ഒരു സ്വപ്നം പോലെ
1 comments
എന്റെ പ്രണയം 
സ്വപ്ന ജാലകക്കാരൻ

1992 കളിലെ ഒരു വാരാന്ത്യത്തിലാണ് നൂറോളം കുട്ടികള്‍ തിങ്ങിനിറഞ്ഞ കൊല്ലത്തെ ഒരു പ്രമുഖ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസില്‍വച്ച് അവന്‍ അവളെ ആദ്യമായി കാണുന്നത്. വെളുത്തുമെലിഞ്ഞ് കൊലുന്നനെയുള്ള വലിയ കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടി. മിക്കദിവസങ്ങളിലും, ക്ലാസ് തുടങ്ങി അല്‍പം താമസിച്ചുവരുന്നതുകൊണ്ടാവാം അവന്‍ അവളെ ശ്രദ്ധിച്ചത്. ആദ്യമൊക്കെ ഒരു കൌതുകം മാത്രമെന്ന് തോന്നി. പക്ഷെ, പിന്നെപ്പഴോ കൌതുകം ഒരു നനുത്ത ഇഷ്ടത്തിന് വഴിമാറി. പിന്നീട്, അവളെ കാണാന്‍വേണ്ടി മാത്രമായിരുന്നു അവന്‍ അവിടെ വന്നിരുന്നത്. ശനിയാഴ്ചകള്‍ക്കും ഞായറാഴ്ചകള്‍ക്കുമായി അവന്‍ നോക്കിയിരുന്നു. എന്നാല്‍ അവന്‍ തന്റെ ഇഷ്ടം അവളോട് തുറന്നുപറയാന്‍ മടിച്ചു. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ യോഗ്യതയില്ലെന്ന് സ്വയം വിശ്വസിച്ചിരുന്ന കറുത്ത് മെലിഞ്ഞ സൌന്ദര്യം കുറഞ്ഞ ഒരു കൌമാരക്കാരന്റെ അപകര്‍ഷതാബോധമായിരുന്നു അതിനുകാരണം. എങ്കിലും, ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് അവളറിയാതെ അവളെ അവന്‍ സ്നേഹിച്ചു.

ചിലപ്പോഴൊക്കെ അവന്‍ ആലോചിച്ചിരുന്നു, ഒരു പതിനേഴുകാരന് സമപ്രായത്തിലുള്ള സുന്ദരിയായ പെണ്‍കുട്ടിയോട് തോന്നുന്ന വെറും ആകര്‍ഷണം മാത്രമാണ് തന്റെ ഇഷ്ടമെന്ന്. പക്ഷെ, കത്തിനിന്ന ഒരു ഏപ്രില്‍ മാസത്തില്‍ എന്‍ട്രന്‍സ് ക്ലാസ് അവസാനിക്കുമ്പോള്‍ അവന് മനസ്സിലായി, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം അവള്‍ തന്റെ മനസ്സില്‍ തറഞ്ഞുപോയെന്ന്! അവന്‍ അവളെ പ്രണയിക്കുകയായിരുന്നെന്ന്. ഇതിനിടയില്‍, ക്ലാസില്‍ ഉണ്ടായിരുന്ന ഒരു കൂട്ടുകാരന്റെ ബന്ധുവായ പെണ്‍കുട്ടി വഴി അവളെപ്പറ്റിയുള്ള കുറെ വിവരങ്ങള്‍ കിട്ടി. കുണ്ടറക്കടുത്തുള്ള ഒരു കൃസ്ത്യന്‍ പെണ്‍കുട്ടി. ഡിഗ്രി പ്രവേശനത്തിന് സമയമായപ്പോള്‍ അവള്‍ ഡിഗ്രിയ്ക്ക് ചേരാന്‍ സാധ്യതയുള്ള കൊല്ലത്തെ കോളേജുകളിലൊക്കെ അവന്‍ ഡിഗ്രി പ്രവേശനഫോറം പൂരിപ്പിച്ചുകൊടുത്തു. എന്നാല്‍ ലിസ്റ്റിട്ടപ്പോള്‍, നിര്‍ഭാഗ്യവശാല്‍ അവളുടെ പേര് അവന്‍ എങ്ങും കണ്ടില്ല. അങ്ങനെ വേദനയോടെ സ്വന്തം നാട്ടിലെ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നു. ഓരോ ദിവസവും, ഓരോ നിമിഷവും, തന്നെ ഒരിക്കല്‍ പോലും കാണാന്‍ ഇടയില്ലാത്ത അവളെ അവന്‍ ജീവനുതുല്യം സ്നേഹിച്ചുകൊണ്ടിരുന്നു. അങ്ങനെ മൂന്ന് വര്‍ഷത്തോളം അവള്‍ അറിയാതെ, അവളെ കാണാതെ, അവള്‍ എവിടെയുണ്ടെന്നറിയാതെ ഒരു സ്വപ്നത്തിലെന്ന പോലെ അവന്‍ അവളെ തന്റെ ജീവനെക്കാളേറെ സ്നേഹിച്ചു. അവന് ഭ്രാന്താണെന്നുപറഞ്ഞ് അവന്റെ കൂട്ടുകാര്‍ അവനെ കളിയാക്കിയിരുന്നു.

