നരച്ച ആകാശം
2 Comments Yet, Add Yours...
 കഥ
നന്മണ്ടൻ ഷാജഹാൻ
www.nanmindan.blogspot.com







തെരുവിന് മുകളില്‍ ആകാശം നരച്ചു കിടന്നു.പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഭോജനശാലയില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന പുകയായിരുന്നു വൃദ്ധയെ കൂടുതല്‍ അലോസരപ്പെടുത്തിയത്. തെരുവ് തീരുന്നിടത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യാത്ത തറയിലേക്കു വൃദ്ധ തന്റെ ഭാണ്ഡമിറക്കി വെച്ചു. യാചകബാലന് തന്റെ പുതിയ വാസസ്ഥലം കണ്ടുപിടിക്കാനാവുമോ എന്നായിരുന്നു വൃദ്ധ ആകുലപ്പെട്ടത്. തിരസ്കരിക്കപ്പെട്ടവളായിട്ട് നാളുകളെത്രയെന്ന് പോലും ഓര്‍ത്തെടുക്കാനാവുന്നില്ല. ഓര്‍മ്മകളും നിറങ്ങളുമൊക്കെ മനസ്സിന് വഴങ്ങാതാവുന്നുവെന്നു വൃദ്ധ നിസ്സഹായതയോടെ ഓര്‍ത്തു.

 ഒരിക്കലുംപിരിയാനാവാതെ തെരുവോരത്തുവെച്ചു കൂട്ട് കൂടിയ തെരുവ് നായ ഭോജനശാലയൊന്നു വലംവെച്ചു പേരറിയാതെരുവ് മരത്തിന്റെ ചുവട്ടില്‍ വൃദ്ധക്ക്‌ അഭിമുഖമായി തല ചായ്ച്ചു കിടന്നു.ഭോജനശാലയിലേക്ക് കയറിയിറങ്ങുന്ന ആര്‍ഭാടജീവിതങ്ങളിലേക്ക് കണ്ണുനട്ടു വൃദ്ധ മയങ്ങിപ്പോയി. പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനു മുകളില്‍ ആകാശം നരച്ചു തന്നെകിടന്നു. മുഷിഞ്ഞ വസ്ത്രവും അതിലേറെ മുഷിഞ്ഞ മനസ്സുമായി യാചക ബാലന്‍ വരും വരെ ആ മയക്കം തുടര്‍ന്നു. 
തെരുവ് നായയുടെ ശക്തമായ നിശ്വാസം അവരെ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയപ്പോള്‍ ബാലന്‍ തന്റെ നരച്ച കവറില്‍ നിന്നും ആര്‍ഭാടജീവിതങ്ങള്‍ ഉപേക്ഷിച്ച ഉച്ചിഷ്ടങ്ങള്‍ മൂന്നായി പകുത്തു വെച്ചു. അന്തിവെയിലും പുകപടലം നിറഞ്ഞ അന്തരീക്ഷവും നരച്ച ആകാശവും കൂടിയപ്പോള്‍ തെരുവിനൊരു പുരാതന ചിത്രം സമ്മാനിച്ചു.

പകലിന്റെ തിരക്കുകളുടെ ക്ഷീണം നെഞ്ചിലേറ്റി തെരുവുകള്‍ നിശബ്ദനിശ്വാസങ്ങള്‍ പൊഴിക്കുന്ന രാത്രിനേരങ്ങളില്‍ വൃദ്ധ പറഞ്ഞുകൊടുക്കുന്ന കഥകള്‍ ആര്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കണമെന്ന് യാചക ബാലന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. പിന്നെ അവര്‍ കഥാപാത്രങ്ങളായ അവരുടെ കഥയും. ബാലന്‍ വൃദ്ധയുടെ ശുഷ്കിച്ച കാല്‍വണ്ണയില്‍ മുഖം ചേര്‍ത്തു അന്നത്തെ കഥക്കായി കാതോര്‍ത്തു കിടന്നു. തൊട്ടപ്പുറത്ത് അവരില്‍ നിന്നു പൊഴിയുന്ന വാക്കുകളിലേക്കു മിഴി തുറന്നു നായയും തന്റെ ശയനസ്ഥാനം പൂകി. 

കണ്ണിലെ കൃഷ്ണമണികള്‍പോലെ കാത്തു സൂക്ഷിച്ചു മകനെ പോറ്റി വളര്‍ത്തിയ ഒരമ്മയുടെ കഥയായിരുന്നു വൃദ്ധ അന്ന് പറയാന്‍ ആരംഭിച്ചത്. മകന്റെ പിറവിക്കു ശേഷം മൂന്നാം വര്‍ഷത്തില്‍ വൈധവ്യം ഏറ്റു വാങ്ങിയിട്ടും തളരാതെ മകനായിമാത്രം ജീവിച്ച അമ്മയുടെ കഥ .പളുങ്ക് മേനിയും കറുത്ത ഹൃദയവുമായി മകന്‍ സ്വീകരിച്ചു കൊണ്ട് വന്ന പുത്രവധുവിനു തന്റെ മാളികയില്‍ ഒരു അപശകുനമായിത്തീര്‍ന്ന അമ്മ. മകന്റെ അഭാവത്തില്‍ പുത്രവധുവാല്‍ തെരുവിലിറക്കപ്പെട്ട അമ്മയുടെ കഥ. പെറ്റമ്മയെ ഒന്ന് തിരക്കിപ്പോവാന്‍ പോലും മുതിരാത്ത മാതൃപുത്രബന്ധങ്ങളുടെ ദുരന്തചിത്രമായ വൃദ്ധയുടെ ആത്മകഥയുടെ പര്യവസാനത്തില്‍ തെരുവ് ബാലന്‍ ഉറക്കം തുടങ്ങിയിരുന്നു. കുഴിഞ്ഞ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ തെരുവ് നായയുടെ കണ്ണുകളിലും ഈറനണിഞ്ഞു നിന്നു. 

 തെരുവ് മുഴുവന്‍ പ്രകാശമാക്കിയ വിളക്കണഞ്ഞെങ്കിലും ഒരു കീറു ചന്ദ്രക്കല കൊണ്ട് പ്രകൃതി തെരുവിന് അല്പം പ്രകാശം പകര്‍ന്നു കൊടുത്തു. വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍ മേഞ്ഞു മൂന്ന് വ്യത്യസ്ത തെരുവ് ജീവിതങ്ങള്‍ ഉറക്കമെന്ന ആപേക്ഷിക മരണത്തില്‍ മുഴുകി. തലേ ദിവസത്തെക്കാള്‍ നരച്ചായിരുന്നു അടുത്തപ്രഭാതവും ഭൂമിക്കു സമ്മാനിച്ച ആകാശമെങ്കിലും തെരുവില്‍ കാറ്റ് മൃദുവായി,അലസമായി വീശിക്കൊണ്ടിരുന്നു. ഒരാഘോഷത്തിന്റെ മുന്നോടിയായി തെരുവും ഭോജനശാലയും അലംകൃതമാക്കിയിരുന്നു.

