Monday, September 10, 2012

ഗുരു ദേവോ ഭവ:

  റോഷൻ പി എം
അനുഭവം, കഥ
http://www.roshanpm.blogspot.com/



    കുറച്ച് കാലം പുറകിലേക്ക് പോവേണ്ടി വരും. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആക്കേണ്ട, കാമറയില്‍ കൊടാക്കിന്റെയും കോണിക്കയുടെയും ഫിലിം ലോഡ്‌ ചെയ്തിരുന്ന കാലം. അക്കാലത്താണ് ഇഞ്ചിനീര് ആയിക്കളയാമെന്ന അത്യാഗ്രഹത്തോടെ വിനയന്‍ ആ കലാലയത്തിലേക്ക് കാലെടുത്ത് വച്ചത്. മാഷ്‌ന്മാരെ തൃണവല്‍ഘണിച്ചിരുന്നൊരു പ്രീഡിഗ്രീ പാരമ്പര്യവുമായെത്തിയ വിനയനായി കിരീടവും ചെങ്കോലുമായി കാത്തിരിക്കുകയായിരുന്നു, കുറെ എന്‍ ആര്‍ ഐ, പ്ലസ്‌ ടു ബ്രോയിലര്‍ പയലുകള്‍ ‍! സ്നേഹാദരങ്ങളോടെ സഹപാഠികള്‍ സമ്മാനിച്ച സിംഹാസനം അരക്കിട്ടുറപ്പിക്കാനായി, വിനയന്‍ ഒളിഞ്ഞും തെളിഞ്ഞും തരം കിട്ടുമ്പോഴെല്ലാം വേണ്ടവിധം സാറ്ന്മാരെ ബഹുമാനിച്ചു. ചിലപ്പോഴെങ്കിലും ഭാവിയില്‍ ഇതൊരു പണിയാവില്ലേയെന്നു സംശയം തോന്നിയിരുന്നെങ്കിലും, കിട്ടിയ കസേര കൈവിട്ട് കളയാന്‍ മനസ്സ് വന്നില്ല.
എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ - ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കം കാണും. ഓരോ തലമുറയും ആ ജീനിനെ ചുട്ട് പഴുപ്പിച്ച്, കൂര്‍പ്പിച്ച് അടുത്ത തലമുറക്ക് കൈമാറും. പലപ്പോഴും പിള്ളേര് തമ്മിലുള്ള ഈ കലിപ്പ്, ഒരു ഫുള്‍ ഓ സി ആറിന് മുന്നിലോ, ഒരു ചുരിധാറ്‌ ഷാളിന് പുറകിലോ, ഒരു തല്ലിന് ശേഷമോ ഒക്കെയങ്ങിട് തീരാറാണ് പതിവ്. അദ്ധ്യാപകര്‍ക്ക് അങ്ങിനെയങ്ങിട് താഴാന്‍ കഴിയില്ലല്ലോ? കൊടും ഭീകരനായി വിലസിയിരുന്ന കരുണന്‍ മാഷിനെതിരെയുള്ള വിനയന്‍റെ ആക്രമണങ്ങള്‍ക്ക്, തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രോത്സാഹനം മെക്കാനിക്കല്‍ മാഷ്‌ന്മാര്‍ എപ്പോഴും നല്‍കിയിരുന്നു. നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും അവര്‍ അവനെയനുഗ്രഹിച്ചു. പതുക്കെ പതുക്കെ വിനയന്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിനെതിരെയുള്ള, വിശിഷ്യാ കരുണന്‍ മാഷിനെതിരെയുള്ള  മെക്കാനിക്കല്‍ വിഭാഗത്തിന്‍റെ വജ്രായുധമായി മാറി. ഇതിനെടയിലെപ്പോഴോ എഞ്ചിനിയറാവുകയെന്ന സ്വപ്നത്തിന് നിറം മങ്ങിയിരുന്നു.
