Sunday, September 30, 2012

ഓര്‍മച്ചെപ്പ്

 ശ്രീജിത്ത്
ഓർമക്കുറിപ്പ്
http://lambankathhakal.blogspot.com/



    പെയ്തുതോര്‍ന്ന മഴത്തുള്ളികള്‍ ചില്ലുജാലകത്തില്‍ കുഞ്ഞരുവികള്‍ തീര്‍ക്കുന്ന നനുത്ത സായാഹ്നം. ജാലകത്തിന്റെ വിടവിലൂടെ അരിച്ചെത്തുന്ന കാറ്റിനു മഴയുടെ കുളിര്. താഴെ സ്കൂള്‍ ബസ്സിറങ്ങി, അറിവിന്‍റെ ഭാണ്ഡവും പേറി ഫ്ലാറ്റിലേക്ക് നടന്നുവരുന്ന കുരുന്നുകള്‍. അകത്തെ മുറിക്കുള്ളില്‍ ദീപുമോന്‍ തന്‍റെ കുഞ്ഞുകാര്‍ അവളുടെ ദേഹത്തിലൂടെ സൂക്ഷ്മതയോടെ ഓടിച്ചു രസിക്കുന്നു.

അവന്‍റെ വികൃതികള്‍ അസഹ്യമാകുന്ന ചിലനേരങ്ങളില്‍ അവളാകെ അസ്വസ്ഥയാവും. ഒരു ചെറുപുഞ്ചിരിയോടെ, ഒട്ടു സ്നേഹത്തോടെ എന്റെയമ്മ അവളെ ശ്വാസിക്കും "അവന്‍റെ അച്ഛന്‍റെ ഒരംശംപോലും വരില്ലല്ലോ, അവന്‍ കാട്ടുന്ന വികൃതികള്‍. കുട്ടികള്‍ ഇങ്ങിനെയൊക്കെയല്ലേ വളരേണ്ടത്, ഇതിപ്പോള്‍ നീ അവനെക്കാള്‍ ചെറിയ കുട്ടിയാവുകയാണോ?"

ഇതുപോലെയുള്ള സായാഹ്നങ്ങളില്‍ പുസ്തകക്കെട്ടുകള്‍ പിന്നിലുപേക്ഷിച്ചു മൈതാനത്തേക്ക് കുതിക്കുമായിരുന്നു എന്‍റെ ബാല്യം. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍, അമ്മ സ്നേഹപൂര്‍വ്വം ഉണ്ടാക്കി വെയ്ക്കുന്ന പഴംപൊരിയോ, പരിപ്പുവടയോ  പോക്കറ്റിലേക്കിട്ട് ഒറ്റ ഓട്ടമാണ്. അത്രമാത്രം വൈകാരികമായിരുന്നെനിക്ക് അമ്പലവും, അമ്പലക്കുളവും, മൈതാനവും എല്ലാം. ഒരുപക്ഷെ ഞാന്‍ നന്നായി പഠിക്കുന്നത് കൊണ്ടോ, എന്‍റെ ശല്യം സഹിക്കാന്‍ വയ്യാത്തതുകൊണ്ടോ, കളിയ്ക്കാന്‍ പോകുന്നതില്‍ നിന്നും ആരും എന്നെ തടഞ്ഞിരുന്നില്ല. ദിനവും എത്രയോ കളിക്കൂട്ടുകാര്‍ക്കൊപ്പം ഓടിത്തിമിര്‍ത്ത്, ഉരുണ്ടുവീണ്, പിന്നെയും ഓടിപ്പാഞ്ഞുനടന്നിരുന്നു ആ മൈതാനത്ത്. ഉരുണ്ടുവീഴുന്നവന് കമൂണിസ്റ്റ് പച്ച പിഴിഞ്ഞ് മരുന്ന് വെയ്ക്കും. മുറിവിന്റെ നീറ്റലും, മരുന്നിന്‍റെ പുകച്ചിലും. മരുന്നുണ്ടാക്കാനും‍, കൂട്ടുകാരന്‍റെ മുഖത്തെ വെപ്രാളം ആസ്വദിക്കാനും എല്ലാവരും മുന്‍പന്തിയിലായിരുന്നു. വീട്ടിലറിയിക്കാതെ വേദനയും കടിച്ചുപിടിച്ചു കിടക്കുമ്പോഴും, മുറിവു പഴുത്താല്‍ നാളത്തെ കളി മുടങ്ങുമല്ലോ എന്ന പേടിയായിരിക്കും മനസ്സില്‍. ബാന്റെജും, കോട്ടണും, ഡെറ്റോളും വാനിറ്റി ബാഗില്‍ കുത്തിനിറച്ചു, കുഞ്ഞുങ്ങളെയും കൊണ്ട്  പാര്‍ക്കില്‍ പോകുന്ന അമ്മമാരെ കാണുമ്പോള്‍ ഞാനോര്‍ക്കും എത്രമാത്രം മനോഹരമായിരുന്നു എന്‍റെ ബാല്യമെന്ന്.