രാവേറെയായിട്ടും സംഗീതവും ആളനക്കവും ഒഴിയാത്ത ഭോജനശാലയുടെ പിന്‍ഭാഗത്ത് യാചകബാലന്‍ ക്ഷമയോടെ കാത്തിരുന്നു. വൃദ്ധയുടെ പേരക്കുട്ടിയുടെ ജന്മദിനാഘോഷസല്ക്കാരത്തിലെ ഉച്ചിഷ്ടങ്ങള്‍ മൂന്നായി പകുത്തുകഴിച്ചു വീണ്ടുമൊരു നരച്ച പ്രഭാതത്തിനു ഉണരാമെന്ന വ്യാമോഹത്തോടെ മൂന്ന് തെരുവ് ജീവിതങ്ങള്‍ നിദ്രയില്‍ മുഴുകി.
ഓര്‍മ്മകളുടെ "നാലുകെട്ട്".
1 comments
 കഥ
അംജത് ഖാൻ എകെ
http://amaavaasi.blogspot.com/




ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന "കൂടല്ലൂരിന്റെ"  പഴയ ഗ്രാമ നിറവിലേക്കാണ്‌.  പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍
ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ  കഥയും കഥാപാത്രങ്ങളും ഇന്നും നിറഞ്ഞു നില്‍ക്കുന്ന,  കണ്ണാന്തളിയും മുക്കുറ്റിയും ചെമ്പരത്തിയും നിറഞ്ഞ വേലിപ്പടര്‍പ്പുകളും,  മഞ്ചാടി നിറഞ്ഞ പഞ്ചാരമണല്‍പ്പുറങ്ങളും , ചെറുമനും ചേറു മണക്കുന്ന വയലുകളും , പിന്നെ പച്ചപ്പായ അന്തരീക്ഷത്തില്‍ നെറികേട് കലരാത്ത സ്നേഹമുള്ള ഹൃദയം സൂക്ഷിക്കുന്ന മനുഷ്യരെയും ഉള്‍കൊള്ളുന്ന ഒരു  വലിയ " നാലുകെട്ട്" - കൂടല്ലൂര്‍ !

കണ്ണാന്തളി പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരുവിലെ വെട്ടുവഴിയില്‍ കൂടി കാവിന്‍റെ  മുന്നിലെത്തി. കാലം കരി പുരട്ടിയ കത്തുന്ന ഒറ്റക്കല്‍വിളക്കിന്‍ പ്രഭയില്‍ ദേവീമുഖം  ജ്വലിക്കുന്നു . " പള്ളിവാളിന്‍റെയും കാല്‍ച്ചിലാമ്പിന്‍റെയും " കലമ്പിച്ച കിലുക്കം കേട്ടു, അതെ,  അദ്ദേഹം തന്നെ...  കുടുംബ ബന്ധങ്ങള്‍ കാല്‍ ചുവട്ടിലെ മണ്ണ് പോലെ ഒഴുകി അകന്നിട്ടും, ഭയ ഭക്തി സ്നേഹത്തോടെ ദേവിയെ ഗാഢം പുണര്‍ന്ന 'വെളിച്ചപ്പാട്" ! ആ മുഖത്ത് ചിരി ഇപ്പോഴും കര്‍ക്കിടകത്തിലെ തെളിഞ്ഞ ആകാശം പോലെ അപൂര്‍വ്വം.  എന്‍റെ  ഗുരുവിനെ പോലെ !

നോക്കുമ്പോള്‍ , പള്ളിവാളിന്‍റെയും കാല്‍ചിലമ്പിന്‍റെയും കിലുക്കം അകലെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.ഇനി വെട്ടുകല്ലിന്റെ ഇടവഴിയാണ്. ഈ വഴിയില്‍ ആണ് ബാലനായ "അപ്പു" എണ്ണ വാങ്ങുവാനായി  പോകുമ്പോള്‍ കൈതകൂട്ടത്തിനിടയില്‍ പാമ്പുണ്ടാകുമോ എന്ന്‍ പേടിച്ചു നിന്നത്.


ഒന്ന് പരുങ്ങി .... ശരിക്കും പാമ്പുണ്ടാകുമോ ?


അപ്പു ചെയ്തത് പോലെ, എണ്ണയില്‍ മൊരിയുന്ന ചുവന്നുള്ളി കഷണങ്ങളുടെ വാസന മനസിലോര്‍ത്തു മുന്നോട്ട് നടന്നു.


വേലിക്കരികില്‍ ആരോ രണ്ടു പേര്‍! പുരുഷ ശബ്ദം മനസിലായില്ല. സ്ത്രീ ശബ്ദം .....അതെ "കുട്ട്യേടത്തി" !  ഇങ്ങനെ സംസാരിച്ചു നിന്നതിനാണ് വല്യമ്മ വടി ഒടിയും വരെ അവരെ തല്ലിയത്‌.

"അയ്യോന്റ്റമ്മേ ......എന്നെ അഴിച്ചു വിടോയ് ....ഹൂയ് "


അലര്‍ച്ചയോടൊപ്പം ചങ്ങല കിലുങ്ങുന്ന ശബ്ദം .ചായ്പ്പില്‍
 നിന്നാണ്.  വേലായുധേട്ടന്‍ !അമ്മുകുട്ടിയുടെ വേലായുധന്‍..... ഭ്രാന്തന്‍ വേലായുധന്‍ !


 ഇപ്പോഴും ചങ്ങലയില്‍ ആണെന്ന് തോന്നുന്നു. വല്യ അമ്മാമയും മാധവന്‍ നായരും ഇപ്പോള്‍ തയ്യാറെടുക്കുകയായിരിക്കും. പാവം വേലായുധേട്ടന്‍ !


ഇനിയും രാത്രിയിലേക്ക്‌ പോകാന്‍ മടിച്ച്,  വെളിച്ചം മടിപിടിച്ച് മേയുന്ന കുന്നിന്‍ ചെരുവില്‍ , മണ്ണിടിഞ്ഞുവീണുണ്ടായ ചെറിയ ഗുഹ പോലുള്ള ആ സ്ഥലം.  സുമിത്ര ആടുകളെയും കൊണ്ട് കയറി നിന്ന ; സേതുവില്‍ നിന്നും ആദ്യ ചുംബനം വാങ്ങിയ ആ സ്ഥലം !


സേതു വളര്‍ന്നു സേതു മുതലാളി ആവുകയും സുമിത്ര ഭ്രാന്തിയായ സന്യാസിനി ആവുകയും ചെയ്തു പിന്നീട്  " കാല"ത്തില്‍ .

