കൂടംകുളം ഒരു ജനതയുടെ ആശങ്ക
8 Comments Yet, Add Yours...
 റോബിൻ ഹുഡ്
http://merobinhood.blogspot.in


ഇന്ന് ഇന്ത്യ മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൂടംകുളം ആണവോർജ്ജ നിലയം. പലര്‍ക്കും ഇതിനോട് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ എനിക്ക് ഈ പദ്ധതി  അംഗീകരിക്കാന്‍ ആവില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ.


1988 ല്‍ രാജിവ് ഗാന്ധിയും അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ആണവ മുങ്ങികപ്പല്‍ സാങ്കേതികവിദ്യ കൈമാറ്റത്തിനായി ഒരു കരാര്‍ തയാറാക്കി. എന്നാല്‍ അതില്‍ ആണവ റിയാക്ടര്‍ കച്ചവടത്തിനുള്ള തീരുമാനവും തിരുകിക്കയറ്റിയിരുന്നു. ഈ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കുന്നത് 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡണ്ട്‌ ബോറിസ് യെൽറ്റ്സിനും ചേര്‍ന്നാണ്.


പിന്നീട് ഇതിനെ കുറിച്ച് പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും കേരളത്തിലെ കോതമംഗലത്തോ കാസര്‍ഗോഡോ ഈ ആണവനിലയം  സ്ഥാപിക്കാന്‍ നീക്കം നടത്തുകയും‍  ശക്തമായ സമരങ്ങള്‍ കാരണം ഇവിടെ നിന്ന് കൊണ്ടുപോയി തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുകയും ചെയ്തു. കൂടംകുളത്തെ ആണവനിലയത്തില്‍ മൊത്തം നാലു ഘട്ടങ്ങളിലായി ആറു റിയാക്ടറുകളാണ് നിര്‍മിക്കാന്‍  ഉദ്ദേശിക്കുന്നത്. അതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ 9000 മെഗാവാട്ടിന്റെ ഉത്പാദനം ആണ് വാഗ്ദാനം ചെയ്യുന്നത് .

ഇനി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്നത്.

കൂടംകുളത്തുകാര്‍ മാത്രമല്ല ലോകജനത മുഴുവന്‍ ആണവോര്‍ജം എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഭയക്കുന്നു. അതിനു കാരണം 2011 മാര്‍ച്ച്‌ 11ന് ജപ്പാനിലെ ഫുകുഷിമ ന്യുക്ലിയാര്‍ ദുരന്തമാണ്. അതിനു നിമിത്തമായത്  സുനാമിയും ഭൂകമ്പവും ഒരേസമയം ജപ്പാനെ ആക്രമിച്ചതാണ്. (ഇങ്ങനെ ഒരു ദുരന്തം ഇന്ത്യയില്‍ വരില്ല എന്നൊന്നും ആര്‍ക്കും പറയാന്‍ സാധിക്കില്ല. വന്നു കഴിയുമ്പോള്‍ വീണ്ടുവിചാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കും )

ഫുകുഷിമ ദുരന്തം 1986ലെ റഷ്യയിലെ ചെര്‍ണോവിലെ ന്യുക്ലിയാര്‍ ദുരന്തത്തെക്കാള്‍ ഭയാനകം ആയിരുന്നു. ഇന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ശ്രമിക്കുയാണ്. കാരണം അവര്‍ അതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു.  ഇന്ന് 40 ലോകരാജ്യങ്ങള്‍ സുരക്ഷാഭീഷണിമൂലം ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അതില്‍ ഒരാളായ റഷ്യയുടെ സഹായത്തോടെയാണ് ഈ ആണവനിലയം ഇവിടെ വരുന്നത്. അത് തന്നെ വളരെ വൈരുധ്യം നിറഞ്ഞ കാര്യമാണ്.

ഫുകുഷിമയുടെ അനുഭവ പാഠത്തില്‍ ലോകജനത ആണവോര്‍ജത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യയില്‍ ആണവനിലയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആണവനിലയങ്ങള്‍ പരിശോധനാവിധേയമാക്കുകയാണ്. ഇതിനകം ജര്‍മനി ഏഴു് ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ അയര്‍ലന്‍ഡും ജര്‍മനിയുടെ പാത പിന്തുടരുന്നു. ഇന്ത്യന്‍ അറ്റോമിക് എനെര്‍ജി റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പറയുന്നത് സാമ്പത്തികലാഭം ആണ് ആണവരംഗത്തെ എടുത്തുചാട്ടത്തിനു കാരണം;  മഹാരാഷ്ട്രയിലെ താരാപ്പൂര്‍ ആണവനിലയത്തിന്റെ 1 ഉം 2 ഉം റിയാക്ടറുകള്‍ പ്രവര്‍ത്തന കാലയളവ്‌ കഴിഞ്ഞിട്ട് 16 വര്‍ഷമായി എന്നാണ്. അമേരിക്കന്‍ ആണവനിയന്ത്രണ കമ്മീഷന്‍ ഈ നിലയങ്ങള്‍ പൂട്ടാന്‍ ഉപദേശിച്ചിരുന്നു, എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടച്ചിടാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇപ്പോഴും അവയെല്ലാം പ്രവര്‍ത്തിക്കുന്നു.