കാലത്തിന് വല്ലാത്തൊരു വേഗതയാണ്, പ്രത്യേകിച്ച് ജീവിതത്തിലെ സുവ്വര്‍ണ്ണകാലഘട്ടത്തിന്. ഇയര്‍ ഔട്ട്‌ ഒന്നുമില്ലാതിരുന്നത് കൊണ്ട് തടസ്സമൊന്നും കൂടാതെ വിനയന്‍ ആറാം സെമെസ്റ്ററില്‍ എത്തി. കാലത്തിന്‍റെ ഈ മലവെള്ളപ്പാച്ചിലിനിടയില്‍ വിനയന്‍ കുറച്ച് പരീക്ഷകള്‍ എഴുതുകയും, കുറേ എണ്ണം സ്കൂട്ട് ചെയ്യുകയും ചെയ്തു. എഴുതിയതിലധികവും പൊട്ടി. റെക്കോഡ്‌ ബുക്ക്‌  വാങ്ങിക്കണം, കളം വരച്ചതിലെഴുതണം, ഗ്രാഫ്‌ വരക്കണം, ഓരോ ആഴ്ചയിലും മാഷിന്‍റെ ഒപ്പ് വാങ്ങിക്കണം... ഇങ്ങിനെ ഒരു പാട് കടമ്പകള്‍ ഉള്ളത് കൊണ്ട് ലാബ് എക്സാം എഴുതാനൊന്നും ഇത് വരെ വിനയന് കഴിഞ്ഞിട്ടില്ല. പക്ഷെ കാര്യങ്ങള്‍ ഇപ്പോള്‍ പഴയപോലെ നിസ്സാരവല്‍ക്കരിച്ച് കാണാന്‍ കഴിയില്ല. ബാക്ക് പേപ്പറുകളുടെ കൃത്യമായ കണക്ക് ആരോ വീട്ടിലെത്തിച്ചിരിക്കുന്നു. അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ... അത് വായനക്കാരന്‍റെ സ്വാതന്ത്ര്യത്തിന് വിടുന്നു. എങ്ങിനെയും പരീക്ഷകളെഴുതി പാസ്സാവുകയെന്നൊരു പോംവഴിയെ മഹാരാജാവ് വിനയന്‍റെ മുന്നില്‍ ഇപ്പോള്‍ ബാക്കിയുള്ളൂ. ആദ്യ പരീക്ഷ ഇലക്ട്രിക്കല്‍ ലാബ്. തികച്ചും നീതിപൂര്‍വവും നിക്ഷപക്ഷവുമായ രീതിയിലാണ് കാലാകാലങ്ങളായി  ലാബ് എക്സാമുകള്‍ നടത്തുന്നത്. എല്ലാ പരീക്ഷണങ്ങളും ഓരോ കടലാസിലെഴുതി ചുരുട്ടി ഒരു പാത്രത്തില്‍ ഇട്ടേക്കും. ഓരോരുത്തരായി വന്ന് ഓരോന്നെടുക്കണം, അതിലെഴുതി വെച്ചിട്ടുണ്ടാകും ഓരോരുത്തന്‍റെയും തലവര. സ്വയം തിരഞ്ഞെടുക്കുന്നതായത് കൊണ്ട് വിധിയെ പഴിക്കണോ, ദൈവത്തെ സ്തുതിക്കണോ എന്നുള്ളതൊക്കെ വ്യക്തിസ്വാതന്ത്ര്യം.
ലാബ് എക്സാമൊക്കെ വെറും ചീള് കേസ് കെട്ടാണെന്ന് വിനയനും കേട്ടിട്ടുണ്ട്. പോരാത്തതിന് സകല പരീക്ഷണങ്ങളുടെയും കൃത്യമായ അളവുകള്‍ രേഖപ്പെടുത്തിയ റെഡ്യുസ്ട് ഫോട്ടോകോപ്പി, പതിനാറായി മടക്കി അരയില്‍ തിരുകിയിട്ടുമുണ്ട്. ലാബ് അറ്റന്‍ഡര്‍മാരൊക്കെ യൂണിയന്‍റെ ആളുകളാണ്, അവരൊക്കെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. വിനയന്‍റെ പകുതി ചെയ്ത് കഴിഞ്ഞു, ഇനി... ഇനിയും വൈകിയിട്ടില്ല, സഖാവ് വിനയന്‍ മൂത്രപുരയില്‍ കേറി വാതിലടച്ച്‌ വിശദമായിത്തന്നെ പ്രാര്‍ഥിച്ചു. എരക്കലും ഏറ്റുപറച്ചിലുമൊക്കെ കഴിഞ്ഞ് ലാബില്‍ എത്തിയപ്പോഴേക്കും, ബാക്കി പിള്ളേരെല്ലാം പരിപാടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു. പുതിയപെണ്ണ് അറയിലേക്ക് കേറും പോലെ മന്ദം മന്ദം നടന്നടുത്ത വിനയന്‍ നാണത്തോടെ തലയുയര്‍ത്തിയൊന്നു നോക്കി. ഒന്നേ നോക്കിയുള്ളൂ, തന്‍റെ പ്രിയ കുരുവായ കരുണന്‍ മാഷ്‌!! മാഷ്‌ ചിരിക്കുകയാണ്. വല്ലാത്തൊരു ചിരി!  എങ്ങിനെയിത്ര കൃത്യമായി കരുണന്‍ മാഷിന് തന്നെയിന്ന് ലാബിന്‍റെ ചാര്‍ജ്ജ് കിട്ടി?
