ഓഗസ്റ്റ് ബ്ലോഗ് അവലോകനം
37 Comments Yet, Add Yours...
ബ്ലോഗ് അവലോകനം
മനോജ് (വിഡ്ഢിമാൻ)


  ബ്ലോഗുകൾ അവലോകനം ചെയ്യാൻ ലഭിച്ച ഈ സന്ദർഭത്തിൽ, അവയുടെ നിലവാരത്തെക്കുറി ച്ചായി ആദ്യചിന്ത.  അച്ചടി മാധ്യമവുമായി താരതമ്യം ചെയ്യുകയാണ് ആദ്യം ചെയ്തത്.
റാക്കുകളിൽ നിറഞ്ഞ ശേഖരമുള്ള ഒരു വായനശാലയിലെ എല്ലാ പുസ്തകങ്ങളും ഒരേ നിലവാരത്തിലുള്ളതാണെന്ന് അഭിപ്രായപ്പെടാൻ ആരെങ്കിലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.  ഷേക്സ്പിയറും മുട്ടത്തുവർക്കിയും തകഴിയും മാധവിക്കുട്ടിയും കോട്ടയം പുഷ്പനാഥുമെല്ലാം തോളോട് തോൾ ചേർന്നിരിക്കുന്ന സംഗമസ്ഥാനമാണല്ലൊ അത്. ഒരു പക്ഷെ അവിടെ നിന്ന് മനസ്സിനിഷ്ടപ്പെട്ട ഒരു പുസ്തകം കണ്ടെത്താൻ, എഴുത്തുകാരെ ഒട്ടും പരിചയമില്ലാത്ത ഒരു പുതുവായനക്കാരൻ ബുദ്ധിമുട്ടേണ്ടിയും വരും.
ഇനി ഒരു തട്ടുകടയിലേക്ക് വരാം.. ദാ ഒരു ചരടിൽ കൈയോട് കൈ ചേർത്ത് ചിരിച്ചു കിടക്കുന്നു മാതൃഭൂമിയും മലയാള മനോരമയും കലാകൗമുദിയും മംഗളവും മാധ്യമവും ജ്യോതിഷരത്നവും ശാസ്ത്രഗതിയും വനിതയുമെല്ലാം. കൊള്ളാം, അവിടെയുമുണ്ട് നിലവാരവൈവിധ്യം! ഇനിയിപ്പോൾ, ഒരു ചെറിയ ചുറ്റുവട്ടത്തിൽ ഒതുങ്ങുന്ന കൈയ്യെഴുത്ത് മാസികകളും കോളേജ് മാഗസിനുകളും പരിശോധിച്ചാലോ? (അവിടെയാണല്ലോ എഴുതി തുടങ്ങുന്ന പുതുനാമ്പുകളെ കാണാനാവുന്നത്) അവിടെ വിഷയം മിക്കപ്പോഴും പ്രണയവും പ്രണയനൈരാശ്യവും പ്രവാസവും തിരിച്ചു വരവും ആത്മഹത്യയും പാടവരമ്പും പുഴയോരവും ഒക്കെ തന്നെ.. സമാധാനമായി! കക്കൂസ് ചുമരുകളിൽ എഴുതിയും മായ്ച്ചും വളർന്നവർ തന്നെ അച്ചടിലോകത്തും ഉള്ളത്!!
ഇവിടെ ഇ ടോയ്ലറ്റ്ചുമരിലാണെങ്കിൽ, പ്രസാധനത്തിനു ഒരു ക്ലിക്ക് മതി എന്ന മെച്ചമുണ്ട്. നയാപൈസ ചെലവുമില്ല. പോരാത്തതിനു എഴുതിയിട്ട് സെക്കന്റുകൾക്കുള്ളിൽ പ്രതികരണങ്ങളും വായിക്കാം, അതും ഈ ഭൂഗോളത്തിന്റെ മറുപകുതിയിൽ നിന്നു പോലുമെത്തുന്നവ. എന്തുകൊണ്ടും കൊള്ളാം.
ആ ചിന്തയോടെ, ആഗസ്റ്റ് മാസത്തിലെ ബ്ലോഗ് ലിങ്കുകളിലേക്ക് പോയി. കഥകളും കവിതകളും ലേഖനങ്ങളും നോവലും യാത്രാക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകളും നർമ്മഭാവനകളും സിനിമാനിരൂപണവും ഫോട്ടോബ്ലോഗുകളുമായി ഇരുന്നൂറിലധികം വിഭവങ്ങൾ!  എല്ലാത്തിനെക്കുറിച്ചും എഴുതുക അസാധ്യം. സിനിമകൾ കാണുന്നത് കുറവായതുകൊണ്ട് ആദ്യം തന്നെ സിനിമാ നിരൂപണം ഒഴിവാക്കി. (നിരൂപകർ ക്ഷമിക്കുക) ഒരു ബ്ലോഗറുടെ ഒന്നിലധികം പോസ്റ്റുകൾ പരിഗണിക്കണ്ട എന്നു തീരുമാനിച്ചു. പിന്നെയുള്ളതെല്ലാം വായിച്ച് മനസ്സിൽ തങ്ങിയ ചിലത് തിരിച്ചെടുത്തു. വായനയിൽ, എന്താണെന്നറിയില്ല, മറ്റു പലരെയും സ്വാധീനിച്ച പല സൃഷ്ടികളും എന്നെ സ്പർശിച്ചില്ല. മനുഷ്യസ്വഭാവം ഇങ്ങനെയൊക്കെയാവും എന്നാശ്വസിക്കുന്നു. അതുകൊണ്ട്, ഇഷ്ടാനിഷ്ടങ്ങൾ വ്യക്തിപരമാണെന്ന് അടിവരയിട്ട് പറഞ്ഞതായി കരുതുക.
കഥകൾ
   അച്ചടിലോകത്തെ എല്ലാ കഥാരൂപങ്ങളും ബ്ലോഗുകളിലും കണ്ടെത്താൻ കഴിയുന്നുണ്ട്. മൈക്രൊ കഥകൾ, ഉത്തരാധുനികം, മാജിക്കൽ റിയലിസം, ഇനിയിപ്പോൾ തനി പാരമ്പര്യവാദികൾ വേണമെങ്കിൽ അതുമുണ്ട് ധാരാളം. ഗ്രഹണശേഷിയും ദഹനശേഷിയും കുറവായതുകൊണ്ട് ഉത്തരാധുനികരെയും മാജിക്കൽ റിയലിസ്റ്റുകളെയുമൊന്നും തൊട്ടില്ല. ക്ഷമിക്കുക.