സുമിത്രയുടെ അവസാന വാക്ക് ഇപ്പോഴും ഈര്‍ച്ച വാളു പോലെ മനസിനെ ആഴത്തില്‍ മുറിവേല്പിക്കുന്നു ( ആസ്വാദകരുടെ )


" സേതൂനെന്നും  സേതൂനോട്  തന്ന്യേ സ്നേഹം തോന്നീട്ടുള്ളൂ ... ! "

അരയാല്‍ വീണു കിടക്കുന്ന വേലപ്പറമ്പും , പിന്നെ പഞ്ചാര മണല്‍പ്പരപ്പും താണ്ടി, കട്ട വിണ്ടു കിടക്കുന്ന പാടം കയറി കഴിഞ്ഞപ്പോള്‍ അകലെ, വെയില്‍ കായാന്‍ മുടിപരത്തിയിട്ടു  ഒരമ്മൂമ്മ കൂനിയിരിക്കുന്ന പോലുള്ള ആ "നാലുകെട്ട്" കാണാം .വൈക്കോല്‍ മേഞ്ഞ മോന്തായവും, വെട്ടാവളിയന്‍ കൂടുകെട്ടിയ വിണ്ടു കീറിയ ഭിത്തികളോടും കൂടിയ, സ്നേഹത്തിന്‍റെ തറവാട്.

മുറ്റത്ത് വിളക്ക് വെക്കുന്ന കുഞ്ഞിക്കൈകള്‍ പത്മുവിന്‍റെ തന്നെ. ഒന്നരയും ഉടുത്ത്‌ ഇറയത്ത് തന്നെയുണ്ട് ചെറിയമ്മ. ഈ ഇറയത്താണല്ലോ ഒരു സിംഹള പെണ്‍കുട്ടി തീപ്പൊരി ചിതറിച്ച് അച്ഛനെയും കൊണ്ട് ഇറങ്ങി പോയത്.പുറകില്‍ എങ്ങോ തിരിച്ചാല്‍ കണ്ണുരുട്ടുന്ന ആ മൂങ്ങ എവിടെയാണോ ഇപ്പോള്‍ ?


അന്വേഷണത്തിന് കുറെ ദൂരത്തുനിന്നാണെന്ന് പറഞ്ഞു.അതെ കുറെ ദൂരത്തു നിന്നും വളരെ വളരെ അകലെ "വായനാദൂരത്ത്" നിന്നും !


ഗുരുനാഥന്റെ പേര് പറഞ്ഞപ്പോള്‍ ഇരിക്കുവാന്‍ ക്ഷണിച്ചു. അദ്ദേഹം അവിടെയില്ലെന്നും.


ഉപചാരപൂര്‍വ്വം കുപ്പക്കല്ലില്‍ കാല്‍ കഴുകി. കസേരയിലെക്കുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.ഇളംതണുപ്പുള്ള തിണ്ണമേലിരുന്നു. ഉറകുത്തിയ പൊടി അവിടവിടെ വീണുകിടക്കുന്നു.


 അപരിചിതത്വത്തിന്റെ നിഴല്‍ നിറചിരിവെളിച്ചത്തില്‍ ഓടിയകന്നപ്പോള്‍ , കതകും ചാരിയിരുന്ന് അമ്മ പഴമ്പുരാണകഥക്കെട്ടു തുറന്നു. ഗുരുവിന്‍റെ നിധിശേഖരം !

"ഇനി വെരുമ്പോ ഒരണക്ക് ഇത്തിരി മൂക്കിപ്പൊടി കൊണ്ടരണം,, ചെന്നി കുത്തുമ്പോ അതാ നല്ലതേ " ചെറിയമ്മയുടെ സ്വകാര്യത്തിന് കണ്ണുരുട്ടുന്ന അമ്മ. ഇന്ന് വഴക്ക് ഉറപ്പാണ്‌.ഇവിടെ ഒന്നും മാറിയിട്ടില ! ആരും മാറിയിട്ടില്ല !

നേന്ത്രപ്പഴം നുറുക്കിയതും പാലൊഴിക്കാത്ത ചായയും കഴിച്ച് അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ ഓര്‍ത്തു :

" എന്‍റെ ഗുരുനാഥാ, ഇത്രയും നന്മ നിറഞ്ഞ കളങ്കമില്ലാത്ത മനുഷ്യരെ ഗര്‍ഭത്തിലേറ്റുന്ന ഈ ഗ്രാമം അല്ലെങ്കില്‍ ഇത് പോലൊരു ഗ്രാമം  സ്വപ്നത്തിലെങ്കിലും അനുഭവിക്കുവാന്‍
യോഗമുണ്ടാകുമോ പുതു തലമുറക്ക് ? "

നിളയുടെ മുകളിലൂടെ  ഇരുമ്പുചക്രങ്ങളുരച്ചു വിറപ്പിച്ച് ശബ്ദം മുഴക്കി  തീവണ്ടി കൂകിയകന്നു.

ഇവിടെ ഞാന്‍ ഈ മരുഭൂമിയുടെ ദേശത്ത്, പ്രവാസ ജീവിതത്തിന്റെ മറ്റൊരു  പ്രയാസ ദിവസത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു . മനസ്സിലൊരു പെയ്യാമേഘമായി ഗുരുനാഥനും ഗ്രാമവും !
നിന്റെ മുറിവുകൾ നമ്മുടെ വേദനകളായിരുന്നു....
0 Comments Yet, Add Yours...
 കഥ
ജഫു ജൈലാഫ്
www.jailaf.blogspot.com








“ആർക്കു വേണ്ടിയാ നീയെന്നെക്കൊന്നത്? എനിക്കിനിയും ജീവിക്കണമായിരുന്നു. എന്റെ മകളിന്നനാഥയായില്ലേ കരൺ."

”നിന്റെ മുഖത്തേക്ക് ചീറ്റിയ എന്റെ ചോരക്ക്, സ്നേഹത്തിന്റെ ചോപ്പ് നിറമായിരുന്നില്ലേ, സാഹോദര്യത്തിന്റെ തുടിക്കുന്ന ഗന്ധവും. ചെമ്മണ്ണ്‌ വിരിച്ച പാതയോരത്ത് ഉരുണ്ടുവീണ നിന്റെ മുറിവുകളിൽ, എന്റെ തുപ്പുനീര്‌ നിനക്ക് നീറ്റലാണോ നല്കിയത്. ഉണങ്ങിയ പാടുകൾക്കൊപ്പം ഓർമ്മകളും മാഞ്ഞുപോയിരിക്കുന്നു.  ആ കാലുകൾ കൊണ്ടല്ലേ കരൺ, നീയെന്നെ ചവിട്ടി വീഴ്ത്തിയത്.“