മാഷ് : എന്താ വിനയാ ഈ വഴിയൊക്കെ?
വിനയന്‍ : അത് മാഷേ... ഞാന്‍ പിന്നെ... പരീക്ഷക്ക്‌ ...
മാഷ് : നീ മാഷേന്നൊന്നുമല്ലല്ലോ സാധാരണയെന്നെ വിളിക്കാറ്?
വിനയന് ഒന്നും മിണ്ടാന്‍ സാധിച്ചില്ല. മാഷിന് " കറണ്ട് കരുണന്‍ " എന്ന പേര് സമ്മാനിച്ചതിലും, അതിന് പ്രചുരപ്രചാരം നേടികൊടുത്തതിലും വിനയന്‍റെ പങ്ക് ഏവര്‍ക്കും അറിയാം.
മാഷ് : വല്ലതുമൊക്കെ പഠിച്ച് പാസ്സായാല്‍ നിനക്ക് കൊള്ളാം, ആ ഇരിക്ക്
വിനയന്‍ : വേണ്ട സാറേ, ഞാനിവിടെ നിന്നോളാം ...
മാഷ് : ഇരിക്കെടോ. മാഷിന്‍റെ ശബ്ദം ഉയര്‍ന്നു.
അതിവിനയം ഇനിയിവിടെ വിലപോവില്ലെന്ന് മനസിലാക്കിയ വിനയന്‍ ചാടികേറി സ്റ്റൂളിന്‍റെ അരിക് ചേര്‍ന്നിരുന്നു. മേശപുറത്തിരിക്കുന്ന ചൂടന്‍ ചായയുടെ ആവിയും പരിപ്പുവടയുടെ മണവും കൂടി മൂക്കിലേക്കടിച്ച് കയറി. പരിപ്പ് വടയെയും പാര്‍ട്ടിയേയും കുറിച്ച് കോളേജുമാഗസിനില്‍ താനെഴുതിയ കവിതയെ കുറിച്ചാണപ്പോള്‍ വിനയനോര്‍മ്മ വന്നത്. ഇനി കരുണന്‍ മാഷ്‌ നമ്മുടെ പാര്‍ട്ടിക്കാരനായിരുന്നോ?
മാഷ് : എടുത്തോ വിനയാ ...
വിനയന്‍ പ്ലേറ്റില്‍ നിന്ന് കണ്ണെടുത്തു. ഇപ്പോള്‍ മാഷിന്‍റെ ശബ്ദം നന്നേ സൗമ്യമായിരിക്കുന്നു. വിനയന്‍റെ മനസ്സില്‍ ഒരായിരം ചെങ്കൊടികള്‍ പാറി പറന്നു. വ്യക്തിവിധ്വേഷങ്ങള്‍ക്കും വളരെ മുകളിലാണ് ഓരോ സഖാവിനും പാര്‍ട്ടി കൂറ്
വിനയന്‍ : വേണ്ട സാര്‍
മാഷ് : എടുക്ക് വിനയാ ...
വിനയന്‍ :  ഇല്ല മാഷേ, ഇപ്പൊ വേണ്ട ....
മാഷ് : എടുക്കുന്നുണ്ടെങ്കില്‍ വേഗം എടുക്കെടാ... വെറുതെ മനുഷ്യന്‍റെ സമയം മെനക്കെടുത്താതെ...
മാഷിന്‍റെ ശബ്ദം വീണ്ടുമുയര്‍ന്നു. സ്നേഹനിര്‍ഭരമായ ആ ക്ഷണം വീണ്ടും നിരസിക്കുന്നത് പന്തിയല്ലെന്നു മനസ്സിലാക്കിയ വിനയന്‍, ചാടി കേറി പ്ലേറ്റില്‍ നിന്നൊരു പരിപ്പ് വടയെടുത്ത് കഴിച്ച് തുടങ്ങി.
റെക്കോര്‍ഡ് ബുക്കില്‍ നിന്ന് കണ്ണെടുത്ത കരുണന്‍ മാഷ് ചിരി തുടങ്ങും മുന്‍പേ തന്നെ ചുറ്റിലും നിന്നുള്ള ചിരിയുടെ എക്കോകള്‍ അവിടെയലയടിച്ചു. ഒന്നും മനസിലായില്ലെങ്കിലും, എന്തോ പറ്റിയെന്ന് തിരിച്ചറിഞ്ഞ വിനയന്‍ മെല്ലെ ലാബില്‍ നിന്ന് പുറത്തേക്ക് നടന്നു. ചോരയും നീരും കൊടുത്ത് വിനയന്‍ പ്രചരിപ്പിച്ച "കറണ്ട് കരുണന്‍ " എന്ന പേരിനേക്കാള്‍ ജനസമ്മതി, പില്‍ക്കാലത്ത് "പരിപ്പ് വട വിനയന്‍ " എന്ന പേരിന് ലഭിച്ചുവെന്നത് ചരിത്രം.