ഏറ്റവും ആദ്യം ഓർമ്മയിൽ വരുന്നത് മൻസൂർ ചെറുവാടിയുടെ ഗോതമ്പ് പാടങ്ങൾ തിരികെ തന്നത്’  എന്ന മിനിക്കഥയാണ്. ആറ്റിക്കുറുക്കിയ കുറച്ചു വരികളിലൂടെ ഒരു ഭൂതകാലം ചെറുവാടി മനോഹരമായി വരച്ചിട്ടിരിക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയ മറ്റൊരു കഥ കണ്ടെത്തിയത് അംജത് ഖാന്റെ അമാവാസി എന്ന ബ്ലോഗിലാണ്. ഒരു മരണവീട്ടിലെ പ്രധാനപ്പെട്ട ഒരു കുടുംബാംഗം അത്തരമൊരവസ്ഥയിൽ ജാരസംസർഗത്തിനു മുതിരുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ഉവ്വായിരിക്കാം, പ്രായോഗികതകൾ വരെ ഓരോരുത്തരിലും വ്യത്യസ്തമാണല്ലൊ. മിമിക്രി ട്രൂപ്പുകൾ തമാശയായി അവതരിപ്പിക്കാറുള്ള ഒരു വിഷയമാണ് ഷലീർ അലി ഇത്തവണ തന്റെ കഥയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.- കള്ളം പറയാത്തആത്മാവുകൾ. ഷലീറിന്റെ ഭാഷയാണ് വശ്യമായി തോന്നിയത്.
ബെഞ്ചമിൻ അലക്സ് ജേക്കബിന്റെ വേനലിൽ ഒരുപുതുമഴഎന്ന കഥ ധൃതി പിടിച്ച് അവസാനിപ്പിച്ച പോലെ തോന്നി. അത്രയും നിർണ്ണായകമായ ഒരു തീരുമാനം എടുക്കുമ്പോൾ, അതിനനുയോജ്യമായ മനോവിചാരങ്ങൾ അല്പം കൂടി ചേർക്കാമായിരുന്നു.
ഗോകുൽ വി ഉണ്ണിത്താന്റെഒരു നുണക്കഥഎന്ന കഥയിൽ സിനിമയിൽ മുകേഷും ജഗദീഷും ഒക്കെ സാധാരണയായി അഭിനയിക്കാറുള്ള ഒരു കഥാപാത്രത്തെ കാണാം. നുണകൾ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുകയും ഒടുവിൽ അതിൽ തന്നെ ചെന്നു കുടുങ്ങുകയും ചെയ്യുന്ന ഒരു കഥാപാത്രം.
കവിതകൾ
   കവിതകൾ വിലയിരുത്താൻ ഞാൻ ഒട്ടും പോരാ എന്നു ബോധ്യമുണ്ടെങ്കിലും ആ മേഖലയിലും ഒന്ന് കൈ വെക്കുകയാണ്. ബിംബങ്ങളും കവിതയുടെ ഉൾച്ചൂടുമറിഞ്ഞ് കവിതയെ ആസ്വദിക്കുന്നവർ കുറഞ്ഞു വരികയാണ് എന്നുള്ളത് വ്യക്തം. പലപ്പോഴും കവിയുടെ മനസ്സറിഞ്ഞവരെഴുതുന്ന അഭിപ്രായങ്ങളാണ് കവിതയിലേക്ക് പ്രവേശിക്കാൻ സഹായകമാവാറുള്ളത്. അവയില്ലാതായാൽ എന്നെ പോലുള്ളവർക്ക് ആസ്വാദനം വഴിമുട്ടും!
ശ്രദ്ധേയമായ കവിതകളുള്ള ബ്ലോഗാണ് ശിവപ്രസാദ് പാലോടിന്റെ കവിഭാഷ. ഒരു പക്ഷേ, ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ അപ്പപ്പോൾ ഷെയർ ചെയ്യുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ബ്ലോഗിൽ അധികം കമന്റുകൾ കാണാത്തത്. എന്തായാലും കവിതാ വായനക്കാർ കവിഭാഷയ്ക്കു നൽകുന്ന പരിഗണന പോരാ എന്നു തന്നെയാണ് അഭിപ്രായം.  ആവർത്തനങ്ങളില്ലാതെ കവിതയെഴുതാനും ബ്ലോഗ്പ്രചാരണത്തിൽ അല്പം കൂടി ശ്രദ്ധിക്കാനും പാലോടും ശ്രദ്ധിച്ചാൽ നന്നായിരുന്നു.
മികച്ച കവിതകൾ കാണാറുള്ള മറ്റൊരു ബ്ലോഗാണ് സതീശൻ ഓ. പി. യുടെ പൂമരം. നിഴലുകൾ ബാക്കിവെക്കുന്നത്എന്ന കവിത, പകൽ വെളിച്ചത്തിൽ പിന്തുടരാൻ മാത്രം വിധിക്കപ്പെട്ട ചില നിഴൽ ജന്മങ്ങളെ കുറിച്ചുള്ളതാണ്. ജീവിതാവസാനം വരെ നടന്നെത്തുമ്പോഴേക്കും പകൽജീവിതത്തിൽ പരാജയപ്പെട്ട എത്രയോ നിഴലോർമ്മകൾ നമ്മെ പിന്തുരുന്നുണ്ടാവും? ‘എന്റെ കവിതയ്ക്ക്പുതുമയില്ലഎന്ന റൈനി ഡ്രീംസിന്റെ കവിത എല്ലാക്കാലത്തുമുള്ള എഴുത്തുകാരന്റെ സങ്കടമാണ്. പുതുമയില്ലെന്ന് തള്ളിക്കളഞ്ഞ സമൂഹം തന്നെ, മരണാനന്തരം സാഹിത്യകാരന്റെ സൃഷ്ടികൾ നെഞ്ചേറ്റു വാങ്ങിയ ചരിത്രങ്ങളുണ്ട്. അതിനെയൊക്കെയായിരിക്കുമോ യോഗംഎന്നു നാട്ടിൻപുറത്തുകാർ പറയുന്നത്? കവിതയുടെ സാരാംശം തന്നെ തുറന്നു പറയുന്ന ഒരു പേരു വേണ്ടായിരുന്നു എന്നഭിപ്രായമുണ്ട്.