”പെറുക്കിക്കൂട്ടിയ വളപ്പൊട്ടും, ഇട്ടുകൂട്ടിയ നാണയത്തുട്ടുകളും നമ്മുടേതു മാത്രമായ സമ്പാദ്യങ്ങളായിരുന്നു. പ്രകാശിക്കുന്ന നിറക്കൂട്ടുകൾ മനസ്സിന്റെ പൂമുഖത്തേക്ക് വാരിയെറിഞ്ഞല്ലേ ഹോളിയും, ദീപാലിയും നമ്മളൊന്നിച്ചാഘോഷിച്ചത്. പെരുന്നാളിന്റെ പുത്തനുടുപ്പുകൾ നമ്മളൊരുമിച്ചല്ലേയണിഞ്ഞത്. അതിൽ പുരട്ടിയ അത്തറിന്റെ മണമായിരുന്നു നമ്മുടെ കുസൃതികൾക്കും.“

”മഴനൂലുപെയ്യുന്ന മദ്ധ്യാഹ്നങ്ങളിൽ മത്സരിച്ചായിരുന്നു മഴനനഞ്ഞത്. ബാല്യകൗമാരങ്ങൾക്ക് മുകളിലുദിച്ച യൗവനകാലം നമുക്കുള്ള അതിർവരമ്പുകളായില്ലൊരിക്കലും. ഗ്രാമത്തിന്റെ ഇടവഴികൾക്കാനന്ദമായി നമ്മൾ പാറി നടന്നു.“

”എന്റെ വിവാഹനാളിൽ, നിന്റെ കണ്ണീരെനിക്കുള്ള പ്രാർത്ഥനകളായിരുന്നു. എന്നിട്ടും... ഞാനെപ്പോഴാണ്‌ നിനക്കൊരന്യയായത്. നിറവയർ പിളർന്ന കൊടുവാളിനേക്കാളെനിക്ക് നൊന്തത്, നീയെന്റെ പവിത്രതയിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴായിരുന്നു. തച്ചുടച്ച സാഹോദര്യത്തിന്റെ പൊള്ളുന്ന അവശിഷ്ടങ്ങൾക്കു മുകളിൽ, നിനക്കെങ്ങനെയാണ്‌ വിജയം ആഘോഷിക്കാനായത്?“

”കരൺ.... നെഞ്ചോട് ചേർന്നുറങ്ങുന്ന നിന്റെ മകന്‌, സഹജീവി സ്നേഹത്തിന്റെ ശാന്തി മന്ത്രങ്ങൾ ഒരുണർത്തു പാട്ടാകണം. നമ്മുടെ മക്കൾ ഈനാടിന്റെ പൂത്തുമ്പികളാകണം.“

”സൈറാ.....“

ഉറക്കിൽ നിന്നും പിടഞ്ഞെണീറ്റ കരണിന്റെ പിൻകഴുത്തിലേക്ക് മൂർച്ചയേറിയ മരണം തുളഞ്ഞുകയറി. ഇരുട്ടു പുതച്ച മൗനത്തിനെ ഭയപ്പെടുത്തിക്കൊണ്ട് തെരുവുകളിൽ, ജാതിസ്പർദ്ധയുടെ നീണ്ട ഓരിയിടൽ.

മാലാഖമാരെ കൂട്ടുപിടിച്ചുറങ്ങുന്ന പൈതലിന്നടുത്തേക്ക് ഒഴുകിയെത്തിയ അവന്റെ രക്തം, ആ കുഞ്ഞു ചെവികളിൽ മന്ത്രിച്ചു ”ബേഠാ.. തും കോ ഏക് അച്ചാ ഇൻസാൻ ബന്‍യാ  ചാഹിയെ.. ഞാൻ കളങ്കപ്പെടുത്തിയ മനുഷ്യത്വത്തിന്റെ ഒരു യഥാർത്ഥ കാവലാളായിത്തീരണം.“ നിഷ്കളങ്കമായ പാൽപുഞ്ചിരിയിലപ്പോൾ വിടർന്നത്, ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്നു.
മായക്കാഴ്ചകൾ
0 Comments Yet, Add Yours...