---------------------------------------------------------------------------------

അപമാനിതനായ വിനയന് തിരിച്ചടിക്കാനോ, കൊഴ്സ് വിട്ട് പോവാനോ കഴിയുമായിരുന്നില്ല. ഇപ്പോള്‍ വിനയന്‍റെ മുന്നിലുള്ളത് വരാന്‍ പോവുന്ന രണ്ട് സെമെസ്റ്ററുകളും, ഇരുപത്തിനാല് ബാക്ക് പേപ്പറുകളും മാത്രമാണ്. അപ്പോഴേക്കും തന്‍റെ ആരാധകവൃന്ദത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്വാശ്രയ/എന്‍ ആര്‍ ഐ പിള്ളേരും താനും തമ്മിലുള്ള വ്യത്യാസം വിനയന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. കഠിനമായ പഠനത്തിലേക്ക് തിരിഞ്ഞതോടെ വിനയന്‍റെ മനസ്സിലും, നാക്കിലും സദാ ടിമോഷെങ്കോയും, തെരെജയും, ഭട്ടും, ഭാട്ട്യയുമെല്ലാം മാത്രം. അതുകൊണ്ട് ഭക്തരെ പിരിച്ച് വിടാന്‍ കണ്ണീര്‍ വാതകമൊന്നും പൊഴിക്കേണ്ടി വന്നില്ല. കൂട് മാറിയ വിനയനെ ക്ലാസിലെ അധകൃത വര്‍ഗ്ഗമായിരുന്ന ബുജികള്‍ ഏറ്റെടുത്തു. പിന്നെയങ്ങ്ട് കംബൈന്‍ സ്റ്റടികളുടെയും നൈറ്റ്‌ ഔട്ടുകളുടെയും പരീക്ഷാ സീസണുകളുടെയും ദിനരാത്രങ്ങള്‍ .... പരീക്ഷകള്‍ എഴുതി തുടങ്ങിയപ്പോഴാണ് വിനയന് പലതും മനസ്സിലായത്. ടോട്ടല്‍ നൂറ്റമ്പതിലാണ് പരീക്ഷ, അതില്‍ എഴുപത്തിയഞ്ച് മാര്‍ക്കുണ്ടെങ്കിലെ പാസ്സാവൂ. നൂറ്റമ്പതില്‍ നൂറ് യുനിവേര്സിടി പരീക്ഷക്കും, അമ്പത് ഇന്‍റെണലിനും . ഇന്‍റെണല്‍ എന്നാല്‍ പഠിപ്പിക്കുന്ന മാഷുമാരുടെ ഇഷ്ട്ടധാനം. അവരെ കാണുമ്പോള്‍ എണീറ്റു നില്‍ക്കുന്നതിനും, തല ചൊറിയുന്നതിനും, സോപ്പിടുന്നതിനും, കുശുമ്പ് പറയുന്നതിനും അങ്ങിനെ എല്ലാത്തിനും പ്രത്യേകം പ്രത്യേകം മാര്‍ക്കുണ്ട്. ഇന്‍റെണലിന് സാധാരണ അമ്പതില്‍ മുപ്പത്തഞ്ചില്‍ താഴാതെ എല്ലാവര്‍ക്കും കൊടുക്കും. വിനയനൊഴികെയെന്നു പ്രത്യേകം പറയണ്ടല്ലോ. ഇപ്പോഴാണ് കുരുത്തകേടില്‍ തനിക്കെതിരാളികളുണ്ടാവാതിരുന്നതിന്റെയും, പലപ്പോഴും കിട്ടാതെ പോയിരുന്ന പരസ്യപിന്തുണകളുടെയുമെല്ലാം യാഥാര്‍ത്ഥ കാരണം വിനയന് വെളിവായത്. സകലരും യൂനിവേര്‍സിറ്റി പരീക്ഷയില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങി പാസാവുമ്പോള്‍ , വിനയന് ആ കടമ്പ കടക്കണമെങ്കില്‍ അമ്പതും അറുപതും എഴുപതും മാര്‍ക്ക്‌ വേണം!!
നൂറില്‍ എഴുപത് മാര്‍ക്കോ പാസാവാന്‍?? അതെ തന്‍റെ പ്രിയ കുരു കരുണന്‍ വിനയന് സമ്മാനിച്ചത് വെറും അഞ്ച് മാര്‍ക്ക്. മുടങ്ങാതെ കരുണന്‍ മാഷിന്‍റെ ക്ലാസില്‍ കയറിയതിനുള്ള പ്രതിഫലം! യൂനിവേര്‍സിറ്റിയുടെ ചരിത്രത്തില്‍ ഇന്നേ വരെ "ഇലക്ട്രിക്കല്‍ " എന്ന വിഷയത്തിന് കിട്ടിയ ഏറ്റവുമുയര്‍ന്ന മാര്‍ക്ക്‌ അറുപത്തി എട്ടാണെന്ന് കൂടിയറിഞ്ഞതോടെ, ആറു മണിക്കൂറായി ചുരുക്കിയ ഉറക്കത്തെ വിനയന്‍ വീണ്ടും ചുരുക്കി. പരീക്ഷയുടെ തലേന്ന് മുന്നൂറ് പേജോളം വരുന്ന ടെക്സ്റ്റ്ബുക്കിന്‍റെ ആദ്യാവസാനം "തത്തമ്മേ പൂച്ച പൂച്ച" എന്ന മട്ടില്‍ വിനയന് പറയാന്‍ കഴിയുമായിരുന്നു. പരീക്ഷയുടെ തലേ ദിവസം മുതലേ വല്ലാത്തൊരു ടെന്‍ഷന്‍ (ഇങ്ങിനെയും മാറോ മനുഷ്യര്‍ !! ) .