വളരെ വ്യത്യസ്തമായ ഒരു കവിത ശ്രദ്ധയിൽ പെട്ടു. ഇന്നത്തെ കാലത്ത് ഇത്തരം പാരമ്പര്യം പിൻപറ്റി പോകുന്നവർ അപൂർവം. ഗിരിജ ചെമ്മങ്ങാട്ട് എഴുതിയ മൂഷികചരിതം ഓട്ടൻ തുള്ളലിനെ കുറിച്ചാണു പറഞ്ഞു വരുന്നത്. സാധനയും അർപ്പണ മനോഭാവവുമുള്ളവർക്കേ ഇത്തരത്തിൽ എഴുതാൻ കഴിയൂ. ഗിരിജയ്ക്കൊരു വലിയ കൈയ്യടി.
നർമ്മം
ബൂലോകത്തിൽ എറ്റവുമധികം വായനക്കാരുള്ളത് നർമ്മ പോസ്റ്റുകൾക്കാണ് എന്നുള്ളത് നിസ്തർക്കമാണ്. ചാനലുകളും യൂ-ട്യൂബും ഒരുക്കുന്ന ദൃശ്യചാരുതകളിൽ നിന്ന് വായനക്കാരനെ തിരിച്ചു പിടിച്ചതിൽ കൊടകരപുരാണം’ പോലുള്ള ബ്ലോഗുകൾക്ക് വലിയ പങ്കുണ്ട്. രുചിക്കുന്ന രസക്കൂട്ടുകൾ ഒരുക്കി വായനക്കാരെ ആകർഷിക്കുന്ന എല്ലാ നർമ്മസമ്രാട്ടുകൾക്കും സലാം. പക്ഷേ ഏറ്റവും വെല്ലുവിളി നേരിടുന്നതും ഇവർ തന്നെ. എന്നും ഒരേ സാമഗ്രികൾ ഒരേ പോലെ പാചകം ചെയ്തു വിളമ്പിയാൽ കഴിക്കുന്നവന്റെ പരാതി കേൾക്കാനേ നേരമുണ്ടാവുള്ളുവല്ലൊ.
ബിജു ഡേവിസിന്റെ ഉഗ്രന്മാർ ഏറെ ആസ്വാദകരുള്ള ബ്ലോഗാണ്. മൈക്കിളേട്ടന്റെ ഫഫദ് ഫോബിയ എന്ന പുതിയ പോസ്റ്റും നർമ്മം കൊണ്ട് സമ്പന്നം. തൃശ്ശൂർ ഭാഷയുടെയും ഇംഗ്ലീഷീന്റെയും സാധ്യതകൾ അദ്ദേഹം പരമാവധി ഉപയോഗിക്കുന്നു. അല്ല, എന്തൂട്ടാ ഇസ്റ്റാ ഈ ഫഫദ് ഫോബിയ? കറുപ്പിനഴക് പാടി നടന്ന മോനായി എങ്ങനെ ഒരു ഐഡിയൽ മല്ലുബാച്ച് കുടിയനായി എന്ന കഥ പറയുകയാണ് സുമേഷ് വാസുവിന്റെ മോനായിയുടെ യാഗം എന്ന പോസ്റ്റിൽ. വായിച്ചാൽ ആർക്കും ഒരു ഐഡിയൽ മല്ലു ചിരി വിരിയും. അതാ മറ്റൊരു ബാച്ചിലൈഫ് കഥയുമായി അബ്ദുൾ വദൂദ് റഹ്മാൻ - ‘ഹെമിങ്ങ്‌വേയുടെ കോട്ടും നാലു സോപ്പും’  എന്ന പോസ്റ്റിൽ. മാർകേസ്, പൗലോ കൊയ്‌ലോ എന്നൊക്കെ കേട്ടാൽ മാത്രം ഇളകുന്ന ബുദ്ധിജീവി വർഗ്ഗത്തെ കൂടി ഇളക്കാനായിരിക്കണം ഹെമിങ്ങ്‌വേയുടെ കോട്ടിന്റെ കാര്യത്തിൽ തുടങ്ങിയത്. സോപ്പ്-പേസ്റ്റ് സോഷ്യലിസം നീണാൾ വാഴട്ടെ!
പട്ടിയെ വെടിവെക്കാൻ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്റെ ദുരവസ്ഥയാണ് ‘ഷാർപ്പ് ഷൂട്ടർ ഫ്രംഎയർ ഫോഴ്സ്എന്ന പോസ്റ്റിൽ രഘു നന്ദന മേനോൻ പറയുന്നത്. ഷാർപ്പ് ഷൂട്ടിങ്ങിൽ നരകിച്ച പട്ടിയുടെ കഥ മനേകാ ഗാന്ധി കേൾക്കണ്ട.
നാച്ചിഉപ്പയുടെ സ്വന്തം ചക്കര (ഇത്ര വലിയ പേരൊന്നും ഇടല്ലെ ചങ്ങാതീ) തന്റെ സ്നേഹക്കൂട് എന്ന ബ്ലോഗിൽ സുഹൃത്ത് കോയാസ് കൊടിഞ്ഞിയുടെ കോയാസ് സുപ്രീം എന്ന നുറുങ്ങുനർമ്മ കഥ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒരു ചിരിവിടർത്താൻ ഏതാനും ചില വരികൾ മതി എന്നോർമിപ്പിക്കുന്നു ഈ പോസ്റ്റ്.
എന്നാലും ഡോക്ടറെ, ഇത്രയും വലിയ അപവാദം പറയാമോ? കാവ്യാമാധവൻ ഗർഭം ധരിച്ചെന്ന് !! (തടി കേടാവാതിരിക്കാൻ ഞാനും യുധിഷ്ഠിരനെപ്പോലെ പതുക്കെ ചിലത് പറയുന്നുണ്ട്). പോയൊന്ന് വായിച്ചു നോക്കൂ,  ഡോ. ജയൻ ദാമോദരന്റെ ക്ഷീര വിപ്ളവം വരുന്ന വഴി എന്ന പോസ്റ്റ്.