അങ്ങനെ 1995 നവംബറില്‍, ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ സ്റ്റഡി ടൂര്‍ വന്നെത്തി. ബാംഗ്ലൂര്‍-മൈസൂര്‍-ഊട്ടി യാത്ര. ടൂറിനിടയില്‍ അവന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി വെറുതെ അവനോട് ചോദിച്ചു, ഇപ്പോള്‍ ഈ ഊട്ടിയില്‍ വച്ച് അവളെ കണ്ടുമുട്ടിയാല്‍ എന്തുതോന്നുമെന്ന്. അതൊരിക്കലും സംഭവിക്കാന്‍ ഇടയില്ല എന്നുതോന്നിയതുകൊണ്ട് അവന്‍ വെറുതെ ചിരിച്ചുതള്ളി. പക്ഷെ, അന്നുവൈകുന്നേരം, തണുത്ത സായാഹനത്തില്‍ ഒരു ഫാന്‍സി ഷോപ്പിലേയ്ക്ക് കയറിയ അവന്‍ തന്റെ എതിരെ വന്ന്, തന്നെ മറികടന്നുപോയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ട് ഞെട്ടിത്തരിച്ചുപോയി! കാരണം, മൂന്ന് വര്‍ഷത്തോളമായി അയാള്‍ നെഞ്ചിലേറ്റി നടന്ന ആ പെണ്‍കുട്ടിയുടെ ഛായ ഉണ്ടായിരുന്നു അവള്‍ക്ക്!!സമചിത്തത വീണ്ടെടുത്ത അവന്‍ പെട്ടെന്ന് ആ പെണ്‍കുട്ടികളെ പിന്തുടര്‍ന്നു. അവര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു വെള്ള ടൂറിസ്റ്റ് ബസില്‍ കയറുന്നതുകണ്ട് അവന്‍ അവിടെ പോയിനോക്കി. ആ ബസിന് കൊല്ലം രജിസ്ട്രേഷനായിരുന്നു. അവന്റെ ഹൃദയം വല്ലാതെ മിടിയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് അവന്‍ തന്റെ കൂട്ടുകാരനെ വിട്ട് ആ ബസിനെപ്പറ്റി തിരക്കി. അത് കൊല്ലം എസ്. എന്‍. വനിതാ കോളേജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ഥിനികള്‍ ആണെന്ന് കേട്ടപ്പോള്‍ അവന് ലോകം തന്റെ കാല്‍ക്കല്‍ പതിച്ചപോലെ തോന്നി. അപ്പോള്‍ ആ ബസ് പോയെങ്കിലും അവനുറപ്പുണ്ടായിരുന്നു പിറ്റേന്നും അവരെ കാണുമെന്ന്. അന്നുരാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന്, ഊട്ടിയിലെ തടകാത്തിനരികെ നിര്‍ത്തിയിട്ട ബസില്‍ നിന്ന് അവന്‍ ഇറങ്ങിനടന്നപ്പോള്‍, ബോട്ടിംഗ് കഴിഞ്ഞ് തിരികെ കയറിവരുന്ന ഒരു കൂട്ടം പെണ്‍കുട്ടികളില്‍ അവള്‍ ഉണ്ടായിരുന്നു. അവന്റെ കൂട്ടുകാരിയായ പെണ്‍കുട്ടിയോട് തലേന്ന് തന്നെ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. അവള്‍ വേഗം ആ പെണ്‍കുട്ടിയുടെ അടുക്കല്‍ ചെന്ന് പേര് വിളിച്ചു. ഞെട്ടിപ്പോയ പെണ്‍കുട്ടി തന്നെ എങ്ങനെ അറിയാമെന്ന് ചോദിച്ചു. അപ്പോള്‍, കൂട്ടുകാരി സിനിമാസ്റ്റൈലില്‍ പറഞ്ഞു, "തന്നെ കഴിഞ്ഞ മൂന്നുവര്‍ഷക്കാലം താന്‍ അറിയാതെ സ്നേഹിച്ച ഒരാള്‍ പറഞ്ഞു." ഒരു കടംകഥ പോലെ പറയാതെ അതാരാണെന്ന് പറയാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഇവിടെത്തന്നെയുണ്ടെന്നും താമസിയാതെ അയാള്‍ അവളെത്തേടിവരുമെന്നും പറഞ്ഞു. എല്ലാം കേട്ടുകൊണ്ട് അവന്‍ തൊട്ടടുത്ത് തന്നെ തടാകത്തിലേയ്ക്കും നോക്കി നില്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ഓരോ നിമിഷവും താന്‍ സ്നേഹിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി ഇതുകേട്ട് നേരിയ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നതും വിചിത്രലോകത്തില്‍ അകപ്പെട്ട ആലീസിനെപ്പോലെ അവള്‍ പോകുന്നതും അവന്‍ അവളറിയാതെ കണ്ടുനിന്നു. ഒടുവില്‍ തുടിയ്ക്കുന്ന ഹൃദയത്തോടെ നോക്കിനില്‍ക്കുമ്പോള്‍ അവളുടെ ബസ് അകന്നകന്ന് കണ്ണില്‍ നിന്ന് മറഞ്ഞു. പക്ഷെ, അതൊരവസാനമല്ല, ആരംഭമായിരുന്നുവെന്ന് അവനുറപ്പുണ്ടായിരുന്നു!