ഫുകുഷിമ ആണവനിലയം തകര്‍ന്നപ്പോള്‍ അണുവികരണങ്ങളായ അയഡിന്‍, സീസിയം-134, സീസിയം-137 ഇവയെല്ലാം അമേരിക്കന്‍ തീരങ്ങളിലും ഓസ്ട്രേലിയന്‍ തീരങ്ങളിലും വരെ എത്തുകയുണ്ടായി. ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ അതിന്റെ അണുവികിരണ ഭീഷണി നാല്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ ഫുകുഷിമ ദുരന്തം ഉണ്ടാക്കുന്ന ആഘാതം എത്രയെന്നു ശാസ്ത്ര ലോകത്തിന് ഇതുവരെ കണക്കു കൂട്ടാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോവില്‍ ദുരന്തത്തില്‍ 57 മരണം തത്സമയം നടന്നെങ്കില്‍ കാന്‍സര്‍ ബാധിച്ചു ഒന്‍പതിനായിരത്തോളം ജനങ്ങള്‍ മരിച്ചു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെര്‍ണോവില്‍  ആണവനിലയം തകര്‍ന്നതിന് ശേഷം അത് കോണ്‍ക്രീറ്റ് കൊണ്ട് ഒരു കുട രൂപത്തില്‍ കവര്‍ ചെയുകയാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ എര്‍പ്പെട്ടവര്‍ പലരും മാരകരോഗം മൂലം മരണമടഞ്ഞത് ഇതിന്റെ  മറ്റൊരു ദുരന്തമുഖം

ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണു കൂടംകുളം ആണവനിലയം വരുന്നത് എന്നത് ശരി തന്നെ. എന്നാല്‍ ഈ പ്രദേശത്ത് പാറ ഉരുക്കുന്ന പ്രതിഭാസമായ റോക്ക് മെല്റ്റ് എക്സ്ട്രുഷന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നത് നിര്‍മാണത്തിന് ശേഷമാണു്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല. ഇതൊക്കെ കൂടാതെ 130 കിലോമീറ്റര്‍ അകലെ ഉറക്കംനടിച്ചുകിടക്കുന്ന ഒരു അഗ്നിപര്‍വ്വതവും നിലവില്‍ ഉണ്ട്. പിന്നെ ഭയക്കാനുള്ള ഒരു കാര്യം സുനാമി ആണ്. ഒരിക്കല്‍ നമ്മള്‍ അനുഭവിച്ചതുമാണ് സുനാമിയുടെ ഭീകരത.  ആണവനിലയം കടലിന്റെ സൈഡില്‍ ആയതിനാല്‍ ഈ ഭീഷണിയും നിലനില്‍ക്കുന്നു.  പിന്നെ ആരും കാണാത്ത മറ്റൊരു പ്രശ്നം കടല്‍ത്തീരത്തോട് അടുത്തു നില്‍ക്കുന്നതിനാല്‍ വിദേശാക്രമണങ്ങളും പ്രതീക്ഷിക്കാം എന്നതാണ്.

അതുമാത്രമല്ല ആണവനിലയത്തില്‍ നിന്ന് കടലിലേക്ക് ഒഴുക്കി വിടുന്ന ചൂടുവെള്ളം കടലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കും. ഫുകുഷിമ അണുവികിരണം 200 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു. അതുകൊണ്ട് തന്നെ ഈ നിലയത്തെ കേരളവും ഭയക്കണം.
എന്തെങ്കിലും ഒരു അപകടം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടും എന്നുപോലും ഇതുവരെ ആരും ഒന്നും പറഞ്ഞതുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനത്തെ പലരും കൂട്ട് പിടിക്കുന്നു.

എന്ത് ഊര്‍ജ്ജം ആണെങ്കിലും നമുക്ക് ആവശ്യമാണ് . എന്നാല്‍ ഈ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല എന്ന് മാത്രം.