ഓർമ്മകൾ/അനുഭവം
ഏറ്റവുമധികം ബ്ലോഗ് പോസ്റ്റുകൾ ഉണ്ടാവുന്നത് ഈ വിഭാഗത്തിലായിരിക്കുമെന്ന് തീർച്ച. പ്രവാസി മലയാളികൾ തന്നെ എഴുത്തുകാരിൽ ഏറിയ പങ്കും. വിദ്യാർത്ഥികളും ‘ടെക്കി’ ബോയ്സും ഗേൾസുമൊന്നും ഓർമ്മകളും അനുഭവങ്ങളും പങ്കു വെക്കുന്നതിൽ ഒട്ടും പിന്നില്ലല്ല. ചിരിപ്പിച്ചും കരയിപ്പിച്ചും തീ പോലെ പൊള്ളിച്ചും പീലി കൊണ്ട് തഴുകിയും ഓർമ്മകൾ. തനിച്ചിരിക്കുമ്പോൾ ഓർമ്മകൾ അല്ലാതെ ആരുണ്ട്‌ കൂട്ട്, അല്ലെ? കുട്ടിക്കാലത്തെ തീവണ്ടി യാത്രകളെ കുറിച്ചുള്ള വിവരണം കേട്ട് രസിച്ച് ഡോ. അബ്സാറിന്റെ ഒപ്പം യാത്ര ചെയ്ത് അവസാനം നമ്മളെത്തിച്ചേരുക തീർത്തും അപ്രതീക്ഷിതമായൊരന്ത്യത്തിലാണ്; ജീവിതം പോലെ തന്നെ! എങ്കിലും ചില മനുഷ്യാവസ്ഥകളോർത്ത് വിറങ്ങലിച്ചു പോകുന്നു, കടലുണ്ടിഎക്സ്പ്രസ്സ് എന്ന പോസ്റ്റ് വായിക്കുമ്പോൾ. അബ്സാർ ഡോക്ടറെ കുറിച്ചോർക്കുമ്പോൾ, അദ്ദേഹത്തോട് പരസ്യമായി കുമ്പസാരിച്ച വസീം മേലാറ്റൂരിനെ മറക്കുന്നതെങ്ങിനെ? പകർത്തെഴുത്തു വീരന്മാരെ, ഇതാ നിങ്ങൾക്കൊരു നല്ല മാതൃക വസീകരണങ്ങൾ എന്ന ബ്ലോഗിൽ. ഇനി ഒരു ടിപ്പിക്കൽ നൊസ്റ്റാൾജിയമഴയെക്കുറിച്ച്. ലിപി രഞ്ജിത്തിന്റെ  മഴക്കാഴ്ച്ചകൾഎന്ന പോസ്റ്റ്. നല്ല ഭാഷ കൈവശമുള്ള എഴുത്തുകാരി പുതിയ വിഷയങ്ങൾ കണ്ടെത്തട്ടെ എന്നാശിക്കുന്നു. മറ്റൊരു നൊസ്റ്റാൾജിയ - പ്രണയം, വിരസത ഉളവാക്കാതെ വായിച്ചു പോകാം, അനീഷ് കാത്തിയുടെ ‘ഒരു ഫ്രണ്ട്ഷിപ്പ് വീരഗാഥ എന്ന പോസ്റ്റിൽ. സംഭാഷണങ്ങൾ ഉദ്ധരണിയിൽ ഇടാനും വരികളായി നീണ്ട ഖണ്ഡികകൾ ചെറുതാക്കി എഴുതാനും ശ്രദ്ധിച്ചാൽ വായനയ്ക്ക് കൂടുതൽ സുഖമുണ്ടാകും.
അനീഷിനോടു പറഞ്ഞത് ഓർമ്മകളിലെ സായാഹ്നം എഴുതിയ ജോമോൻ ജോസഫിനും പ്രാവർത്തികമാക്കാവുന്നതാണ്. നീണ്ട പാരഗ്രാഫുകൾ വായനക്കാരെ അകറ്റും എന്നുള്ളത് മറക്കാതിരിക്കുക.
നോവൽ
അരുൺ കറുകച്ചാലിന്റെ ‘ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി  സമാനതകളില്ലാത്ത ഒരു വായനാനുഭവം സമ്മാനിക്കുന്നു. വായനക്കാർ ഓരോ ലക്കത്തിനും കാത്തിരിക്കുന്നു. എനിക്കുറപ്പാണ്, ഈ വാക്കുകളിൽ അച്ചടിമഷി പുരളാതെ പോകില്ല.
കാർട്ടൂൺ
കോയാസ് കൊടിഞ്ഞിയുടെ പോത്ത് കച്ചവടം’  മാത്രമേ നിലവാരമുള്ളതായി തോന്നിയുള്ളു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്. ‘കൂലങ്കഷ’ത്തിൽ യാസീൻ പാടൂരിന്റെ വരയുടെ അകമ്പടിയിൽ മെഹ്ദ് മഖ്ബൂൽ ചോദിക്കുന്നു. എന്തിന് അമ്മ മാത്രം ഇങ്ങനെ ഓടുന്നു? അച്ഛനൊന്നലക്കി നോക്കട്ടെ. അച്ഛനല്ല, അച്ഛന്റെ അപ്പൂപ്പൻ വരെ ഓടും!
ഫോട്ടോ ബ്ലോഗ്
ചിത്രവരമ്പ് എന്ന ബ്ലോഗിലെ ചിത്രങ്ങൾ മനോഹരമാണ് . ഇതിൽ കൂടുതൽ ഫോട്ടോകൾ വിലയിരുത്താനുള്ള ജ്ഞാനമൊന്നും എനിക്കില്ല.
സാങ്കേതികം
ഫോട്ടോഷോപ്പ് പഠിക്കേണ്ടവർക്ക് ഒരു ഓൺലൈൻ ഗൂരുവായ ഫസലുൽ കുഞ്ഞാക്കയുടെ ഫോട്ടോഷൊപ്പിഎന്ന ബ്ലോഗ്. ഫേസ്ബുക്കിലെ സ്വകാര്യത സംരക്ഷിക്കാനുള്ള കുറിപ്പുമായി  പി. എസ്. സലീം വെമ്പൂർ കൂടെയുണ്ട്..
യാത്ര.
സുനി തോമസിന്റെ മസ്ക്കറ്റ് ഭാഗം – 1എന്ന പോസ്റ്റിൽ മസ്ക്കറ്റിന്റെ കാഴ്ച്ചകൾ കാണാം.. കാണുക തന്നെയാണെളുപ്പം.. ചിത്രങ്ങളാണു കൂടുതൽ. അറബി നാട്ടിൽ നിന്ന് നേരെ പോകുന്നത് സ്കാൻഡിനേവിയയിലേക്കാണ് സ്വീഡനിലെ ഹെൽസിംഗ് ബോർഗിലേക്ക്  കൂട്ടികൊണ്ടുപോകുന്നത് ജെയിംസ് വർഗീസ്. അദ്ദേഹം പട്ടണത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ നമ്മളോട് പങ്കു വെക്കുന്നു. സുനിയുടെ ബ്ലോഗിനെ അപേക്ഷിച്ചു നോക്കുമ്പോൾ ചിത്രങ്ങൾ കുറവും വാചകം കൂടുതലും.. അവിടെ നിന്ന് നേരെ പോയത് ആഫ്രിക്കയിലേക്കാണ് ഏത്തപ്പഴവുംപോത്തിറച്ചിയുംവിളമ്പി കാത്തിരിക്കുന്നത് ശ്രീജിത്ത് എൻ. പി. ഇതുമാത്രമല്ല, മീനും പയറു കറിയും മുതലയിറച്ചിയുമെല്ലാമുണ്ടത്രെ. ഒരു കൈ നോക്കുന്നോ? എന്തായാലും നമ്മെപ്പോലുള്ള കൂപമണ്ഢൂകങ്ങൾക്ക് സന്തോഷം കാണാത്ത ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്താൻ എത്ര ചങ്ങാതിമാർ !!