1995ലെ ക്രിസ്മസ്സ് അവന് പ്രിയപ്പെട്ടതായിരുന്നു. അവധി തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, കൊല്ലം എസ്. എന്‍. വനിതാകോളേജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ക്ലാസിലേയ്ക്ക് അവന്‍ ഒരു പായ്ക്കറ്റ് അയച്ചു, അവളുടെ പേരില്‍. അതില്‍ ഒരു ക്രിസ്മസ്സ് കാര്‍ഡും ഏകദേശം നീണ്ടകഥപോലെയുള്ള പത്ത് പേപ്പറോളം വരുന്ന ഒരു പ്രണയലേഖനവും ഉണ്ടായിരുന്നു. സത്യത്തില്‍ അതിനെ പ്രണയലേഖനം എന്നുവിളിക്കാന്‍ ആവില്ലായിരുന്നു. അത് വായിക്കുന്ന ഒരാള്‍ക്ക് അവനെ അടുത്തുനിന്ന് കാണുന്നതുപോലെ തോന്നുമായിരുന്നു. അതില്‍ അവന്‍ അവന്റെ പേരും മേല്‍വിലാസവും കൊടുത്തിരുന്നു. പക്ഷെ, ഒരു മറുപടിയും ഉണ്ടായില്ല. പ്രണയം തലയ്ക്കുപിടിച്ച ഒരു കോന്തന്‍ എഴുതിയ ബോറന്‍ പ്രേമലേഖനമെന്നുധരിച്ച് അവള്‍ അത് കീറിക്കളഞ്ഞിട്ടുണ്ടാവുമെന്ന് അവന്‍ വിശ്വസിച്ചു. അവന്റെ സ്വപ്നങ്ങളെല്ലാം പാഴായി എന്നെനിയ്ക്ക് മനസ്സില്ലായെങ്കിലും അതില്‍ തളരാതെ അവന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ മെക്കാനിക്സും ഒപ്റ്റിക്സും ഇലക്ട്രോണിക്സും മാത്രമായി മൂന്നാല് മാസങ്ങള്‍. പഴയതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന് അവന്‍ ഇതിനിടയ്ക്ക് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ, ലാബ് പരീക്ഷയും കഴിഞ്ഞ് പൂര്‍ണ്ണമായും സ്വതന്ത്രനായ ദിവസങ്ങളിലൊന്നിലാണ് അത് സംഭവിച്ചത്!

