ഫാമിലി സ്റ്റാറ്റസ്
17 Comments Yet, Add Yours...


 കഥ
ഷോബിൻ കുരിയൻ
 മനോവിചാരങ്ങൾ
http://www.manovicharangal.comഎത്രയും ബഹുമാന്യനായ മാനേജര്‍ സാര്‍,
ഞാന്‍ ഈ കമ്പനിയില്‍ ജോലിക്ക് വന്നിട്ട് ഇന്നേക്കു അഞ്ചു കൊല്ലവും പതിനൊന്നു മാസവും ഇരുപത്തൊന്ന് ദിവസവുമായി എന്നു അറിയിക്കട്ടെ. ഇത് എന്റെ ജീവിതത്തിലെ വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇവിടെ വന്നതിനു ശേഷമാണ് പല സൌഭാഗ്യങ്ങളും എനിക്കു  കിട്ടിയത്. ഒരു പണിയും ചെയ്യാതെ അപ്പനുണ്ടാക്കിയത് തിന്നു മുടിച്ചവന്‍ എന്ന പേരുദോഷം മാറ്റാന്‍ സാധിച്ചതും ഇവിടെ വന്നതിനു ശേഷമാണ്. അതിനെല്ലാം മനസില്‍ ബഹുമാനവും, ആത്മാര്‍ഥതയും ഞാന്‍ കമ്പനിയോട് കാണിച്ചിടുണ്ട്. താങ്കള്‍ക്കു തിരക്കുണ്ടെന്ന് എനിക്കറിയാം, പക്ഷേ എനിക്കു പറയാനുള്ളത് മുഴുവന്‍ ഇതിലെഴുതിയിടുണ്ട് ആയതിനാല്‍ മുഴുവന്‍ വായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. എല്ലാ ജീവിതങ്ങളുടെയും ഏറ്റവും സുന്ദരമായ നിമിഷം എന്നത് അവനവന്റെ കല്ല്യാണ ദിവസമാണ്. ഇവിടെ ജോലിക്കു വന്നു ഒന്‍പത് മാസവും ഏഴ്  ദിവസവും കഴിഞ്ഞപ്പോഴാണ് ഇടവകപ്പള്ളിയിലെ കപ്പ്യാര് ഒരു കല്ല്യാണാലോചനയുമായി അമ്മച്ചിയെ കാണുന്നത്. അന്നേവരെ കപ്പ്യാരെ കാണുന്നത് തന്നെ അലര്‍ജ്ജിയായ അമ്മച്ചിക്ക് അന്ന് കപ്പ്യാരെ വീട്ടില്‍ കേറ്റി കാപ്പി കൊടുക്കാൻ തോന്നണമെങ്കില്‍ എത്രത്തോളം അമ്മച്ചി എന്റെ കല്ല്യാണം ആഗ്രഹിച്ചിട്ടുണ്ടാകും എന്നു സാറിന് ഊഹിക്കാമല്ലോ. മനുഷ്യ ജീവിതത്തിന്റെ ഒരു പ്രധാന കണ്ണിയാണ് വൈവാഹിക ജീവിതം. അപ്പോ ആ കണ്ണി കൂട്ടിയോജിപ്പിക്കാനുള്ള അമ്മച്ചിയുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമാണോ അതോ ശവമടക്ക്, കൊച്ചിനെമുക്ക് (മാമോദീസ) തുടങ്ങിയവയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതിനാലാണോ എന്തോ കപ്പ്യാര് എനിക്കു ഒരു ആലോചനയുമായിട്ടാണ് അന്ന് വീട്ടില്‍ കയറി വന്നത്. വന്നപാടെ ചെകുത്താന്‍ കുരിശ് കണ്ടതുപോലെ നില്‍ക്കുന്ന അമ്മച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞു.  സംഭവം കേട്ടിട്ടു കൊള്ളാമെന്ന് തോന്നിയത് കൊണ്ടാകും അടുക്കളയില്‍ നിന്ന ഏലിയോട് കാപ്പിയിടാന്‍ വിളിച്ച് പറഞ്ഞിട്ടു ബാക്കി കേള്‍ക്കാന്‍ കപ്പ്യാരുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. അപ്പോള്‍ അമ്മച്ചിയുടെ മുഖം ചോക്കളേറ്റ് കിട്ടിയ കുഞ്ഞുങ്ങളുടേത് പോലെ നിഷ്കളങ്കമായിരുന്നു.
സംഭവം പെണ്ണ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഒരാങ്ങള എന്തോ വല്ല്യ പഠിത്തം കഴിഞ്ഞു നില്ക്കുന്നു. അപ്പന്‍ ഗുള്‍ഫുകാരനാണ്, അമ്മ ഗൃഹഭരണം,  ഇരുപത്തഞ്ചേക്കറില്‍ പരന്നു കിടക്കുന്ന  റബ്ബര് തോട്ടം, തെങ്ങ്, കുരുമുളക്, വാഴ തുടങ്ങിയ കൃഷികള്‍. കൃഷിയൊക്കെ അവിടുത്തെ അമ്മച്ചിയാണ് നോക്കുന്നത്. അങ്ങനെ എല്ലാം കൊണ്ടും സര്‍വ്വയോഗ്യമായ കല്ല്യാണലോചന.