ചിന്ത/ലേഖനം
  മാധ്യമ ലോകം അറിഞ്ഞും അറിയാതെയും നിർബന്ധിക്കപ്പെട്ടും തമസ്ക്കരിക്കുന്ന പല വാർത്തകളും നമ്മിലേക്കെത്തിക്കുന്നതിൽ ഇന്ന് നിർണ്ണായക സ്വാധീനമുണ്ട് ഇന്റർനെറ്റിന്. ഭരണകൂടങ്ങളെയും അധികാരിവർഗ്ഗങ്ങളെയും പിടിച്ചു കുലുക്കുന്ന  വിവരങ്ങൾ വായുവേഗത്തിൽ ലോകം മുഴുവൻ പരക്കുന്നു. ചിലപ്പോഴെങ്കിലും അസത്യങ്ങളും കിംവദന്തികളും തീ പോലെ പടരുന്നു. സ്വകാര്യതകളും ചിന്തകളും പകർത്തിവെക്കാനുള്ള സ്ഥാനം ഡയറിയിൽ നിന്ന് ബ്ലോഗുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. വിപ്ളവകരമായ മാറ്റം എന്നൊക്കെ പറയുന്നത് ഇതല്ലേ?
  എങ്കിലും നമ്മൾക്കൊക്കെ നിന്നു തിരിയാനാവാത്ത വിധം തിരക്കു തന്നെ. ഈ തിടുക്കത്തിന്റെ ആവശ്യമുണ്ടോ എന്നാണ് ഞാൻ ബിസിയാഎന്ന പോസ്റ്റിലൂടെ അരുൺ കപ്പൂർ ചോദിക്കുന്നത്. ഉത്തരം പറയാൻ നമുക്കുണ്ടോ വല്ല നേരവും?
ഉറൂസ് എന്താണെന്നറിയാമോ? ആൾ ദൈവങ്ങൾ? ദാ പടന്നക്കാരൻ പറഞ്ഞു തരും.  ഈശ്വരൻ അരൂപിയാണെന്ന് പറഞ്ഞാൽ അപ്പോൾ മുടിയുടെയും നാരിന്റെയും പല്ലിന്റെയും എല്ലിന്റെയുമെല്ലാം പിന്നാലെ പോകും. മുപ്പത്തി മുക്കോടി ഉണ്ടെന്ന്, അതിലൊരെണ്ണം ഞാനായാലെന്താ കൊഴപ്പംഎന്നു കണ്ണുരുട്ടി തലയിൽ കിരീടം വച്ചിരിക്കും. ഈ മനുഷ്യരെ കൊണ്ടു തോറ്റു!
ദാ നോക്കൂ, മാവേലിയെ വരെ വെറുതെ വിടില്ലെന്നെ. ഓണം കഴിഞ്ഞെങ്കിലും ഷാരൂൺ ശങ്കറിന്റെ - ‘ഓണം ഐതിഹ്യം –പറയപ്പെടാത്തകഥഎന്ന ഈ പോസ്റ്റിലേക്കൊന്നു തല വച്ചു കൊടുത്തു നോക്കൂ,.ചിന്തയുടെ പാതാളത്തിലേക്ക് പോകാം.
ചീഫ് വിപ്പും വനം മന്ത്രിയുമെല്ലാം പരസ്പരം പലതും പറഞ്ഞെന്നിരിക്കും. പിന്നെ അതു മറന്നെന്നിരിക്കും. എങ്കിലും നെല്ലിയാമ്പതിയെ നമുക്കങ്ങനെ മറക്കാമോ? നെല്ലിയാമ്പതിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് ജോൺ പെരുവന്താനം കേളികൊട്ട് മാസികയിൽ എഴുതിയത് വായിക്കൂ.
ഈ വക ചേനക്കാര്യങ്ങൾക്കിടയിൽ അതാ ഒരാനക്കാര്യവുമായി പ്രവീൺ ശേഖർ വരുന്നു.  ആനക്കാര്യമല്ലേ, അല്പം കൂടി വിവരങ്ങൾ ചേർക്കാമായിരുന്നു. ആയുസ്സ്, സംവേദനം, ഭക്ഷണം, പ്രജനനം, ബുദ്ധി, പക(?), ഏഷ്യ, ആഫ്രിക്ക, എന്തൊക്കെ വിഷയങ്ങൾ ഇനിയും ബാക്കി കിടക്കുന്നു.
നമ്മുടെ മാത്രം ആരാധനാലയം, നമ്മുടെ മാത്രം ആശുപത്രി, നമ്മുടെ മാത്രം സ്കൂൾ, നമ്മുടെ മാത്രം മണ്ണ്, നമ്മുടെ മാത്രം വിണ്ണ് എന്നെല്ലാം മതിലുകളുയർത്തി ഓരോ മത, ജാതി വിഭാഗങ്ങളും വേർതിരിക്കുമ്പോൾ, അന്യരുടേത്  അപരിഷ്കൃതമായ മറ്റൊരു ലോകമായി തോന്നിത്തുടങ്ങും ആർക്കായാലും. കുട്ടികൾക്കിടയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പൊതുഇടങ്ങളെ കുറിച്ചുള്ള വേവലാതി പങ്കു വെക്കുകയാണ് നിസാർ എൻ. വി, പൊതു ഇടംനഷ്ടപ്പെടുന്ന കുട്ടികൾ  എന്ന പോസ്റ്റിലൂടെ. കാലിക പ്രസക്തമായ ലേഖനം. ഈ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്നുള്ളതു കൂടി ചേർത്തു വച്ച് ആലോചിച്ചു നോക്കൂ. ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നില്ലേ? പോംവഴി എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷെ സ്വന്തം കാര്യം സിന്ദാബാദ്എന്നാണല്ലൊ ഇന്നത്തെ മുദ്രാവാക്യം.
