കട്രത് തമിഴ്
0 Comments Yet, Add Yours...
ചലിക്കുന്ന ചിത്രങ്ങൾ

പ്രവീൺ ശേഖർ







വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത്   ദൃശ്യ വിസ്മയം സൃഷ്ടിക്കുന്നതില്‍ തമിഴ് സിനിമകള്‍  വഹിച്ചിട്ടള്ള  പങ്ക് വളരെ വലുതാണ്‌ . 2007-ല്‍, തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ  മുന്നിലേക്ക്‌ ഒരു വേറിട്ട കഥയുടെ ദൃശ്യ വിപ്ലവാനുഭവമായി വന്നതായിരുന്നു റാം എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമാ സംരംഭമായ "കട്രത് തമിഴ്". 

റാമിന്‍റെ സിനിമാ സ്വപ്‌നങ്ങള്‍ മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. വർണ്ണശബളമായ ഒരു കഥാ പശ്ചാത്തലമോ, പതിവ് തമിഴ് സിനിമാ ചേരുവകളോ ഒന്നുമില്ലാതെയാണ് റാം ഈ സിനിമയെ അണിയിച്ചൊരുക്കിയത്. അത് കൊണ്ട് തന്നെ  പല സിനിമാ പ്രേമികളും ഈ സിനിമയെ നിറമില്ലാത്ത ഒരു സിനിമയായി വ്യഖ്യാനിക്കുകയുണ്ടായി. ഒരു സിനിമയോടുള്ള പ്രേക്ഷകന്‍റെ കാഴ്ചപ്പാടാണ് ആ സിനിമയുടെ യഥാര്‍ത്ഥ നിറം. മുന്‍വിധികളോട് കൂടി പലരും ഈ സിനിമയെ തഴഞ്ഞപ്പോള്‍ റാമിന്‍റെ സിനിമാ സ്വപ്നങ്ങളും നിറങ്ങളില്‍ പങ്കു ചേര്‍ന്നില്ല. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പരാജയപ്പെട്ട ഈ സിനിമ  കനത്ത സാമ്പത്തിക നഷ്ടത്തില്‍ തന്നെ കലാശിക്കുകയും ചെയ്തു. 

മാതൃഭാഷയെ പെറ്റമ്മയോളം സ്നേഹിക്കണം എന്ന കവി വചനങ്ങളില്‍ ചെറുപ്പ കാലം തൊട്ടേ തീവ്ര വിശ്വാസം പുലര്‍ത്തി വന്നിരുന്ന പ്രഭാകര്‍ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തതും തന്‍റെ മാതൃഭാഷയായ തമിഴ് തന്നെയായിരുന്നു. കുട്ടിക്കാലം  തൊട്ടേ പ്രഭാകറിന്റെ ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളും അവിചാരിതമായിരുന്നു. അമ്മയെ കാറപകടത്തില്‍ മരണം കവര്‍ന്നു കൊണ്ട് പോയ ഷോക്കില്‍ നിന്ന് മോചിതനാകും മുന്‍പേ പട്ടാളക്കാരനായ അച്ഛന്‍ അവനെ ഒരു ഹോസ്റ്റലില്‍ ചേര്‍ത്തു തിരികെ ക്യാമ്പിലേക്ക് മടങ്ങുന്നു.  ഹോസ്റ്റലിലെ ഏകാന്തതയില്‍  നിന്നും   പ്രഭാകറിനെ തമിഴ് അദ്ധ്യാപകനായ വാര്‍ഡന്‍ ഏറ്റെടുക്കുന്നു. തന്‍റെ സ്വന്തം മകനോടെന്ന പോലെ സ്നേഹ വാത്സല്യങ്ങളോടെ അവനു വേണ്ട  സംരക്ഷണം നല്‍കുകയും ചെയ്യുന്നു.   അനാഥത്വത്തിന്റെ വാതിലില്‍ പകച്ചു നിന്ന പ്രഭാകറിന് അദ്ദേഹവുമായുള്ള സമ്പര്‍ക്കം മൂലം, നഷ്ടപ്പെട്ട ഉത്സാഹം വീണ്ടു കിട്ടുന്നുവെങ്കിലും  വിധി അവനെ  വീണ്ടും പരിഹസിക്കുകയാണ് ചെയ്തത്. 