 കഥ
റൈനി ഡ്രീംസ്



 മുറിക്കുള്ളിലെ ഇരുട്ടിൽ ഭയപ്പാടോടെ ചുറ്റും നോക്കി മലർന്നു കിടന്ന്, പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശ്ശബ്ദമായ ഉറക്കത്തിൽ നിന്നും തന്നെ ഉണർത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടിൽ അകലെ എവിടെ നിന്നോ ചെന്നായ്ക്കൾ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ അത്തിമരക്കൊമ്പിൽ നിന്ന് ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകൽ കേൾക്കുന്നു. ഇടക്ക് വീശിയ ഒരു കൊച്ചു തെന്നൽ, തുറന്നിട്ട ജനല്പാളികൾ ഇളക്കി ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ ഓർമ്മകളിലേക്ക് പറിച്ചു നട്ടു.
ഗോപിക്കുഞ്ഞ് എങ്ങ്ടാ ഈ നേരത്ത്തുളസിത്തറയിൽ വിളക്ക് വെച്ച് തിരിഞ്ഞു നിന്ന മീനാക്ഷിയമ്മ കാവിലേക്കുള്ള വഴി നടക്കുന്ന തന്നെ നോക്കി ചോദിക്കുന്നു..
ഞാ.. മ്മടെ കുഞ്ഞാരേട്ടനെ ഒന്ന് കാണാൻ എറങ്ങ്യേതാ ന്റോപ്പോളമ്മേ.. പെരന്റെ കെയക്കോറം ഇടിഞ്ഞ് നിക്കണ്.. അതൊന്ന് ശര്യാക്കണം.. ഇപ്പ ചെന്നെങ്കിലല്ലെ കുഞ്ഞരേട്ടനെ കാണാനൊക്കുള്ള്..
ഇന്നിപ്പങ്ങ്ട് പോണ്ട, വെള്ള്യായ്ച ആ വഴി അത്രക്കങ്ങ്ട് ശര്യല്ല, കാവിന്റുമ്പില് നിക്കണ ആ പാലമരത്ര ശരില്യാ..ഓപ്പോളമ്മ ചുണ്ടുകൾ കൊണ്ട് പറഞ്ഞതിനും വളരെയേറെ കണ്ണുകൾ കൊണ്ട് പറഞ്ഞു..
അതൊക്കീപ്പോ നോക്ക്യാ ശര്യാവോ മഴ പെയ്യണത് നിർത്താനും തേടീട്ട് ഒരു പട കുടീല് വെഷമിക്കണത് കണ്ടാ ……….“
വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ഓപ്പോളമ്മ ഇടക്ക് കയറി
വേണ്ട, ഇന്നങ്ങ്ട് പോണ്ടാന്നല്ലെ പറേണത് തിരിച്ച് പൊക്കെന്റെ ചെക്കാ..
അന്ത്യശാസനം നൽകി ഓപ്പോളമ്മ അകത്തേക്ക് നടന്നു..
വന്നവഴി തിരിച്ചു നടക്കാനൊരുങ്ങവേ തണുത്ത കാറ്റ് വീശി, ഓപ്പോളമ്മ വെച്ച തിരി വെട്ടമണഞ്ഞ് തുളസിത്തറിയിൽ നിന്നും ഒരു കുഞ്ഞു പുകച്ചുരുളുയർന്നു. വന്ന വഴി തിരിച്ചു നടക്കുമ്പോൾ മനസിലെ വേലിയേറ്റം ശക്തമായിരുന്നു………………
ഓർമ്മകളെ മനപ്പൂർവ്വം മുറിക്കാൻ ശ്രമിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു ഗോപി. യക്ഷിപ്പേടി മനസിന്റെ ഒളിസങ്കേതങ്ങളിലെവിടെയോ ഒളിപ്പിച്ചതിനൊപ്പം നിദ്രയും പോയൊളിച്ചു.
കനത്ത ഇരുട്ടു നിറഞ്ഞ മുറിയിൽ മുളം കട്ടിലിൽ വെറുതെ എഴുന്നേറ്റിരുന്നു, ജനലിന്റെ കുഞ്ഞു മരക്കഷ്ണത്തിൽ വെച്ച തീപ്പെട്ടി തിരഞ്ഞെടുത്ത് കത്തിച്ച് വിളക്ക് പരതുന്നതിനിടെ കാൽ തട്ടി വിളക്ക് മറിഞ്ഞു. തറയിൽ പരന്ന മണ്ണെണ്ണയുടെ മണം അസ്വസ്ഥത നിറച്ചു.
വിളക്ക് കത്തിച്ച് മുളങ്കട്ടിലിനടിയിൽ നിന്നും പഴയ ഇരുമ്പു പെട്ടി വലിച്ചെടുത്ത് കാരണമില്ലാതെ തുറന്നു. നിറഞ്ഞു കിടന്ന കടലാസു തുണ്ടുകൾ കൈകളാൽ പരതി എന്തൊക്കെയോ തിരഞ്ഞു. മനസറിയാതെ യാന്ത്രികമായ പ്രവൃത്തി. കൈ പിൻവലിച്ചു.  ഓർത്തുനോക്കി,  എന്താണ് തിരയുന്നത്..? ഉത്തരം കിട്ടിയില്ല, പിന്നെയും എന്തോ കടലാസുകൾക്കിടയിൽ കൈകൾ അരിച്ചു നടന്നു. ഓരോ കടലാസു തുണ്ടും എടുത്തു മറിച്ചു നോക്കി, തലക്കെട്ടുകൾ വായിച്ചു നോക്കി തിരികെ വെച്ചു.
എന്താ ദൈവേ.. ഞാനീ തെരയണേഗോപി സ്വയം ചോദിച്ചു. ഉത്തരം കിട്ടിയതേയില്ല.
ഇടക്കൊരു തുണ്ടു കടലാസ് കയ്യിൽ തടഞ്ഞു.. മടക്കിയ കടലാസു കയ്യിലെടുത്തു. കടലാസിലേക്ക് കണ്ണുകൾ നീണ്ടു, വായിക്കാനാവുന്നില്ല, വിളക്കിനു നേരെ അടുത്തു പിടിച്ചു. കണ്ണിൽ നനവു പടർന്നത് തുടച്ചെടുത്തപ്പോൾ അക്ഷരങ്ങൾ വ്യക്തമായി തെളിഞ്ഞു വന്നു..വെളുത്ത കടലാസു കഷ്ണത്തിലെ കറുത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ തുടങ്ങി..
കാർത്തീടെ കോവ്യേട്ടന്
ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത കണ്ണിൽ നനവു പടർന്നു. കണ്ണിൽ നീരു പടരുന്നതിനൊപ്പം കയ്യിൽ വിറ പടർന്നു..വായിച്ചു മുഴുമിക്കാനാവില്ല.. കടലാസു നാലാക്കി മടക്കി പെട്ടിയിൽ വെച്ചു..
ചമ്രം പടിഞ്ഞ് തറയിലിരുന്ന് താടിക്ക് കൈകൊടുത്ത് ചിന്തയിലാണ്ടു.. എന്തെന്നോ ഏതെന്നോ അറിയാത്ത ഏതോ ചിന്തയിൽ വെറുതെ ഇരുന്നു.
അല്പനേരം കഴിഞ്ഞു, തറയിൽ നിന്നെഴുന്നേറ്റു, വിളക്ക് കയ്യിലെടുത്ത് ഊതിക്കെടുത്തി മുളം കട്ടിലിനടിയിലേക്ക് നീക്കി വെച്ചു.