മലയാളികൾക്കിടയിൽ സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ശീലം സൃഷ്ടിക്കുന്ന ദുരന്തത്തിലേക്ക് വിരൽ ചൂണ്ടുകയാണ് സമീരൻ ‘വർത്തമാനകഥഎന്ന പോസ്റ്റിലൂടെ. അതെ - മദ്യപാനം തന്നെ! വൈകാരികമായി കാണുമ്പോൾ തന്നെ, സ്ഥിതിവിവരക്കണക്കുകൾ കൂടി നൽകിയിരുന്നെങ്കിൽ മദ്യപിക്കാത്തവർക്ക് ഒന്നു കൂടി ആശങ്ക വർദ്ധിപ്പിക്കാമായിരുന്നു. മലയാളികളുടെ സവിശേഷമായ അഹന്ത, ഗ്ലാസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുകൊണ്ടാണോ ‘കുടിച്ച് അന്ത്യം’ ഇത്രയധികമാവുന്നത്? നിരോധനമോ ലഭ്യത കുറക്കുന്നതോ വീര്യം കുറക്കുന്നതോ, എന്താണു പോവംഴി? ഒരു സമൂഹ ആത്മഹത്യയിലേക്കാണോ നാം ആടിയും ഇഴഞ്ഞും യാത്രയാവുന്നത്? നാടിനെ കുറിച്ച് ചിന്തിക്കുന്ന എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ഇത്രയും ബ്ലോഗുകൾ പരിശോധിച്ചത് ഇവിടെ ലിസ്റ്റ് ചെയ്യപ്പെട്ട ലിങ്കുകളിൽ നിന്നാണ്. ആക്റ്റീവ് അല്ലാത്തതോ അംഗമല്ലാത്തതോ ആയ അവനധിപേരുടെ ബ്ലോഗുകൾ ഉണ്ട് . വായന തുടങ്ങിയാൽ എല്ലാ പോസ്റ്റുകളും ഒന്നൊഴിയാതെ വായിപ്പിക്കാൻ തോന്നുന്നത്ര ഗംഭീരമായവയാണവയിൽ പലതും. അത്തരത്തിലുള്ള  ചില ബ്ലോഗുകളെങ്കിലും പരാമർശിക്കാതിരിക്കുന്നത് അപരാധമാവും.
പരിഭാഷ രവികുമാർ. വി.
Echmuvodu Ulakam / എച്മുവോട് ഉലകം കല. സി.
കഥവണ്ടി, ആമിയുടെ ചിത്ര പുസ്തകം - സിയാഫ് അബ്ദുൽഖാദിർ
അമ്മൂന്റെ കുട്ടി ജാനകി.
ലസ്സി ജയേഷ് എസ്.
അലസമാസക്തമനാവശ്യം ഹരിശങ്കർ കർത്താ
കാടോടിക്കാറ്റ് ഷീല ടോമി.
സ്വയംബ്ലോഗം രാം മോഹൻ പാലിയത്ത്.
ആകാശത്തേക്കുള്ള ഗോവണി എം. ആർ. അനിലൻ.
poems of CNKumar സി.എൻ. കുമാറിന്റെ കവിതകൾ - സി.എൻ. കുമാർ
നീഹാരബിന്ദുക്കൾ - സാബു. എം. എച്ച്.
ആമുഖത്തിൽ ബ്ലോഗുകളുടെ ഗുണഗണങ്ങളെ വാഴ്ത്തി. കുറെ നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ഒരു സംശയം.. ബ്ലോഗുകൾ എന്നാൽ എല്ലാം തികഞ്ഞോ? ഒരു മറുവശം ഇല്ലാതിരിക്കില്ലല്ലൊ.
വായനക്കാർ പരിമിതമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വായനക്കാരെ എഴുത്തുകാരൻ തന്നെ കണ്ടെത്തണം എന്നുള്ളതു തന്നെ ഏറ്റവും മുഖ്യം. ഓൺലൈൻ ലോകത്ത് പരിചയമുള്ള സുഹൃത്തുക്കളെ അറിയിക്കാം. എങ്കിലും അതു വളരെ കുറച്ചു പേർ മാത്രം. ബ്ലോഗ് എഴുതുന്നവരെല്ലാം ബ്ലോഗപ്പാടന്മാമാരാവുന്ന അവസ്ഥ. അപ്പോൾ പിന്നെ പുതിയ സഹൃദയരെ കണ്ടെത്തണം. അവരിൽ മിക്കവരും എഴുത്തുകാർ തന്നെ. അപ്പോൾ പിന്നെ അവരുടെ ബ്ലോഗപ്പാടുകളും വായിക്കണം. വായിച്ചാൽ പോരാ, അഭിപ്രായം പറയണം. അഭിപ്രായം പറഞ്ഞാൽ പോരാ, ഇഷ്ടപ്പെടുന്ന അഭിപ്രായം പറയണം. ഇനിയിപ്പോൾ എതിരഭിപ്രായം പറഞ്ഞാൽ, ‘ഓ.. ഇവനാര്എന്നു തോന്നിയാലോ? തിരികെ വായനയ്ക്ക് എത്തിയില്ലെങ്കിലൊ? എത്തിയാലും അവൻ പ്രതികാരം ചെയ്താലോ? ഒന്ന് സുഖിപ്പിച്ചാൽ നമുക്കും പരമസുഖം..അനുമോദന കമന്റുകളുടെ സ്വർഗത്തിൽ രാജാവായി വാഴാം. പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്നില്ലെ, അതു പോലെ. എന്താണു പോംവഴി?
സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ് ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു കരുതണം. ഇഷ്ടപ്പെട്ട ബ്ലോഗുകൾ എവിടെ കണ്ടാലും നാലോളോട് പറയണം. നല്ല പുസ്തകങ്ങൾ വായിക്കണം.
സ്വയം വളരണം.
വായിച്ചു വായിച്ചു വളരണം.. എഴുതിയെഴുതി വളരണം