പരീക്ഷ തുടങ്ങി വിറ കൈയ്യോടെ ചോദ്യപേപ്പര്‍ വാങ്ങിയ വിനയന്‍ ആര്‍ത്തിയോടെ ചോദ്യങ്ങള്‍ മറിച്ചു നോക്കി. ഭാഗ്യം ഔട്ട്‌ ഓഫ് സിലബസ്സ് ഒന്നുമില്ല. വിനയന്‍റെ പേനയില്‍ നിന്ന് ഉത്തരങ്ങള്‍ അനര്‍ഗളനിര്‍ഗളം പ്രവഹിച്ചു. അറിയാവുന്ന അഞ്ചെണ്ണം, രണ്ടില്‍ ഏതെങ്കിലുമൊന്ന് അങ്ങിനെ വച്ച് നീട്ടിയ ഔദാര്യങ്ങളെല്ലാം വിനയന്‍ തിരസ്കരിച്ചു. വേണ്ട  ഉത്തരങ്ങള്‍ നോക്കുന്ന സാറ് തിരഞ്ഞെടുത്തോട്ടെ. എല്ലാ ചോദ്യങ്ങള്‍ക്കും ടെക്സ്റ്റ്ബുക്കിലെ പ്രസക്തഭാഗങ്ങളില്‍ നിന്ന്  പേജ് നമ്പറൊഴികെ ബാക്കി മുഴുവനും എഴുതി. ഉത്തരങ്ങള്‍ പലയാവര്‍ത്തി വായിച്ച് നോക്കി. തിരുത്താനൊന്നും ഉണ്ടായിരുന്നില്ല. വിനയന്‍ വാച്ച് നോക്കി, ഇനിയും ഒരു മണിക്കൂറോളം ബാക്കിയുണ്ട്. എണീറ്റ് പോവാന്‍ തോന്നിയില്ല, അവിടെ തന്നെയിരുന്നു (ഇങ്ങിനെയും മാറോ മനുഷ്യര്‍ !! ). പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിയാതെ ആരെയും ഹാള്‍ വിട്ട് പോവാന്‍ അനുവദിക്കില്ലെന്നതാണ് നിയമം. ആ അര മണിക്കൂര്‍ തള്ളി നീക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു, കഴിഞ്ഞ വര്‍ഷം വരെ വിനയന്. ഈ അര മണിക്കൂറാണ്  'ചോദ്യകടലാസ്സ് ഉത്തരകടലാസില്‍ പകര്‍ത്തി വെക്കുക', 'നോക്കുന്ന മാഷിന് കത്തെഴുതുക', 'മോഡേണ്‍ ആര്‍ട്ടിന്‍റെ അനന്തസാധ്യതകളെ തൊട്ടറിയുക'... തുടങ്ങിയ കലാപരിപാടികളിലൂടെ ആത്മസാക്ഷാത്കാരം നേടാന്‍ മാറ്റിവെച്ചിരുന്നത്. ഇതേ വിഷയത്തിലെ ഇന്‍റെണല്‍ പരീക്ഷക്ക്‌ ട്രാന്‍സ്ഫോര്‍മറിന്‍റെ സര്‍ക്ക്യുട്ട് വരക്കാനുള്ള ചോദ്യത്തിന്, നാല് പോസ്റ്റില്‍ നില്‍ക്കുന്ന കവലയിലെ ട്രാന്‍സ്ഫോര്‍മറും, അതിലെ അപായം ബോര്‍ഡും, അതില്‍ കാക്ക തൂറിയതും, അപ്പണി പറ്റിച്ച കാക്കയുമെല്ലാമുള്ള  ചിത്രം വരച്ചതും, അതിന് കരുണന്‍ മാഷിന്‍റെ പ്രത്യേക പരാമര്‍ശം നേടിയതുമെല്ലാം വിനയന്‍ വേദനയോടെ അവിടെയിരുന്നോര്‍ത്തു. മൂന്ന് മണിക്കൂര്‍ തികഞ്ഞപ്പോള്‍ മാഷ്‌ വന്ന് ഉത്തരകടലാസ്സുകള്‍ വാങ്ങിച്ചു. ആ പരീക്ഷ സീസണില്‍ വിനയന്‍ റെഗുലര്‍ പേപ്പറുകള്‍ അടക്കം ഇരുപതോളം പരീക്ഷകള്‍ എഴുതി തള്ളി.
പരീക്ഷയൊക്കെ എഴുതി, നടു നിവര്‍ത്തേണ്ട താമസം അടുത്ത സീസണ്‍ ഇങ്ങെത്തി. കഴിഞ്ഞ സീസണിലെ റിസള്‍ട്ടുകള്‍ വരി വരിയായെത്തിത്തുടങ്ങി. ഇലക്ട്രിക്കലിന് യൂണിവേര്‍സിറ്റിയിലെ സര്‍വ്വകാല റെകോര്‍ഡ് തിരുത്തികുറിച്ച വിനയന്‍ അറുപത്തി ഒമ്പത് മാര്‍ക്കോടെ തോറ്റു!!! അത്തവണ വിനയന്‍ പരാജയപ്പെട്ട ഏക വിഷയം അതായിരുന്നു. വിനയന് തളരാനാവില്ലായിരുന്നു, റീ-വാല്യുവേഷന് അപ്ലൈ ചെയ്തു. അറുപത്തി ഒമ്പത് മാര്‍ക്ക് കിട്ടിയിട്ടും പോരായെന്ന് പറയുന്നവനെ അവഗണിക്കാനുള്ള സാമാന്യ ബുദ്ധിയെല്ലാം യൂനിവേര്‍സിറ്റി ക്ലര്‍ക്കുമാര്‍ക്ക് ഉണ്ടെന്നറിഞ്ഞ് കൊണ്ട് തന്നെ. കഥയെല്ലാമറിഞ്ഞ കരുണന്‍ മാഷ്‌, വിനയനെ സ്റ്റാഫ്‌ റൂമില്‍ വിളിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്, കരുണന്‍ മാഷ്‌  വിനയനെ കടിച്ച് കീറി. ഈ സെമസ്ററിലും കരുണന്‍ മാഷ്‌ ഒരു വിഷയം പഠിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ വിനയന്‍ വിനയനായി തന്നെ നിലകൊണ്ടു. ശകാരിച്ചും വെല്ലുവിളിച്ചും ക്ഷീണിച്ചപ്പോള്‍ കരുണന്‍ മാഷ്‌ എഴുന്നേറ്റ് പോയി, പുറകെ വിനയനും.