ഇന്ന് മൈതാനമാകെ കാടുപിടിച്ചിരിക്കുന്നു. തലപ്പന്തും, കിളിതട്ടും, കുട്ടിയും കോലും, ക്രിക്കറ്റും, ഫുട്ബോളും ശബ്ദമുഖരിതമാക്കിയിരുന്ന ആ അന്തരീഷം ഇന്ന് തീര്‍ത്തും ശാന്തമാണ്. ഡോക്ടറെയും, എന്‍ജിനീയറെയും വാര്‍ത്തെടുക്കാനുള്ള ത്വരയില്‍ കുട്ടികള്‍ക്ക്‌ മൈതാനം നിഷേധിക്കപ്പെട്ടിരിക്കുന്നു.

കുട്ടികളുടെ കളിസ്ഥലം ഫ്ലാറ്റിന്റെ ടെറസ്സായി ചുരുങ്ങിയിരിക്കുന്നു. കളിക്കുന്ന കുട്ടികള്‍ക്ക് പാറാവ് നില്‍ക്കുന്ന മാതാപിതാക്കള്‍ കരിമ്പൂച്ചകളെ ഓര്‍മിപ്പിക്കും. കുട്ടികള്‍ സ്വര്‍ണകൂട്ടിലെ കിളികളായി മാറിക്കഴിഞ്ഞു, എല്ലാമുണ്ടായിട്ടും ഒന്നിനും സ്വതന്ത്രമില്ലാത്തവര്‍. അച്ഛനമ്മമാര്‍ വരുന്നതും കാത്തു അക്ഷമരായി ജനലഴികലൂടെ പുറത്തേക്കു നീളുന്ന കുഞ്ഞുമിഴികള്‍, അടുക്കളയില്‍ ആയയുടെ പീഡനമേറ്റിട്ടെന്നവണ്ണം മിക്സി നിലവിളിക്കുന്നു, സ്വീകരണ മുറിയില്‍ സീരിയലിലെ മുത്തശ്ശി വിതുമ്പുന്നു. ഞാനോര്‍ക്കുന്നു, അന്നെനിക്കേറ്റവും അന്യമായിരുന്നു വീടിന്‍റെ ടെറസ്സ്. ചേര്‍ത്തുവെച്ച തെങ്ങോലകള്‍ കൊണ്ടുണ്ടാക്കിയ കുട്ടിപലച്ചരക്കു കടയില്‍, അവശ്യ വസ്തുവായ തെയിലപ്പൊടിക്ക് ആവശ്യം വരുമ്പോള്‍ മാത്രം വീടിന്‍റെ ടെറസ്സിലേക്ക് ഓടിക്കയറുമായിരുന്നു ആ എട്ടു വയസുകാരന്‍, ടെറസ്സിന്‍റെ മൂലയില്‍ ഉണങ്ങിപ്പിടിച്ച പായല്‍ ചുരണ്ടിയാണ് തേയിലയാക്കിയിരുന്നത്.

സ്കെച്ച് പെന്‍ കൊണ്ടു പേരഴുതി ഒട്ടിച്ച കളിപ്പാട്ടവും മാറോട്ചേര്‍ത്ത് ഫ്ലാറ്റിന്റെ മുകളിലേക്ക് പോകുന്ന കുഞ്ഞിന്‍റെ മുഖത്ത് മൈതാനത്തേക്ക് എല്ലാം മറന്നോടുന്ന എട്ടു വയസുകാരന്‍റെ ആവേശമില്ല. അലാറം സെറ്റ്‌ ചെയ്തു കയ്യിലെ ഇംഗ്ലീഷ് നോവലില്‍ മുഖം പൂഴ്ത്തിയ അമ്മ, ഐ പാഡിലും, ബ്ലാക്ക്ബെറിയിലും ബിസിനസ്സിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന അച്ഛന്‍, അവര്‍ക്കിടയില്‍ സമയ സൂചിയുടെ വേഗതയെ പേടിച്ചു തിരക്കിട്ട് കളിക്കുന്ന കുഞ്ഞു മുഖങ്ങള്‍.