37 comments:

  1. വിശദമായ അവലോകനം നല്‍കിയ വിഡ്ഢിമാന്‍നു അഭിനന്ദനങ്ങള്‍

    ReplyDelete
  2. ആധികാരികമായ വിലയിരുത്തൽ

    ഒട്ടു മിക്ക ബ്ലോഗുകളും പോസ്റ്റുകളും മുമ്പ് സന്ദർശിച്ചതിനാൽ ഈ അവലോകനം മികച്ചത് എന്ന് തന്നെ നിസ്സംശയം പറയാം...

    ആശംസകൾ

    ReplyDelete
  3. എല്ലാ മേഖലകളിലേക്കും കടന്നെത്തിയ ഒരു അവലോകനം ...

    ആശംസകള്...

    ReplyDelete
  4. മികവു പുലര്‍ത്തിയ അവലോകനം,മൊത്തത്തില്‍ ഒരു ഓട്ട പ്രദിക്ഷണം നടത്തിയിട്ടുണ്ട് എന്നു വ്യക്തം.പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. ആശംസകള്‍ !!!

    ReplyDelete
  5. ആധികാരികമായ ഒരവലോകനം..
    ആശംസകൾ..

    ReplyDelete
  6. കഥയില്‍ അധികം കൈ വെക്കാത്ത എന്‍റെ കൊച്ചു കഥയെ ആദ്യം പരാമര്‍ശിച്ചു കണ്ടപ്പോള്‍ തോന്നുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല ട്ടോ മനോജ്‌. .
    ഒരുപാടൊരുപാട് നന്ദി സ്നേഹം.
    പിന്നെ നല്ലൊരു അവലോകനം. പറഞ്ഞതെല്ലാം ഇഷ്ടമുള്ള ബ്ലോഗുകള്‍ . ശ്രദ്ധിക്കാതെ പോയതിലേക്ക് പോവാന്‍ സഹായകവും.
    സ്നേഹാശംസകള്‍

    ReplyDelete
  7. നല്ല അവലോകനം. അഭിനന്ദനങ്ങള്‍...

    ReplyDelete
  8. നല്ല ശ്രമം വേണ്ട ജോലി, വളരെ നന്നായി ചെയ്തു മനോജ്‌ . അഭിനന്ദനങ്ങള്‍

    ReplyDelete
  9. നല്ല അവലോകനം. അവസാനത്തെ ‘ബ്ലോഗറുടെ’ ചിന്തകള്‍ ഏറെ ഇഷ്ടായി. സത്യമാണത്, കമന്‍റിനു വേണ്ടി മാത്രം മറ്റുള്ളവരെ മൂഢസ്വര്‍ഗ്ഗത്തില്‍ വാഴിക്കാതിരിക്കുക എന്നത് നല്ലൊരു വായനക്കാരന്‍റെ ധര്‍മ്മമാണ്. നല്ല വായനക്കാരനുള്ളിടത്തേ മികച്ച രചനകള്‍ പിറക്കൂ..