ഏഴാം സെമസ്റ്റര്‍ ദൃക്സാക്ഷിയായത് ഒന്നാം ബെഞ്ചിലിരുന്ന് പഠിക്കുന്ന പുതിയൊരു വിനയനെയാണ്. വിനീതവിധേയനായ സര്‍വ്വംസഹനായ വിനയനെ മുഴുവന്‍ സാറുന്മാരും സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. അപ്പോഴും ചാഞ്ഞ കൊമ്പില്‍ ഓടി കേറാന്‍ തന്നെയായിരുന്നു കരുണന്‍ മാഷിന് താല്‍പ്പര്യം. പക്ഷെ വിനയന്‍ അതൊന്നും വകവച്ചില്ല, കരുണന്‍ മാഷേ വീണ്ടും വീണ്ടും സ്നേഹിച്ചു, ബഹുമാനിച്ചു. മാഷും ഇതൊന്നും വകവെച്ചില്ല. സെമസ്റര്‍ തീരാനായി. റീ-വാല്യുവേഷനില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കഴിഞ്ഞ തവണ അറുപത്തൊമ്പത് വാങ്ങിക്കാമെങ്കില്‍ ഇത്തവണ എഴുപത് വാങ്ങിക്കാന്‍ കഴിയുമെന്ന് വിനയന്‍ സ്വയം ആശ്വസിച്ചു.
അങ്ങിനെയിരിക്കെയാണ് ആ വാര്‍ത്ത‍ ഇടിത്തീ പോലെ വിനയന് മേല്‍ വന്ന് പതിച്ചത്. ഇത്തവണയും കരുണന്‍ മാഷ്‌, ഇന്റേണല്‍ മാര്‍ക്ക് ചവിട്ടാനുള്ള പദ്ധതിയിലാണ്. ബുജി കേന്ദ്രത്തില്‍ നിന്നുള്ള വാര്‍ത്തയായത് കൊണ്ട് വെറുതെ തള്ളികളയാനും കഴിയുന്നില്ല. നിദ്രാവിഹീനങ്ങളായ രാവുകളില്‍ വിനയന്‍ പല തവണ കൂട്ടിയും കിഴിച്ചും നോക്കി. ഒരു വഴിയും തെളിഞ്ഞ് വരുന്നില്ല. പുസ്തകങ്ങളിലോ ക്ലാസ്സ്‌ മുറികളിലോ മനസ്സുറക്കുന്നില്ല. ഇനിയും ഈ അനിശ്ചിതത്വം താങ്ങാന്‍ കഴിയില്ലെന്ന് വിനയന് ബോദ്ധ്യമായി. മാര്‍ക്ക്‌ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് കരുണന്‍ മാഷിനെ ഒന്ന് കൂടി കണ്ട്നോക്കാമെന്ന തീരുമാനത്തിലെത്തി. അന്ന് കോളേജ് വിട്ടിട്ടും പോവാതെ കരുണന്‍ മാഷെ കാത്ത് വിനയന്‍ നിന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ കരുണന്‍ മാഷ്‌ ആളൊഴിഞ്ഞ ഇടനാഴിയിലൂടെ നടന്നടുത്തു. വിനയന്‍റെ ഹൃദയമിടിപ്പുകള്‍ മാഷിന്‍റെ കാലടിശബ്ദത്തെക്കാള്‍ ഉച്ചസ്ഥായില്‍ മുഴങ്ങി. ഇരുട്ട് വീണ ക്ലാസ്സ്മുറിയുടെ വാതില്‍ക്കല്‍ നിന്ന് ദയനീയമായി മാഷിനെ വിളിച്ചു.
വിനയന്‍ : മാഷേ
മാഷ്‌ : ഇതാര് നമ്മുടെ വിനയനോ? എന്താടാ ഈ സമയത്തിവിടെയൊരു ചുറ്റികളി?
വിനയന്‍ : ഞാന്‍ മാഷേ കാത്ത് നില്‍ക്കുകയായിരുന്നു
മാഷ്‌ : എന്തിനാണാവോ?
വിനയന്‍ : മാഷിനോട് ക്ഷമ ചോദിക്കാന്‍.
മാഷ്‌ : വോ.. വരവ് വെച്ചടെയ്‌....  കരുണന്‍ മാഷ്‌ മുന്നോട്ട് നടക്കാനാഞ്ഞു.
വിനയന്‍ : പിന്നെ മാഷേ..
മാഷ്‌ : ഹും ?
വിനയന്‍ : ഇത്തവണ എനിക്ക് ഇന്റെണല്‍ മാര്‍ക്ക്‌ മുപ്പത്തിയഞ്ചെങ്കിലും വേണം മാഷേ..
മാഷ്‌ : ഹ ഹ ഹാ അപ്പൊ അതിനായിരുന്നു ഈ മാപ്പ് പറച്ചിലും കുമ്പസാരവുമെല്ലാം. എടാ നിന്‍റെ ഈ നാടകാഭിനയം കണ്ട് കരളലിയുന്ന കുറേ പൈങ്കിളി ടീച്ചര്‍മാര്‍ കാണും അവരോട് മതി ഈ വേഷം കെട്ടല്‍ 
വിനയന്‍ : മാഷേ കഴിഞ്ഞ തവണ മാഷെനിക്ക് അഞ്ച് മാര്‍ക്കാണ് തന്നത്, ഒരു മാര്‍ക്ക് കൂടി തന്നിരുന്നെങ്കില്‍ ഞാനതിപ്പോ പാസ്സായേനെ
മാഷ്‌ : അന്നെനിക്കറിയില്ലായിരുന്നല്ലോ നീ കൂട്ടിയാലിത്രയും കൂടുമെന്ന്. എന്തായാലും ഇത്തവണ എന്റെ കയ്യില്‍ നിന്ന് ആ അഞ്ച് പോലും പ്രതീക്ഷിക്കണ്ട.