ഒറ്റപ്പെടലുകളില്‍ നിന്ന് ഒറ്റപ്പെടലുകളിലേക്കുള്ള പ്രഭാകറിന്റെ ജീവിത പ്രയാണത്തില്‍ യാദൃച്ഛികതകള്‍ക്ക് ഒരുപാട് സ്ഥാനമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.,. കുട്ടിക്കാലത്തെ തന്‍റെ കളിത്തോഴിയെ പ്രഭാകര്‍ വീണ്ടും കാണുന്നത് അങ്ങനെയൊരു സാഹചര്യത്തിലാണ്. അവളുടെ കുടുംബത്തിന്‍റെ പരിതാപകരമായ അവസ്ഥയില്‍ കൂട്ട് ചേരുന്നതിലൂടെ പ്രഭാകര്‍ വീണ്ടും സന്തോഷവാനാകുന്നു. പക്ഷെ, ഒറ്റപ്പെടലുകള്‍ അവന്‍റെ ജീവിതത്തില്‍  വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. തുടര്‍ന്നും സിനിമയില്‍ ഇവര്‍ കണ്ടുമുട്ടുന്നുവെങ്കിലും പൂര്‍ണമായ ഒരു ഒത്തു ചേരല്‍ ഒരിടത്തും സംഭവിക്കുന്നില്ല. 

സിനിമയിലെ നായകന്‍റെ പല ജീവിത സന്ദര്‍ഭങ്ങളും അവിചാരിതവും യാദൃച്ഛികവുമായി സംഭവിച്ചു പോകുന്നതാണ് എന്ന തരത്തില്‍ ഒരു ന്യായീകരണം പ്രേക്ഷകന് കൊടുക്കാന്‍ സംവിധായകന്‍ തുടക്കം മുതലേ ശ്രദ്ധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ലോജിക്കുമായി ബന്ധപ്പെടുത്തുവാന്‍ പ്രേക്ഷകന് മനസ്സ് വരുന്നുമില്ല.

തമിഴ് ബിരുദം നല്ല മാര്‍ക്കോട് കൂടി പഠിച്ചിറങ്ങിയ പ്രഭാകറിന് തമിഴ് ഭാഷാ അദ്ധ്യാപനത്തിലൂടെ  കുറഞ്ഞ ശമ്പളം മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. അതേസമയം വാക്കുകള്‍ കൂട്ടിയെഴുതാന്‍ പോലും അറിയാതിരുന്ന അവന്‍റെ പല കൂട്ടുകാരും ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കൊണ്ട് ഐ ടി കമ്പനികളിലും സോഫ്റ്റ്‌വെയര്‍ കമ്പനികളിലും ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കുന്ന പ്രഭാകര്‍ ഒരു തരം മാനസിക വിഭ്രാന്തിയില്‍ അകപ്പെടുന്നുണ്ട്. 

ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തി പോലീസുകാര്‍ തന്നെ ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നത് തന്‍റെ പ്രിയ വിദ്യാര്‍ഥികള്‍ ക്ലാസ് റൂം ജനാലയിലൂടെ കണ്ടിരിക്കുന്നു എന്ന് മനസിലാക്കുന്ന  പ്രഭാകറിന് അഭിമാനക്ഷതം ഉണ്ടാകുന്നു.  'അഭിമാനം പോയാല്‍ ജീവിച്ചിരിക്കാന്‍ യോഗ്യനല്ല' എന്നാണു  കവികള്‍ പാടിയിരിക്കുന്നത്. അത് കൊണ്ട് തന്നെയായിരിക്കാം സ്വയം ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ പ്രഭാകര്‍ എത്തുന്നത്. ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ കവിതകള്‍ ചൊല്ലിക്കൊണ്ട് കെട്ടിടത്തിനു മുകളില്‍ കയറി പ്രഭാകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനു പിന്നിലെ പ്രധാന പ്രേരണയും അത് തന്നെ. 

മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ആത്മഹത്യാ കുറിപ്പ് എഴുതുന്ന ഒരു സമ്പ്രദായം പൊതുവേ സമൂഹത്തിലുണ്ട്.  ഇവിടെ പ്രഭാകറിനെ കുഴപ്പിക്കുന്ന കാര്യവും അത് തന്നെ. തനിക്ക് ഏറ്റവും ഇഷ്ടമുള്ള തന്‍റെ ബാല്യകാല സഖി ആനന്ദിക്കു  ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ ആഗ്രഹിക്കുന്ന പ്രഭാകറിന് പക്ഷേ അവള്‍ ഇന്നെവിടെയാണ്‌ എന്ന കാര്യം അറിയില്ല.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെ തന്‍റെ ന്യായീകരണം ആനന്ദിയെ ഒരു പക്ഷേ ചിരിപ്പിച്ചേക്കുമോ എന്ന് പ്രഭാകര്‍ ആശങ്കപ്പെടുന്നുണ്ട്. തമിഴ് ഭാഷ പഠിച്ചവന് തമിഴ് നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ല എന്ന് ആത്മഗതമായി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രഭാകര്‍ പതിയെ പതിയെ പരിസര ബോധം മറന്നു കൊണ്ട് ഒരു മനോരോഗിയുടെ ഭാവം ഉള്‍ക്കൊള്ളുന്നു. 