കറണ്ടില്ലാതിരുന്ന ഒരു സായന്തനത്തില്‍ ടൌണില്‍ പോയിട്ട് തിരികെവന്ന അവനോട് അമ്മ പറഞ്ഞു അവന് കൊല്ലത്തുനിന്ന് ഒരെഴുത്തുണ്ടെന്ന്! (ഇതിനിടയില്‍ അവന്റെ മനസ്സ് വായിച്ചറിഞ്ഞിരുന്നു അമ്മയും സഹോദരിയും) മെഴുകുതിരി വെളിച്ചത്തില്‍ വിറയ്ക്കുന്ന കൈകളോടെ അവനത് പൊട്ടിച്ചുവായിച്ചു. കുനുകുനെയുള്ള അക്ഷരങ്ങളുടെ ഒടുവില്‍ ആ പേര് ഒരു ഉള്‍പ്പുളകത്തോടെ അവന്‍ വീണ്ടും വീണ്ടും വായിച്ചു. എഴുതിയിരുന്നത് ഇതാണ്: ഏതായാലും ഒന്നുകാണണമെന്നുണ്ട്. കൊല്ലത്തുള്ള വേളാങ്കണ്ണി മാതാവിന്റെ കുരിശടിയ്ക്ക് മുന്നില്‍ വരാന്‍ പറ്റുമെങ്കില്‍ വരിക. വരുന്നെങ്കില്‍. ആവശ്യമില്ലാത്ത പ്രതീക്ഷകള്‍ കളഞ്ഞിട്ടുവേണം വരാന്‍. അവളുടേതായി ആദ്യമായി തന്നെത്തേടിവന്ന ആ വാക്കുകളില്‍ ഒരു വികാരവും ഇല്ലാഞ്ഞിട്ടുകൂടി അവന്‍ ആ എഴുത്ത് വീണ്ടും വീണ്ടും ആവേശത്തോടെ വായിച്ചു.

ഒടുവില്‍ കത്തില്‍ പറഞ്ഞിരുന്ന ദിവസം സമാഗതമായി. സാധാരണക്കാരനില്‍ സാധാരണക്കാരനായി ഒരുങ്ങിയാണ് അവന്‍ അവളെ ആദ്യമായി കാണുവാന്‍ കൊല്ലത്തേയ്ക്ക് പുറപ്പെട്ടത്. കൊല്ലം ബസ്സ്റ്റാന്‍റില്‍ ഇറങ്ങി തൊട്ടടുത്തുള്ള കുരിശടിയിലേയ്ക്ക് നടക്കുമ്പോള്‍ അവന്റെ ഹൃദയം പതിവിലും കൂടുതല്‍ മിടിച്ചു. ഒരു പെണ്ണിന് ഇഷ്ടം തോന്നുന്ന തരത്തിലുള്ള സൌന്ദര്യമില്ലാത്ത തന്നെ അവളെങ്ങനെയാവും സ്വീകരിക്കുക? അവള്‍ ആക്ഷേപിക്കില്ലേ? ആശങ്കകള്‍ നിറഞ്ഞ മനസ്സിനെ നിയന്ത്രിച്ച് കുരിശടിയിലെത്തുമ്പോള്‍ ഒരു ഇളം നീല നിറത്തിലുള്ള ഷിഫോണ്‍ ചുരീദാറുമണിഞ്ഞ് അവള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. അടുത്ത് ചെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ഒരു നിമിഷം അവനെ നോക്കി. പിന്നെ, മറുപടി എഴുതാന്‍ പരീക്ഷ കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. അവന്‍ അവളുടെ മുഖത്ത് നോക്കി അവളെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞു. ഒരു നിമിഷം പകച്ചുപോയ അവള്‍ എന്തുതരത്തിലുള്ള ഇഷ്ടമാണെന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കാനുള്ള ഇഷ്ടമാണെന്ന് അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ പറഞ്ഞു. ഒരുനിമിഷം അവളുടെ മുഖം വിവര്‍ണ്ണമാകുന്നത് അവന്‍ കണ്ടു.