കണ്ണിലിരുട്ടും, മനസ്സില്‍ പകയും പുകഞ്ഞ് കേറിയൊരു നിമിഷത്തില്‍ അതിവിനയത്തിന്‍റെ തോട് പൊളിച്ച് യഥാര്‍ത്ഥ വിനയനവതരിച്ചു. പടാ.. പടാന്ന് ഉള്ള അടി കൊണ്ട് വീണ കരുണന്‍ മാഷെണീറ്റ് പൊടി തട്ടുമ്പോള്‍ , വിനയന്‍ പതിയെ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു. മരവിച്ച വിനയന്‍റെ മനസ്സില്‍ നാളെ കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നില്ല. ആരോടുമൊന്നും പറയാന്‍ തോന്നിയില്ല, ഇനി പറഞ്ഞിട്ടെന്ത് കാര്യം? അവസാനദിനമെന്നുറപ്പിച്ചു  കൊണ്ട് തന്നെ, എന്നാല്‍ തികഞ്ഞ നിസ്സംഗതയോടെ പിറ്റേന്ന് കോളേജില്‍ പോയി. പക്ഷെ അന്നോ പിന്നീടുള്ള ദിവസങ്ങളിലോ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല,  വിനയനിത്തവണ എല്ലാ വിഷയങ്ങള്‍ക്കും ഇന്റെര്‍നല്‍ മാര്‍ക്ക് നാല്‍പ്പതില്‍ മേലെ കിട്ടിയതൊഴിച്ചാല്‍
കാലം വീണ്ടും മുന്നോട്ട് തന്നെ നീങ്ങി, കാലത്തിന് അതിനേ കഴിയൂ. വിനയന്‍ , അവന്‍റെ പ്രതീക്ഷ പോലെ തന്നെ കൃത്യസമയത്ത് എന്‍ജിനിയര്‍ ആയി. ഉടനെ തന്നെ നല്ലൊരു ജോലി കിട്ടി, പെണ്ണ് കെട്ടി, കുട്ടികളുമായി. കരുണന്‍ മാഷ്‌ പി എച്ച് ഡി എടുത്തു, ഇപ്പോള്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെണ്ടായി അതെ കോളേജില്‍ തന്നെ ജോലി ചെയ്യുന്നു. കോളേജില്‍ നിന്നിറങ്ങിയിട്ട് നീണ്ട പതിനഞ്ച്‌ വര്‍ഷമായി. ഇത് പ്രമാണിച്ച് ഒരു ഗെറ്റ് ടു ഗെതര്‍ സങ്കടിപ്പിക്കാനുള്ള പങ്കപാടിലാണ് സകലരും. ഒട്ടു മിക്കവരും ബാന്ഗ്ലൂരില്‍ ഉണ്ട്, അവിടെയാക്കിയാലോ? അത് വേണ്ട കേരളതനിമ നഷ്ട്ടപ്പെടും. എറണാകുളം പോരെ ? ദുബയിക്കെന്താ കൊഴപ്പം?... അങ്ങിനെ ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോയി. അവസാനം എയര്‍ പോര്‍ട്ട്‌, ഷോപ്പിംഗ്‌ മാള്‍ , സ്റ്റാര്‍ ഹോട്ടല്‍ , ബാക്ക് വാട്ടര്‍ ഇവയൊന്നുമില്ലെലും, പഠിച്ച കോളേജില്‍ തന്നെ നടത്താന്‍ തന്നെ തീരുമാനിച്ചു. ഒരു അന്താരാഷ്ട്ര സങ്കാടനകമ്മിറ്റിയും,  അതിന്‍റെ തലൈവരായി കോലന്‍ മഹേഷിനെയും തീരുമാനിച്ചു. കോലാപ്പി ഇപ്പോള്‍ അതെ കോളേജിലെ മാഷാണ്. അങ്ങിനെയാ സെപ്റ്റംബര്‍ അഞ്ച് ഞായറാഴ്ച, ലോകത്തിന്‍റെ മുക്കിലും മൂലയില്‍ നിന്നും കോളേജിലേക്ക് എല്ലാവരും ഒഴുകിയെത്തി. കാലത്തെ പുറകോട്ട് നയിക്കാനാവില്ലെന്ന് ഏത് വിഡ്ഢിയാണാവോ പറഞ്ഞത്?
ഭാര്യയും കുട്ടികളുമായി വിനയനും കാമ്പസിലെത്തി. അരങ്ങില്‍ കുട്ടികളുടെ കലാപരിപാടികള്‍ , താഴെ സ്ത്രീ ജനങ്ങളുടെ ഫാഷന്‍ ഷോ, മൂലക്ക് പുരുഷ കേസരികള്‍ വെള്ളമടി സെറ്റ്‌ അപ്പ്‌ ചെയ്യുന്ന തിരക്കില്‍ . വിനയന്‍ പതിയെ അവിടെ നിന്ന് തെന്നി, പഴയ ക്ലാസ്‌ മുറി ലക്ഷ്യമാക്കി നടന്നു. ഇവിടത്തെ ഓരോ മരത്തണലുകളും ഇടനാഴികളും ജനാലപടികളും തന്നോടൊരായിരം കഥകള്‍ മന്ത്രിക്കുന്ന പോലെ തോന്നി. പഴയ ക്ലാസ് മുറിയിലെ തന്‍റെ ഇഷ്ട് സീറ്റായിരുന്ന, ബാക്ക്ബെഞ്ചിലെ ജനാലക്കടുത്തുള്ള സീറ്റില്‍ പോയിരുന്നു. അന്ന് ജീവന്‍ പണയപ്പെടുത്തി മേല്‍ക്കൂരയിലെഴുതിയ "കരണ്ട് കരുണന്‍  " മങ്ങിയെങ്കിലും മായാതെ കിടക്കുന്നുണ്ട്. നൂറായുസാണല്ലോ  മാഷ്‌ക്ക്. കരുണന്‍ മാഷ്‌ ദാ പുറത്ത് കൂടി പോവുന്നു.
വിനയന്‍ : മാഷേ ....
മാഷ്‌ ക്ലാസിലേക്ക് കേറി, ഏറ്റവും പുറകിലത്തെ ബെഞ്ചില്‍ പഴയ വിനയന്‍
മാഷ്‌ : വിനയാ നീ വീണ്ടും ബാക്ക് ബെഞ്ചിലേക്ക് തന്നെ തിരിച്ചു പോയോ?
വിനയന്‍ ചിരിച്ച് കൊണ്ട് മാഷിനടുത്തേക്ക് ചെന്നു.
വിനയന്‍ : മാഷ്‌ പഴയ പോലെ തന്നെ, കാഴ്ചക്ക് വലിയ മാറ്റങ്ങളൊന്നുമില്ല
മാഷ്‌ : കാഴ്ചക്ക് മാത്രമല്ലെടാ, ഇപ്പോഴും കരുണന്‍ മാഷ്‌ പഴയ കരുണന്‍ മാഷ്‌ തന്നെയാണ്.
വിനയന്‍ : മാഷേ അന്ന്... മാഷിന് എന്നോട്...
കരുണന്‍ മാഷ്‌ വിനയനെ പൂര്‍ത്തിയാക്കാനാനുവദിച്ചില്ല
മാഷ്‌ : അതൊക്കെ ഞാനെന്നേ മറന്നെടാ  