അത്തിമരത്തിലെ രാക്കിളിയുടെ രോദനം നിലച്ചിരുന്നു, ചെന്നായ്ക്കളുടെ ഓരിയിടൽ ഇപ്പോൾ കേൾക്കുന്നില്ല, കട്ടിലിൽ കയറി കിടന്നു.. മലർന്നു കിടന്നു, കമിഴ്ന്നു കിടന്നു, വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടന്നു. പോയ്മറഞ്ഞ നിദ്രയെ തിരികെയെത്തിക്കാൻ കഴിഞ്ഞില്ല. കണ്ണുകളടച്ചു, ഇറുകെയടച്ചു.  ഉറക്കം വന്നതേയില്ല. കണ്ണുകൾക്ക് മുൻപിൽ വീണ്ടും മായക്കാഴ്ചകൾ നിറയുന്നു.
ഇതെപ്പളാ കോവ്യേട്ടാ പൂക്കണത്
ചുവന്ന പനിനീർച്ചെടിയുടെ കൊമ്പ് നടുമ്പോൾ കാർത്തിക അരികിൽ നിന്ന് ചോദിക്കുന്നു
വേരു പൊട്ടട്ടെ, കിളിർക്കട്ടെ, എന്നിട്ടല്ലെ പൂവിടണത്
ഈ ചെടീന്റെ ആദ്യണ്ടാവണ പൂ എനിക്ക് നേർന്നാ വേം പൂവിട്ടോളുംപറഞ്ഞുകൊണ്ട് അവൾ ഒളികണ്ണിട്ട് നോക്കുന്നു..
നിന്റെ തിളങ്ങുന്ന കണ്ണുകളില് ആയിരം പൂക്കളുള്ളപ്പോൾ എന്തിനാ പെണ്ണെ ഇനിയൊരു പൂ എന്ന് പറയാൻ നാവു കൊതിച്ചു.
അകത്ത് റേഡിയോ പ്രവർത്തിപ്പിക്കുന്നു സുന്ദരമായ ചലച്ചിത്രഗാനം കാറ്റിലൂടെ മുറ്റത്തേക്കൊഴുകി വീണു.
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ. നീ പാടാത്തതെന്തേ..“
കണ്ടിട്ട്ണ്ടാ അതിനെ..കാർത്തികയുടെ ചോദ്യം..
എന്തിനെ..
ആ പക്ഷീനന്നെ അല്ലാണ്ടെന്താ.“
അറീല്യ
അതെന്താ അറീ്ല്യാത്തെ
അറീല്യ അത്രന്നെ
എഴാം സ്വർഗ്ഗത്തിന്റെ വാതിലിന്റെ തുന്നാരത്ത് കൂടു കൂട്ടണ പക്ഷ്യാത്രെ അത്, സ്വർഗ്ഗവാതിൽപ്പക്ഷി, അതിനെക്കണ്ടാ ഐശ്വര്യം വരൂത്രെ,“
തുറന്നിട്ട ജനൽപ്പാളികൾക്കുള്ളിലൂടെ ചിറകിട്ടു പറന്നു കയറിയ വവ്വാൽക്കുഞ്ഞ് മനസ്സിലെ മായക്കാഴ്ചകൾക്ക് വിരാമമിട്ടു. തിരിഞ്ഞും മറിഞ്ഞും എപ്പോളോ നിദ്രയുടെ കയത്തിലേക്ക് ഊളിയിട്ടു.
പുലർച്ചെ എഴുന്നേറ്റു, പല്ലുതേക്കാതെ മുഖം കഴുകാതെ സൂര്യനുദിച്ചുണരും മുൻപേ നടന്നു.. നിയന്ത്രണം നഷ്ടമായ മനസ്സ് ആരുടെയോ ചൊല്പടി അനുസരിക്കുന്നു. നേരെ നടന്നു, പള്ളിക്കാടിന്റെ മുന്നിലൂടെ നടക്കുമ്പോൾ മീസാൻ കല്ലുകൾക്ക് മുകളിൽ ആരൊക്കെയോ നിന്ന് ചിരിക്കുന്നു. ആരാണെന്നറിയില്ല, തിരിച്ചും ചിരിച്ചു കൊടുത്തു.
വരണില്ലേമീസാൻ കല്ലുകൾക്കിടയിൽ നിന്ന് ചോദ്യം
വരാംമനസറിയാതെ ചുണ്ടുകൾ മറുപടി നൽകി..
ആരൊക്കെയോ വീണ്ടും ചിരിച്ചു. സൗഹൃദം ചോദിക്കുന്ന പുഞ്ചിരിയോ പരിഹാസ ചിരിയോ, ഒന്നും അറിഞ്ഞില്ല, മനസ്സിലാക്കാൻ ശ്രമിച്ചതുമില്ല.
പള്ളിക്കാട് കടന്ന് കാലുകൾ വീണ്ടും ചലിച്ചു. കാവും അമ്പലവും പള്ളിയും ഒന്നും രണ്ടും മൂന്നും പിന്നിലാക്കി നടന്നു..
ദൂരം താണ്ടി പുഴക്കരയെത്തി, മുന്നിലെ വെള്ളത്തിലേക്ക് കാൽ വെച്ചു. ചുട്ടുപൊള്ളുന്നു കാലുകൾ..
പുഴയിലെ വെള്ളത്തിന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിന്റെ ചൂട് കാലു പൊള്ളിയോ
വെള്ളത്തിൽ വെച്ച കാൽ പിൻവലിച്ചു. വന്ന വഴിയിലേക്ക് തിരിഞ്ഞു. തിരിച്ചു നടന്നു, വീണ്ടും പള്ളിക്കാടുകൾ, കാവുകൾ അമ്പലങ്ങൾ, ഒന്ന്, രണ്ട്, മൂന്ന്. ആദ്യ യാത്രയിൽ കണ്ട അവസാനക്കാഴ്ചകൾ മടക്കയാത്രയിൽ ആദ്യക്കാഴ്ചകളായി..
തൊണ്ട വരണ്ടു, മഞ്ഞപ്പഴക്കുല കെട്ടിത്തൂക്കിയ ചായക്കടക്ക് മുൻപിൽ കാലുകൾ നിന്നു..
ഒരിറ്റ് വെള്ളം തര്വോ..“
വെള്ളം കിട്ടി, വെള്ളപ്പാത്രം ചുണ്ടിൽ തട്ടിയപ്പോൾ ചുണ്ട് പൊള്ളിയോ എന്തൊരു ചൂട് ഊതി ഊതി ആറ്റാൻ തുടങ്ങി
പച്ചവെള്ളാ.. കുടിച്ചോ. ചൂടാറ്റണെന്തിനാഅനുകമ്പയോടെ കടക്കാരൻ പറഞ്ഞു
പച്ചവെള്ളമോ, വിരലു കൊണ്ട് തൊട്ട് നോക്കി, അല്ല, തിളച്ചവെള്ളം തന്നെ, ചുണ്ടിനും നാവിനും ഒരുപോലെ തെറ്റു പറ്റില്ല
വിശക്കണുണ്ടോ എന്തെങ്കിലും തിന്നണോകടക്കാരൻ.
ഉംപൈസയില്ല
ബെഞ്ചിലിരുന്നു, ഡസ്കിൽ പുട്ടും കടലയും കൊണ്ടു വച്ചു തന്നു..
പാത്രത്തിലെ പുട്ട് മെല്ലെ അകത്താക്കി, കടലക്കറി തൊടാൻ തോന്നിയില്ല, ആട്ടുങ്കാട്ടം പോലെ ..
കടക്കാരനെ നോക്കി ചിരിച്ചു. ഇറങ്ങി നടന്നു
പ്രാന്തൻ കോവ്യേപ്രാന്തൻ കോവ്യേ..തെരുവിലെ കുട്ടികൾ അട്ടഹസിച്ചു ചിരിച്ചു..
അവരെ നോക്കി ചിരിച്ചു.. മുന്നിലെ വഴിയിലൂടെ കാലുകൾ ചലിച്ചു.
മുറ്റത്തെ പഴയ പനിനീർച്ചെടിയുടെ പുതു തലമുറയിലെ ഒന്നിൽ വിടർന്ന് നിന്ന ചുവന്ന പൂ മോഷണം പോയിരിക്കുന്നു..
മനസു നൊന്തു, എന്നിട്ടും കരഞ്ഞില്ല, തുറന്ന് കിടന്ന വാതിൽ കടന്ന് അകത്തെ മുറിയിലേക്ക് നടന്നു
മുളങ്കട്ടിലിന്റെ അടിയിലെ ഇരുമ്പുപെട്ടി വലിച്ചെടുത്തു ഞെട്ടിപ്പോയി..
പെട്ടിക്കുമുകളിൽ ഒരു ചുവന്ന റോസാപ്പൂവിനൊപ്പം ചേർത്തു വെച്ച വർണ്ണക്കടലാസ് നിവർത്തി വായിച്ചു..
കാർത്തീടെ കോവിയേട്ടന്..“
ജലജീവിതം
0 Comments Yet, Add Yours...
 കഥ
അനാമിക

