംഭിക്കും. ഞാന്‍ ആ തിരിച്ചറിവിന്റെ പാതയിലാണോ..

ഞാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന പലതുമാണിപ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഞാനാഗ്രഹിച്ചിരുന്നതെന്ത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ത്. ചിലപ്പോള്‍ എന്നെ കരുണാമയനായ നാഥന്‍ അനുഗ്രഹിക്കുന്നതാവാം. അല്ലെങ്കില്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതാവാം. എല്ലാത്തിനേയും അതിജീവിക്കുവാന്‍ എനിക്ക് കഴിയുമായിരിക്കാം. ഇല്ലായിരിക്കാം.

ഇപ്പോഴന്റെ ഒരേയൊരഗ്രഹം ഒന്നുമൊന്നുമറിയാതെ ഉറങ്ങിക്കിടക്കവേ നിത്യമായ ഉറക്കത്തിലേയ്ക്കാണ്ടുപോകണേയെന്നു മാത്രമാണു......

ശ്രീക്കുട്ടന്‍

---------------------------
ചിത്രങ്ങൾ: ഗൂഗിൾ

25 comments:

  1. നഷ്ടപ്പെടലുകള്‍ ഒരര്‍ത്ഥത്തില്‍ ഒരാളിന്റെ മരണമാണു. ആഗ്രഹിച്ചതൊന്നും സഫലമാക്കാനാവാത്തവന്‍ ശവത്തിനു തുല്യം തന്നെയാണു. നല്ല ഒരു നാളെ എന്നത് സ്വപ്നം മാത്രമാണെന്ന്‍ തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ജീവിക്കുവാന്‍ ആരംഭിക്കും. ഞാന്‍ ആ തിരിച്ചറിവിന്റെ പാതയിലാണോ..

    വീണ്ടും നമിച്ചിരിക്കുന്നു ശ്രീ

    ReplyDelete
  2. ഇതു ശരിക്കും അനുഭവമാണോ, എഈവേദനയുടെ കുട്ടിക്കാലം..

    ReplyDelete
  3. ആഗ്രഹങ്ങള്‍ ഒന്നുമില്ലാതായാല്‍ ജീവിതം എത്ര വിരസമാണല്ലേ?സ്വപ്‌നങ്ങള്‍ അല്ലെ ഒരര്‍ത്ഥത്തില്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .പ്രതീക്ഷകളുടെ പച്ചപ്പ് ഉണ്ടാകുമ്പോള്‍ ഏതു കൊടിയ വേനലും നാം മറക്കും .പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു നടന്ന പ്രിയ കൂട്ടുകാരന് എന്‍റെ നിറഞ്ഞ സ്നേഹം ...

    ReplyDelete
  4. ഏതു പ്രതികൂലാവസ്ഥയും സഹിച്ച് ആഗ്രഹപൂരണത്തിനായി മനുഷ്യന്‍ ചെയ്യുന്ന ഈ പെടാപ്പാടല്ലേ ലോകാത്ഭുതങ്ങളില്‍ ഇനിയുമൊന്ന്..!!
    ഹൃദയത്തില്‍ ഒരു മുള്ളു കൊണ്ടു ശ്രീക്കുട്ടാ.
    എല്ലാഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..

    ReplyDelete
  5. വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു തേങ്ങല്‍. നന്നായി എഴുതിയിരിക്കുന്നു. ആഗ്രഹങ്ങള്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ ആവില്ല, എന്തിനു മരണത്തിന്റെ തൊട്ടു മുന്‍പ് പോലും അവ നമ്മുടെ ഉള്ളില്‍ കാണും.

    ReplyDelete
  6. പ്രീയരേ,

    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...

    ReplyDelete
  7. അതാണ്‌ മകനേ ജീവിതം....

    ReplyDelete
  8. ഹലോ ശ്രേകുട്ടന്‍ ചേട്ടാ എനിക്ക് ഒരു സഹായം ചെയ്യ്തു തരുമോ?

    ReplyDelete
    Replies
    1. എന്താണു കുട്ടാ. ചോദിച്ചുകൊള്ളൂ. എന്നെക്കൊണ്ട് കഴിയുന്ന സഹായമാണെങ്കില്‍ തീര്‍ച്ചയായും ചെയ്തുതരാം..

      Delete
    2. എങ്ങനെയാണ് എന്‍റെ ബ്ലോഗില്‍ എഴുതിയത് ഇ മഷിയില്‍ പോസ്റ്റ്‌ ചെയ്യുക ചേട്ടന്‍റെ ഇമെയില്‍ എന്താ

      Delete
    3. malayalambloggers@gmail.com ബ്ലോഗ് ലിങ്കും ഫോട്ടോയും ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണെങ്കിൽ ആ ലിങ്കും അയക്കാൻ ശ്രദ്ധിക്കുക.

      Delete
    4. ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയവരെ പോലെ അത്ര വലിയ സംബവമോന്നുംമല്ല എന്നാലും എന്‍റെ കഥ അയച്ചു തന്നാല്‍ ഇതില്‍ വരും എന്ന് പ്രദീക്ഷിക്കുന്നു

      Delete
    5. ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയവരെ പോലെ അത്ര വലിയ സംബവമോന്നുംമല്ല എന്നാലും എന്‍റെ കഥ അയച്ചു തന്നാല്‍ ഇതില്‍ വരും എന്ന് പ്രദീക്ഷിക്കുന്നു

      Delete
    6. താങ്കൾ രചനകൾ അയക്കൂ...

      Delete
  9. ഇരുളും വെളിച്ചവും നിറഞ്ഞ ജീവിത യാത്ര...

    ReplyDelete
  10. നന്നായി , ജീവിതം ഇങ്ങനെ ഓക്കേ ആണെങ്കില്‍ ഈ തുറന്നെഴുതിനെ അഭിനന്ദിക്കുന്നു സ്നേഹപൂര്‍വ്വം പുണ്യവാളന്‍

    ReplyDelete
  11. ജീവിക്കുന്ന ഓരോ നിമിഷവും ജീവിക്കുക...ജീവിക്കുവാന്‍ പോകുന്ന , അകലെ മാറി നില്‍ക്കുന്ന നമുക്കറിയാത്ത നിമിഷങ്ങളെ ഓര്‍ത്തു നാമെന്തിനു ഉല്‍ക്കണ്ഠപ്പെടണ൦...! നല്ലോരെഴുതു ശ്രീ..

    ReplyDelete
  12. ആഗ്രഹങ്ങള്‍ കൂമ്പാരമാകുമ്പോള്‍ ജീവിതം തന്നെ ഒരു ഭാരമാകുന്നു... ഹ ഹ ഹ ഹ...

    ReplyDelete
  13. എല്ലാ സ്നേഹിതര്‍ക്കും നന്ദി..വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും..

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ശ്രീ... വേദന എങ്ങനെയാണ് നന്നായിരിക്കുന്നു എന്ന് പറയാന്‍ കഴിയുക....?വായിച്ചു.

    ReplyDelete
  16. അനുഭവത്തിന്റെ ചൂരും ചൂടും വേണ്ടുവോളമുള്ള എഴുത്ത്. കഷ്ടപ്പാടുകൾ നിറഞ്ഞൊരു ബാല്യമെനിക്കുമെണ്ടെങ്കിലും, ഇത് എന്നെയും വേദനിപ്പിച്ചു..

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലൂടെ ഒരു സഞ്ചാരം ........നന്നായിട്ടുണ്ട്

    ReplyDelete