പണ്ടൊക്കെ തന്‍റെ പേര് ഉച്ചത്തില്‍ വിളിച്ചു കേട്ടിരുന്നത് ക്ലാസ്സില്‍ ഹാജരെടുക്കുമ്പോഴായിരുന്നു. തന്‍റെ മകന്‍ എത്ര തവണയാണ് ഉറക്കയുള്ള വിളികള്‍ കേട്ട് ശ്രദ്ധയോടെ നില്‍ക്കുന്നത്. കളിക്കിടയിലെ ചെറിയ കശപിശയില്‍ റഫറിയായി അച്ഛന്‍, അലാറത്തിന്റെ മണിമുഴക്കത്തില്‍ ഫ്ലാറ്റിലേക്ക് തിരികെപോകാന്‍ അമ്മ. ഒരു പക്ഷേ ഇന്ന് കുട്ടികള്‍ ഏറ്റവും വെറുക്കുന്നത് സ്വന്തം പേരുതന്നെയാവും.

കളികഴിഞ്ഞ് അമ്പലക്കുളത്തില്‍ മുങ്ങികുളിച്ചു, ദീപാരാധനയും തൊഴുതു അസ്തമയ സൂര്യന്‍റെ അണയാറായ പ്രകാശത്തില്‍ വീട്ടിലെത്തുമ്പോള്‍ അമ്മ നാമം ചൊല്ലുന്നുണ്ടാവും. തുറന്നുകിടക്കുന്ന പൂമുഖ വാതിലൂടെ പൂജാമുറിയുടെ മറപറ്റി അകത്തേക്ക്. അമ്മയുടെ പിന്നില്‍ ചെന്നിരുന്നു പാതി കഴിഞ്ഞ കീര്‍ത്തനം ഉറക്കെ ചൊല്ലുമ്പോള്‍, അമ്മയുടെ കൂര്‍ത്ത നോട്ടം കള്ള ഭക്തിയാല്‍ മറികടക്കുന്ന കൌശലം. നാമം ചൊല്ലുമ്പോഴും തിരിയണയാതെ കാക്കുന്നതില്‍ ആയിരിക്കും ശ്രദ്ധ മുഴുവന്‍. ഹോംവര്‍ക്ക് ബുക്കുകളുടെ ഇടയില്‍ ഊളിയിട്ടു, അമ്മയുടെ കൂടെയിരുന്നു ഒന്നിനു പുറകെ ഒന്നായി ചെയ്തുതീര്‍ക്കുന്ന ഇന്നത്തെ കുഞ്ഞുങ്ങളുടെ തളര്‍ന്ന കണ്ണുകളില്‍ കള്ള ഭക്തിയോ കൌശലമോ ആര്‍ക്കാണ് കാണാനാവുക.

കുതിച്ചുപായുന്ന ജീവിതത്തില്‍ എപ്പോഴെങ്കിലും എനിക്കവന് കാട്ടി കൊടുക്കനാവുമോ, എന്‍റെ ബാല്യം. അസഹ്യമായ ജോലിത്തിരക്കുകളില്‍ നിന്നൊരു മോചനത്തിനായി വാരാന്ത്യയാത്ര പ്ലാന്‍ ചെയ്യുമ്പോഴും, ഒരിക്കലും ഞാനെന്‍റെ കുട്ടിക്കാലം കാണിച്ചു കൊടുക്കാന്‍ പറ്റിയ എന്‍റെ നാട്ടിന്‍പുറം, അല്ലെങ്കില്‍ കുളവും പാടവും അമ്പലവുമൊക്കെയുള്ള ഏതെങ്കിലും ഗ്രാമം എന്തേ തിരഞ്ഞെടുക്കുന്നില്ല.

ഞാനെന്‍റെ കുഞ്ഞിനോട് നീതിപുലര്‍ത്തുന്നുണ്ടോ, ദൈവമേ.

No comments:

Post a Comment