ഇത് കൊക്കൊബന്‍ !
ഭൗമശാസ്ത്രജ്ഞന്‍മാരൊന്നും ഗാസ്സയുടെ ഭൂപടത്തിൽ അടയാളപ്പെടുത്താൻ മിനക്കെട്ടിട്ടില്ലാത്ത, അടിസ്ഥാന സൌകര്യങ്ങൾ ഒന്നുംതന്നെയില്ലാത്ത, ആരുടെയും കണ്ണിൽപ്പെടാതെ കിടന്നിരുന്ന ഒരു കൊച്ചു ഗ്രാമം.  നഗരത്തിൽ നിന്നും ഏറെ അകലെയാണിത്.
ഈ ഗ്രാമത്തിൽ ജലത്തിനായുള്ള പോരാട്ടം ഇന്നേക്ക് മൂന്നു മാസം പിന്നിടുന്നു.
നന്നേ വരണ്ട കാലാവസ്ഥയുള്ള ഇവിടെ ജനങ്ങൾ നേരിടുന്ന പ്രധാന ഭീഷണി ജലക്ഷാമം തന്നെയായിരുന്നു. കഠിനമായ വിധത്തിലാണ് ഈശ്വരന്‍ ഭൂമിയെ സൃഷ്ടിച്ചത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കൊക്കോബന്‍...!
    വലിയ പാറക്കല്ലുകളും, ഉണങ്ങി വരണ്ട ഭൂമിയിൽ അവശേഷിക്കുന്ന ഉണങ്ങിയ മരങ്ങളുടെ സ്മാരകങ്ങൾ ആയ മരക്കുറ്റികളും,  കാലം സ്വയം കൊത്തിയെടുത്ത ഗുഹകളും മാത്രമേ ഇന്നവിടെ അവശേഷിക്കുന്നുള്ളൂ. പച്ചപ്പിന്റെതായ അവസാന അടയാളവും അവിടെനിന്നും മാഞ്ഞുപോയിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടം പട്ടാളം കയ്യേറിയത്. അതുവരെ ആ ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം അവിടെ നിന്നും ലഭിച്ചിരുന്നു.
ലോകത്തിൽ ജലയുദ്ധം രൂക്ഷമായി പടര്‍ന്നു പിടിക്കുമ്പോൾ അവശേഷിക്കുന്ന കിണറുകളിലെ വെള്ളവും വൈദ്യുതി വേലിക്കകത്ത് പട്ടാളം തടവിലാക്കി.  ആ അതിര്‍ത്തി ലംഘിച്ച് ആര്‍ക്കും വെള്ളം ലഭിക്കുമായിരുന്നില്ല. വെടിയൊച്ചകളും തീയും പുകയും സദാ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ ക്രമേണ മാറിപ്പോയി. കുഞ്ഞുങ്ങള്‍ക്ക് ഒരു കവിൾ നിറയെ വെള്ളം കൊടുക്കുക എന്നുള്ള ലക്ഷ്യത്തോടെ പട്ടാളത്തോട് ഏറ്റുമുട്ടി മരണം വരിച്ചു, പുരുഷന്മാരിൽ ഏറിയ പങ്കും. അപൂര്‍വം വീടുകളിൽ അവശേഷിക്കുന്ന പുരുഷന്മാർ പരിക്കേറ്റും ഭയന്നും പിന്മാറുകയാണ് ഉണ്ടായത്.
ജലയുദ്ധം തുടങ്ങിയതിനു ശേഷം ഉപയോഗത്തിനുള്ള ഓരോ തുള്ളിയും വലിയ വിലയ്ക്ക് പാട്ടാളത്തിൽ നിന്നും വാങ്ങണമായിരുന്നു. കയ്യിലുള്ള വരുമാനം തുച്ഛമായിരുന്നതു കൊണ്ട് സാധാരണക്കാരായ ഗ്രാമീണര്‍ക്ക് വെള്ളമൊരു അപ്രാപ്യമായ വസ്തുവായി തീര്‍ന്നിരുന്നു. കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ തൊണ്ട നനയ്ക്കുവാന്‍ മാത്രമുള്ള വെള്ളം പോലും കൊടുക്കാനാകാതെ അമ്മമാർ വിഷമിച്ചു. ദാഹിച്ചു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ കാണുവാന്‍ വയ്യാതെ ചില സ്ത്രീകൾ പൊട്ടിത്തെറിച്ചു. ചിലർ പട്ടാളക്കാരുടെ മുന്‍പിൽ കരഞ്ഞു കാലുപിടിച്ചു.  പട്ടാളക്കാർ വലിയൊരു തമാശ കാണുംമട്ടിൽ അവരെ നോക്കി അശ്ലീലമായ ആംഗ്യങ്ങൾ കാട്ടി.
       ആ നാട്ടിലെ കിണറുകള്‍ക്കെല്ലാം സ്ഥാനം കണ്ടിരുന്ന കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു യഫ.  ജലസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിവുള്ള അവളുടെ നേതൃത്വത്തിൽ സ്ത്രീകൾ ഒത്തുക്കൂടി.  അവരുടെ ജീവിതം അത്രയ്ക്കും ദു:സ്സഹമായി തീര്‍ന്നിരുന്നു. ജലത്തിനായി കരം കൊടുക്കേണ്ടാത്ത, യഥേഷ്ടം ജലം ലഭിക്കുന്ന ഒരു സ്ഥലത്തേക്ക്, ജനിച്ചു വളര്‍ന്ന നാട് ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരുമായി പോകാന്‍ അവൾ തീരുമാനിച്ചു. ഭൂമിയിൽ മുക്കാൽ പങ്കും ജലമുള്ള സ്ഥിതിയ്ക്ക് എവിടെയെങ്കിലും അത്തരമൊരു നാട് കണ്ടെത്താനാകുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. പ്രതീക്ഷകൾ നശിച്ച്, ഭയത്താൽ ജീവിച്ചിരുന്ന ഗ്രാമീണരിൽ ആരും തന്നെ അവളെ പിന്തുടരാൻ തയ്യാറായില്ല .പെണ്‍ബുദ്ധി പിന്‍ബുദ്ധിയാണെന്നു ചിലർ പരിഹസിക്കുകക്കൂടി ചെയ്തു.  പക്ഷെ, തോറ്റു പിന്‍മാറുവാൻ അവൾ തയ്യാറായിരുന്നില്ല. ജലസ്രോതസ്സ് തിരിച്ചറിയാനുള്ള ചെറിയൊരു സൂചികയും അല്പം കുടിവെള്ളവും ഭക്ഷണവും കരുതി നെഞ്ചിൽ ഒരു കനലാഴിയുമായി അവൾ നടപ്പു തുടര്‍ന്നു.