വിനയന്‍ : മറന്നെന്നോ? മാഷ് അതീ ജന്മത്ത് മറക്കരുത്
പറഞ്ഞ് തീരലും, അടി വീണതും ഒരുമിച്ചായിരുന്നു. അടികൊണ്ട് വീണ കരുണന്‍ മാഷ്‌ എണീറ്റ് പൊടി തട്ടുമ്പോള്‍ , വിനയന്‍ പതിയെ ക്ലാസിന് പുറത്തേക്ക് നടന്നു.

16 comments:

  1. ഹ..ഹ...അവസാന ഭാഗം മനുഷ്യനെ ചിരിപ്പിച്ചു തല കുത്തിച്ചു.....റോഷന്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിയതിനു ക്ഷമ ചോദിക്കുന്നു. ഈ വിനയന്‍ ആള് പക്ഷെ ഗുണം പിടിക്കില്ല ട്ടോ...

    ആശംസകളോടെ ..

    ReplyDelete
    Replies
    1. പ്രവീണ്‍, വിനയന്‍ ഒരു പാവമാണേന്നേ :)

      Delete
  2. പ്രവീണ്‍ ഗ്രൂപ്പില്‍ ലിങ്ക് ഇട്ടപോള്‍ ആണ് ഇതു കണ്ടത് ,വൈകി വന്നതില്‍ ക്ഷമികണം,ചിരിപ്പിച്ചു കളഞ്ഞല്ലോ റോഷന്‍,അവസാന ഭാഗം അങ്ങ് ഞെട്ടിപ്പിച്ചു കളഞ്ഞു,എന്താ പറയുക ,ഗുരു നിന്ദ കിട്ടതിരിക്കട്ടെ നമ്മുടെ വിനയന് :) ആശംസകള്‍ !!!

    ReplyDelete
    Replies
    1. ഗുരു നിന്ദ കിട്ടതിരിക്കട്ടെ - ആമേന്‍

      Delete
  3. പോസ്റ്റ്‌ നന്നായിട്ടുണ്ട് ഭായീ...
    നല്ല നര്‍മ്മം....

    ReplyDelete
  4. എന്‍റെ വിനായ നിങ്ങള്‍ ശരിക്കും ചിരിപിച്ചു. ഹ ഹ . എന്നാലും ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല . ( ഉമി തീയില്‍ എരിഞ്ഞാലും തീരത്തെ പാപം ആണ് ഗുരു നിന്ദ , ഗുരു നിന്ദ കിട്ടാതെ ഇരിക്കട്ടെ വിനയന്) .

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എന്‍റെ വിനായ നിങ്ങള്‍ ശരിക്കും ചിരിപിച്ചു. ഹ ഹ . എന്നാലും ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല . ( ഉമി തീയില്‍ എരിഞ്ഞാലും തീരത്തെ പാപം ആണ് ഗുരു നിന്ദ , ഗുരു ശാപം കിട്ടാതെ ഇരിക്കട്ടെ വിനയന്

    ReplyDelete
  7. എന്‍റെ വിനായ നിങ്ങള്‍ ശരിക്കും ചിരിപിച്ചു. ഹ ഹ . എന്നാലും ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല . ( ഉമി തീയില്‍ എരിഞ്ഞാലും തീരത്തെ പാപം ആണ് ഗുരു നിന്ദ , ഗുരു ശാപം കിട്ടാതെ ഇരിക്കട്ടെ വിനയന് )

    ReplyDelete
  8. എന്‍റെ വിനായ നിങ്ങള്‍ ശരിക്കും ചിരിപിച്ചു. ഹ ഹ . എന്നാലും ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല . ( ഉമി തീയില്‍ എരിഞ്ഞാലും തീരത്തെ പാപം ആണ് ഗുരു നിന്ദ , ഗുരു ശാപം കിട്ടാതെ ഇരിക്കട്ടെ വിനയന് )

    ReplyDelete
  9. സംഗതി കലക്കീട്ടോ.. ചിരിപ്പിച്ചു...

    ഒന്നൂല്ലെന്കിലും കരുണന്‍ മാഷിനെ അടിച്ചത് നന്നായില്ല..
    നന്നായില്ലാന്നു പറഞ്ഞാല്‍...
    ഒറ്റവാക്കില്‍ പടാന്നു അടികൊടുത്തു എന്ന് പറഞ്ഞത് നന്നായില്ല.
    അങ്ങേരെ കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു രണ്ടു തൊഴി, മുതുകത്ത് രണ്ടു അലക്ക്.. ഇങ്ങനെയൊക്കെ ആകാമായിരുന്നു..
    (ച്ചുംമാതെയാ കേട്ടോ..)

    ആശംസകള്‍...

    ReplyDelete
    Replies
    1. ഇത്രയും മയപ്പെടുത്തിയിട്ട് തന്നെ കേട്ട തെറിക്കു കണക്കില്ല ബഷീര്‍ . :)

      Delete