    ReplyDelete
  10. ഒന്നൊന്നര അവലോകനം അഭിനന്ദനങ്ങള്‍..ങ്ങള് വിഡ്ഢിമാന്‍ അല്ല ഹേ ബുദ്ധിമാന്‍.

    ReplyDelete
  11. അഭിനന്ദനങ്ങള്‍...

    ReplyDelete
  12. ഇത്ര വിശദമായ വായനക്കും, അവലോകനത്തിനും സമയം കണ്ടെത്തിയ താങ്കളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. എന്‍റെ പോസ്റ്റും താങ്കള്‍ക്കിഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    ReplyDelete
  13. ബ്ലോഗിലൂടെ ഒരു യാത്ര അവലോകനം ഇഷ്ടപ്പെട്ടു

    ReplyDelete
  14. പുതിയ സംരംഭം കൊള്ളാം

    പലതും വായിക്കാതവ

    പതിയെയൊന്നിറങ്ങി

    നോക്കി വരാം

    ആശംസകള്‍

    ReplyDelete
  15. ഗംഭീരം ... ഈ അവലോകനം !!!!!!

    ReplyDelete
  16. ആധികാരികമായ ഒരവലോകനം,ആശംസകള്‍ ..

    ReplyDelete
  17. സൂപ്പര്‍, ഡാ! ഉഗ്രന്‍മാര്‍ ഉള്‍പ്പെടുത്തിയത് കൊണ്ടല്ല... ഇത് ശ്രമകരമായ ഒരു ജോലി ആണെന്ന്‍ എനിക്കറിയാവുന്നത് കൊണ്ടാണ്; താങ്കള്‍ അത് ഭംഗിയായി നിര്‍വഹിച്ചു!

    അഭിനന്ദനങ്ങള്‍!

    ReplyDelete
  18. മനോജ്‌ , എല്ലാ മേഖലകളും വിശദമായി വിവരിച്ചിരുക്കുന്നു. കുറെയധികം കഷ്ടപ്പെട്ടു കാണുമല്ലേ.. പ്രയത്നത്തിനു ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍..! വളരെ നന്നായിരിക്കുന്നു.

    ReplyDelete
  19. നന്നായി അവലോകിച്ചു കേട്ടോ. ചില അവലോകനത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ അല്ലേ?

    ReplyDelete
    Replies
    1. തീർച്ചയായും അജിത്തേട്ടാ..
      ഒരു കുടുംബത്തിൽ പോലും ഒരു കാര്യത്തിനെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കില്ല.. പിന്നെയാണൊ ഒരവലോകനം..

      Delete
  20. വിഡ്ഢിമാന്റെ ഈ ശ്രമത്തിനു ആദ്യമേ അഭിനന്ദനങ്ങള്‍.പൂര്‍ണമായും ഈ അവലോകനം ശരി വെയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല .തുടക്കത്തില്‍ പറഞ്ഞത് ഗംഭീര പോയിന്റ്‌ ആണ്.

    ReplyDelete
  21. വെടിക്കെട്ട്‌ അവലോകനം...താങ്കള്‍ അഭിനന്ദനം തീര്‍ച്ചയായും അര്‍ഹിക്കുന്നു...പ്രത്യേകിച്ച് അവസാന വരികള്‍ക്ക് !!
    ഇതൊരു സുഖിപ്പിക്കലെല്ല...നല്ലെതെന്ന് തോന്നിയാല്‍ അത് പറയാതിരിക്കാന്‍ അസ്രുസിനാവില്ല !

    ReplyDelete
  22. വിഡ്ഢിമാൻ ആളൊരു വിദ്വാൻ തന്നെ!

    എനിക്കിട്ടൊരു പാരയും വച്ചു!

    ReplyDelete
  23. നല്ല അവലോകനം. അഭിനന്ദനങ്ങള്‍..

    ReplyDelete
  24. ആറ്റിക്കുറുക്കിയ അവലോകനം. നന്നായി.

    ReplyDelete
  25. ശ്രമകരമായ ജോലി ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു

    ReplyDelete
  26. അവലോകനം നന്നായിരിക്കുന്നു, കാണാത്ത പല ബ്ലോഗുകളിലും എത്തിപ്പെടാന്‍ കഴിഞ്ഞു.

    ReplyDelete
  27. നന്നായിരിക്കുന്നു അവലോകനം.

    ReplyDelete
  28. ഈ അവലോകനം എനിക്ക് ഇഷ്ടമായി... വളരെ നല്ല നിലവാരം പുലര്‍ത്തുകയും അതോടൊപ്പം വളരെ തന്മയത്വതോട് കൂടി അവതരിപ്പികുകയും ചെയ്തിരിക്കുന്നു.... അഭിനന്ദനങ്ങള്‍..............

    ReplyDelete
  29. മലയാളത്തില്‍ പതിനായിരത്തിലേറെ ബ്ലോഗുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. നമ്മുടെ ഗ്രൂപ്പുകളിലൂടെയും മറ്റും നമ്മള്‍ വായിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അപ്പുറത്തും ബ്ലോഗര്‍മാരും ബ്ലോഗുകളും ഉണ്ട്. അവ കൂടി കണ്ടെത്തി ഈ പംക്തിയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ.
    ഇതൊരു അപേക്ഷ മാത്രമാണ് കേട്ടോ.
    ഇതിന്റെ പിന്നണിയില്‍ ഉള്ളവര്‍ക്ക് ഭാവുകങ്ങള്‍ നേരട്ടെ.

    ReplyDelete
  30. നന്നായി,,,എന്റെ ബ്ലോഗിലേക്ക് ഒന്ന് എത്തി നോക്കിക്കൂടായിരുന്നൊ,,,

    ReplyDelete
  31. നന്ദി ആധികാരികമായ എഴുത്തിന്ന് !! പക്ഷേ എന്താ ഫോടോഗ്രാഫിയെ അവഗണിച്ചത് ??

    ReplyDelete