തനിക്കായി മാത്രം ഒരു തീരുമാനമില്ലെന്നും തന്റെ മാതാപിതാക്കളുടെ തീരുമാനമാണ് തന്റെ തീരുമാനമെന്നും പ്രേമത്തിന്റെ പേരില്‍ ഒരിക്കലും അവരെ വേദനിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും അവള്‍ പറഞ്ഞപ്പോള്‍ അവന്‍ അവളെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. തന്റെ അമ്മയ്ക്ക് വെള്ളപ്പാണ്ടിന്റെ അസുഖമുണ്ടെന്നും അതൊരു പ്രശ്നമാകുമോയെന്നും അവള്‍ ചോദിച്ചപ്പോള്‍ അവളെ സ്നേഹിക്കുന്നതിനൊപ്പം അവളുടെ മാതാപിതാക്കളെയും സ്നേഹിക്കാനാണ് തനിക്കിഷ്ടമെന്ന് അവന്‍ പറഞ്ഞു. ഏതായാലും അവനെ മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ അത് അംഗീകരിച്ചു. ഡിഗ്രി കഴിഞ്ഞ് മദ്രാസിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ക്കിടെച്ചറിന് ചേരാന്‍ പോകുകയായിരുന്നു അവള്‍. അവന്‍ കോയമ്പത്തൂരിലെ ഒരു കോളേജില്‍ എം. സി. എ. യ്ക്കും. ഇനിയെന്നുകാണും എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം നല്‍കാതെ ഒരു വീര്‍പ്പുമുട്ടല്‍ അവശേഷിപ്പിച്ച് ആ കൂടിക്കാഴ്ച അവസാനിച്ചു.

മാസങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ ഒരു വിശേഷവും അറിയാതെ അവന്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു. അവളുടെ പേരും വിവരവും സംഘടിപ്പിച്ചുതന്ന കൂട്ടുകാരന്റെ ബന്ധുവായ ആ പെണ്‍കുട്ടി വഴി അവളുടെ മദ്രാസിലെ ഹോസ്റ്റലിലെ അഡ്രസ്സ് സംഘടിപ്പിച്ചു. പിന്നെ, ഒട്ടും അമാന്തിക്കാതെ വിരഹവേദനയില്‍ ചാലിച്ചെഴുതിയ ഒരു കത്ത് അവിടേയ്ക്ക് പറന്നു. അതിന് ഫലം ഉണ്ടായി. പിന്നെ, വല്ലപ്പോഴുമുള്ള എഴുത്തുകളും ഫോണുകളും. പിന്നെ, വല്ലപ്പോഴും നാട്ടിലേയ്ക്കുള്ള തീവണ്ടിയാത്ര. അതായിരുന്നു അവരുടെ ഇടയിലെ പ്രണയം. ഒരിക്കല്‍പ്പോലും അവനെ സ്നേഹിക്കുന്നുവെന്ന് അവള്‍ അവനോട് പറഞ്ഞിട്ടില്ല. എന്നാല്‍, അവളുടെ ഓരോ ചലനങ്ങളിലും നിശ്വാസങ്ങളിലും തന്നോടുള്ള പ്രണയം നിറഞ്ഞുനില്‍പ്പുണ്ടെന്ന് അവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ അവളെ ഭ്രാന്തമായി സ്നേഹിച്ചു. ശരീരം കൊണ്ട് സ്നേഹിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അങ്ങനെ ചെയ്യാന്‍ അവനും അവളും തയ്യാറായിരുന്നില്ല. അത്രയ്ക്ക് പരിശുദ്ധമായിരുന്നു അവരുടെ പ്രണയം. കാണാന്‍ അത്ര സൌന്ദര്യമില്ലാത്ത തന്നെ ഇഷ്ടപ്പെടാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ അവന്റെ ശബ്ദവും ഇഷ്ടമാണെന്ന് ചങ്കൂറ്റത്തോട് പറഞ്ഞതുമാണ് കാരണമെന്ന് അവള്‍ പറഞ്ഞു.