    ഭാഗ്യമുണ്ടെങ്കിൽ തങ്ങള്‍ക്കൊരു ജലജീവിതവുമായി അവൾ തിരിച്ചെത്തുമെന്ന് അവരിൽ പലരും വിശ്വസിച്ചു. ജീവന്‍റെ ഉറവ കണ്ടെത്താനായി അവൾ കുന്നുകൾ കയറി, കുന്നുകൾ ഇറങ്ങി, ചുട്ടുപൊള്ളുന്ന മരുഭൂവിൽ പലകുറി തളര്‍ന്നു വീണു. അവളുടെ കാലടികൾ തേഞ്ഞിരുന്നു. വയർ കത്തിക്കായുന്നുണ്ട്. പക്ഷെ, ജീവിതത്തിന്റെ ദുരന്ത പൂര്‍ണ്ണമായ ദിനങ്ങൾ താണ്ടാൻ അവൾ തയ്യാറായിരുന്നു. കരുണയില്ലാതെ ജ്വലിക്കുന്ന സൂര്യനോട്, നീതി ബോധമില്ലാതെ വീശുന്ന കാറ്റിനോട് , കാലുകളിൽ കനലു കോരിയിടുന്ന മണല്‍പ്പരപ്പിനോട് എല്ലാം അവൾ അപേക്ഷിച്ചു : "എന്നോടൊരൽല്പം കരുണ കാണിക്കൂ... ജീവന്‍റെ ഉറവ കണ്ടെത്താന്‍ എന്നെ സഹായിക്കൂ". ഭയാനകമാം വിധത്തിൽ വിസ്തൃതമായി കിടക്കുന്ന മരുപ്പരപ്പിൽ,  ഉള്ളിലെ കരുത്തുമുഴുവൻ കാലുകളിൽ ആവാഹിച്ച് അവൾ അലഞ്ഞു. പകൽ മുഴുവന്‍ കനൽപോലെ ജ്വലിച്ച മണൽ, രാത്രിയിൽ മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു.  തണുപ്പ് ഓരോ രോമകൂപത്തെയും പൊതിഞ്ഞു. വിറയ്ക്കുന്ന കൈകാലുകളോടെ ദീര്‍ഘനിശ്വാസങ്ങൾ ഉതിര്‍ത്തുകൊണ്ട് അവളൊരിടത്തിരുന്ന് ക്ഷീണത്താൽ ഒന്ന് മയങ്ങി.
    നിരാശ വേദനയായി കണ്ണിൽ പടര്‍ന്നപ്പോൾ നീറുന്ന വ്യഥകളോടെ അവളാ യന്ത്ര സൂചി വലിച്ചെറിഞ്ഞു. 'ഒരു കരുണയും വര്‍ഷിക്കാതിരിക്കുവാൻ മാത്രം പാപിയാണോ ഞാൻ, അല്ലാഹ്' എന്നവൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചു. പിന്നീട് ഒരു ഭ്രാന്തിയെപ്പോലെ കരയാന്‍ തുടങ്ങി.  പെട്ടെന്ന് അവളുടെ കണ്ണുകൾ വലിച്ചെറിഞ്ഞ സൂചിയിൽ പതിച്ചു. ജലസാന്നിധ്യം അറിയിച്ചു കൊണ്ട് അത് അതിവേഗം കറങ്ങുന്നുണ്ടായിരുന്നു.  അതിന്റെ വേഗത്തിനൊപ്പം അവളുടെ ഹൃദയം മിടിക്കുകയും മുഖത്ത് പുഞ്ചിരി വിരിയുകയും ചെയ്തു. അവളോടിച്ചെന്ന് അത് കയ്യിലെടുത്ത് കൃത്യമായ ജലസ്ഥാനം അടയാളപ്പെടുത്തി. പേരറിയാത്ത, ജനവാസമില്ലാത്ത അത്തരമൊരു സ്ഥലത്ത് കരം കൊടുക്കേണ്ടാത്ത ജലസ്രോതസ്സ് കണ്ടെത്താനായതിൽ അവൾ ദൈവത്തെ സ്തുതിച്ചു. ജലയുദ്ധമില്ലാത്ത, പച്ചപ്പ് നിറഞ്ഞൊരു ഗ്രാമത്തെ മനസ്സിൽ വിഭാവനം ചെയ്തുകൊണ്ട് അവളവിടെ കുഴിക്കാന്‍ തുടങ്ങി.  ജലസാന്നിധ്യമറിയുന്ന അവള്‍ക്കു മുന്‍പിൽ, ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ ജീവനും ജീവിതവുമേകാൻ ഭൂമിയിലെ സ്രോതസ്സുകൾ വാതിൽ തുറക്കുവാൻ തയ്യാറായി നിന്നു. അവളുടെ ദീര്‍ഘശ്രമത്തിനൊടുവിൽ വെള്ളം തുളുമ്പിത്തെറിച്ചുകൊണ്ട് ഭൂമിയിൽ ഒരുറവ തുറക്കപ്പെട്ടു.  വിറയ്ക്കുന്ന കൈകളോടെ വെള്ളം കോരിയെടുത്ത അവൾ ഞെട്ടിപ്പോയി.  നെഞ്ചുപിളര്‍ത്തുന്ന നിലവിളിയുമായി അവൾ കണ്ണു തുറന്നു. അവളുടെ ആഗ്രഹങ്ങൾ മാത്രമാണ് ആ സ്വപ്നമായി വന്നതെന്ന് അന്നേരം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
    എങ്കിലും പ്രതീക്ഷ കൈവിടാതെ അവൾ വീണ്ടും നടക്കാന്‍ തുടങ്ങി. എത്രദൂരം സഞ്ചരിച്ചിട്ടും അന്യാധീനപ്പെടാതെ കിടക്കുന്ന ഒരു തുള്ളി വെള്ളം പോലും അവള്‍ക്കു കണ്ടെത്താനായില്ല . ഭൂമിയിൽ വെള്ളമുള്ളയിടം അളന്നു കൊണ്ട് സ്വതന്ത്രമായൊഴുകുന്ന വെള്ളത്തിന്റെ ആഹ്ലാദം നിറഞ്ഞ ശബ്ദത്തിനായി അവൾ കാതോര്‍ത്തു.  ഭൂമിയിൽ ജലയുദ്ധങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ഇനിയൊരു ജല സ്രോതസ്സ് കണ്ടെത്താൻ ആര്‍ക്കുമൊരു അവസരം ലഭിക്കുകയില്ല എന്ന സത്യത്തെ വിസ്മരിച്ചുകൊണ്ട് അവളാ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരുപക്ഷെ, അവളുടെ അവസാന യാത്ര.... !
    (ആശയത്തിനു കടപ്പാട്: മാധ്യമം പേപ്പർ )