പോലീസില്‍ നിന്ന് കുതറിയോടുന്ന പ്രഭാകര്‍ തന്‍റെ കയ്യില്‍ ആകെയുള്ള മുഷിഞ്ഞു കീറിയ അഞ്ചു രൂപാ നോട്ട് കൊണ്ട് റെയില്‍വേ ടിക്കറ്റ്‌ എടുക്കാന്‍ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. കീറിയ അഞ്ചു രൂപാ നോട്ടിനെ  അവഗണിക്കുന്ന റെയില്‍വേ ജോലിക്കാരനോടുള്ള കടുത്ത അമര്‍ഷം പ്രഭാകറിന്റെ മനോനില വീണ്ടും തെറ്റിക്കുന്നു. ആ മാനസികാവസ്ഥയില്‍ റെയില്‍വേ ജോലിക്കാരനെ കൈയേറ്റം ചെയ്യുകയും ഒരു കൈയബദ്ധത്തില്‍ അയാളുടെ മരണം സംഭവിക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് അമ്മയുടെ മരണം നേരിട്ട് കാണുന്നത് വഴി ചോരയെ പേടിയോടെ നോക്കിക്കണ്ടിരുന്ന പ്രഭാകര്‍ ഈ സംഭവത്തോട് കൂടി ചോരയെ ഭ്രാന്തമായി നോക്കിക്കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. 

ഇതിനു ശേഷം പല വട്ടം തന്‍റെ കണ്മുന്നില്‍ നടക്കുന്ന പല സാമൂഹിക അവസ്ഥകളിലും  ഒരു ഭ്രാന്തന്റെ വികാര ക്ഷോഭം കണക്കെ പ്രഭാകര്‍ പ്രതികരിക്കുന്നുണ്ട്. അത് പലപ്പോഴും കൊലപാതകങ്ങളില്‍ തന്നെ എത്തിച്ചേരുന്നു. പക്ഷെ, ഇരുപത്തിരണ്ടു കൊലപാതകങ്ങള്‍ നടത്തിയ പ്രഭാകര്‍ എന്ത് കൊണ്ട് ഒരു കൊലപാതകിയായി എന്ന ചോദ്യം സമൂഹം വിസ്മരിക്കുന്നു.   

തന്‍റെ ഭൂത കാലത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ പ്രഭാകര്‍ കണ്ട വഴി ഒരു ക്യാമറാമാനെ തട്ടിക്കൊണ്ടു വരുക എന്നതായിരുന്നു. പ്രഭാകറിന്റെ ഭീഷണിക്ക് വഴങ്ങി, ക്യാമറമാന്‍ അവന്‍റെ ഭൂതകാലത്തെ ഭീതിയോടു കൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് കഥയുടെ മുക്കാല്‍ ഭാഗവും പറഞ്ഞു പോകുന്നത്. 

പല രംഗങ്ങളിലും സമൂഹത്തിലെ മൂല്യച്യുതികളെ ചൂണ്ടിക്കാണിക്കുന്ന ഈ സിനിമ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റുന്നതില്‍ വിജയിച്ചു. ഈ സിനിമയ്ക്കു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. കഥയിലുടനീളം കഥാപാത്രത്തിന്റെ അവസ്ഥയ്ക്കും രംഗത്തിനും യോജിച്ച രീതിയില്‍ ഒരു ഭ്രാന്തമായ സംഗീത താളം പ്രേക്ഷകന് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്.  ജീവ എന്ന നടന്‍റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ സിനിമ എന്ന് നിസ്സംശയം പറയാം.

ഒരു സംവിധായകന്‍  ക്യാമറയിലൂടെ നോക്കി കാണേണ്ടത് സമൂഹത്തിലെ  നിറക്കാഴ്ചകള്‍ മാത്രമല്ല, നേരിനോടും സമൂഹത്തിനോടുമുള്ള നിറമില്ലാത്ത കാഴ്ചകള്‍ കൂടിയാണെന്ന് ഈ സിനിമ നമ്മളെ ഓര്‍മപ്പെടുത്തുമ്പോള്‍, ഒരു സംവിധായകന് യഥാര്‍ത്ഥത്തില്‍  വേണ്ടത് ഉള്‍ക്കാഴ്ച്ചയാണ് എന്ന കാര്യം തന്‍റെ  ആദ്യ സിനിമയിലൂടെ തന്നെ സിനിമാ പ്രേക്ഷകരെ സരസമായി  ബോധ്യപ്പെടുത്താന്‍ റാമിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

0 comments:

Post a Comment