ഒടുവില്‍, തിരുവനന്തപുരത്ത് ഒരു ചെറിയ ജോലി കിട്ടിയതിനുശേഷം അവന്‍ വീട്ടുകാരുമായി അവളെ പെണ്ണുകാണാന്‍ ചെന്നു. അവളുടെ മാതാപിതാക്കള്‍ക്ക് അവനെ ഇഷ്ടപ്പെട്ടെങ്കിലും വിദേശത്തുള്ള, പതിനഞ്ച് വയസ്സിന് മൂത്ത, ഡോക്ടറായ അവളുടെ സഹോദരിയ്ക്ക് ആ ബന്ധത്തിനോട് അത്ര താല്‍പര്യമില്ലായിരുന്നു. കൃസ്ത്യാനി തന്നെ ആയിരുന്നെങ്കിലും സഭാപരമായ, സാമ്പത്തികപരമായ, തൊഴില്‍പരമായ ചില അന്തരങ്ങളായിരുന്നു അതിന് കാരണമെന്ന്, അവള്‍ പറഞ്ഞില്ലെങ്കിലും, അവന്‍ ഊഹിച്ചെടുത്തു. ചേച്ചിയെ ധിക്കരിക്കുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. കാരണം, അവളുടെ അഞ്ചുവര്‍ഷത്തെ പഠനച്ചെലവ് മുഴുവന്‍ വഹിച്ചത് അവരായിരുന്നു. ഒടുവില്‍, സ്നേഹിക്കുന്നവരെ വേദനിപ്പിച്ചുകൊണ്ട് ഒന്നും നേടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. പ്രണയത്തെ വാഴ്ത്തുന്നവരുടെ മുന്നില്‍ ആ തീരുമാനം ഒരു മണ്ടത്തരമായിരിക്കാം. അല്ലെങ്കില്‍, അവരെയെല്ലാം ധിക്കരിച്ച് അവനോടൊപ്പം ഇറങ്ങിപ്പോകാന്‍ അവള്‍ തയാറാകുന്ന മട്ടില്‍ അവന്‍ അവളെ പ്രണയിക്കാഞ്ഞത് മണ്ടത്തരമായി എന്നുവിലയിരുത്തുന്നവരും ഉണ്ടാവാം. പക്ഷെ, അവന്‍ ഇന്നും വിശ്വസിക്കുന്നു വേദന നിറഞ്ഞ ആ തീരുമാനം സുഖമുള്ള ഒരു നോവാണെന്ന്.

ഇതിലെ അവന്‍ ഞാനാണ്. അവള്‍ അവളും.

എന്റെ ഭാര്യയ്ക്ക് ഇത്രത്തോളം വിശദമായി അറിയില്ലെങ്കിലും എന്റെ ആ പഴയ പ്രണയം അറിയാം. ഞാന്‍ ആ പെണ്‍കുട്ടിയെ മറന്നിട്ടില്ലെന്നും അവള്‍ക്കറിയാം. എന്നിരുന്നാലും, ഞാനായി അത് തുറന്നുസമ്മതിക്കുമ്പോള്‍ അത് അവള്‍ക്കൊരു വേദനയാവും. എന്നെ ജീവന്നുതുല്യം സ്നേഹിക്കുന്ന എന്റെ ഭാര്യയെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, ഇതെഴുതിയത് ഒരു അജ്ഞ്ജാതനാവണം.

ചില സുന്ദരസ്വപ്നങ്ങള്‍ കണ്ടുണരുന്ന വേളയില്‍ അത് വെറും സ്വപ്നം ആണെന്നറിയുമ്പോള്‍ നമ്മള്‍ക്കൊരു നേര്‍ത്ത ഹാംഗ്ഓവര്‍ ഉണ്ടാവില്ലേ. എന്നാലും നമ്മള്‍ ആ സ്വപ്നം വീണ്ടും വീണ്ടും ഓര്‍ക്കാനിഷ്ടപ്പെടും. അതുപോലെ, പണ്ടെങ്ങോ കണ്ട ഒരു മധുരസ്വപ്നം! അതാണ് എനിക്കെന്റെ നഷ്ടപ്രണയം! സ്വപ്നത്തേക്കാള്‍ സത്യത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാന്‍ എന്റെ രണ്ടുകുട്ടികളുടെ അമ്മയായ എന്റെ പ്രിയഭാര്യയെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു!!

1 comments:

  1. കൊള്ളാം എങ്കിലും ഇയാള്‍ പറയാന്‍ ശ്രെമിച്ച തീവ്രമായ പ്രണയ ഭാവം ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല വായനയില്‍......ഭാവുകങ്ങള്‍

    ReplyDelete