"നമ്മുടെ കാര്യങ്ങളൊക്കെ ഞാന്‍ അവരോടു പറഞ്ഞിടുണ്ട്. കേട്ടപ്പോള്‍ അവര്‍ക്കും താത്പര്യമായി. പിന്നെ ചേടത്തീ ........ അവരുടെ സംസാരത്തിന്റെ ലക്ഷണം കണ്ടിട്ടു ഒരു പത്തു ലക്ഷം തരുമെന്നാ തോന്നുന്നേ" കപ്പ്യാര്‍ ആമുഖമായി പറഞ്ഞു നിര്‍ത്തി.

പറഞ്ഞു തീര്‍ന്നപ്പോഴേക്കും  കപ്പ്യാര്‍ക്കുള്ള   ചായയുമായി  വന്ന   ഏലിപെണ്ണിനെ ചായയുടെ കൂടെ തിന്നാനൊന്നും കൊണ്ടുവരാത്തതിന് വഴക്കുപറഞ്ഞു  വട്ടേപ്പം എടുപ്പിച്ചു കൊടുത്തു അമ്മച്ചി. പഞ്ഞിപോലത്തെ വട്ടേപ്പം കഴിച്ചപ്പോള്‍ കപ്പ്യാര്‍ക്കും സന്തോഷം. പ്രായത്തിന്റെ വികൃതിയില്‍ പൊഴിഞ്ഞ മുന്‍പല്ലുകള്‍കിടയിലൂടെ ചാടിപ്പോകുന്ന വട്ടയപ്പത്തെ പെറുക്കി കളഞ്ഞോണ്ട് കപ്പ്യാര് തുടര്‍ന്നു.

"അവര്‍ക്ക് നമ്മളെ ഇഷ്ടമായെങ്കിലും ഒരു കാര്യം അവര്‍ തീര്‍ത്തു പറഞ്ഞു " ഇത് കേട്ടതും  അമ്മച്ചിയുടെ മുഖം, കിട്ടിയ ചോക്കളേറ്റ് തിരിച്ചു ചോദിക്കുമ്പോഴുള്ള കുട്ടിയുടെ മുഖം പോലെ ഒന്നു വിളറി .

"എന്താ കപ്പ്യാരെ പ്രശ്നം "

"ഏയി.......ഇക്കാലത്ത് ഇത്  അങ്ങനെ വല്ല്യ പ്രശ്നമൊന്നുമല്ല, അവര്‍ ചോദിക്കുവാ കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണിനെ ഗള്‍ഫില്‍ കൊണ്ട് പോകുമോ, അതിനു ഫാമിലി സ്റ്റാറ്റസ് ഉണ്ടോ എന്നൊക്കെ. ഞാന്‍ ഒന്നുമാലോചിക്കാതെ പറഞ്ഞു ഉണ്ടെന്ന്.........ഇവിടുത്തെ ചെറുക്കനല്യോ,  അതൊക്കെ കാണാതെയിരിക്കുമോ.......അല്ലേ..!!!...ഹഹഹഹഹ"

"ഏതായാലും ഞാനൊന്നു അച്ചായനോടും, ചെറുക്കനോടും സംസാരിച്ചിട്ടു വിവരം പറയാം... എന്താ." അമ്മച്ചി തെല്ലു നിരാശയോടെ പറഞ്ഞു.

"മതി....എന്നാ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം...... പിന്നെ ചേടത്തി, തീരുമാനിക്കാന്‍ ഒത്തിരി ദിവസമെടുക്കരുത് അവര്‍ക്ക് മറ്റ് വല്ല്യ ആലോചനകള്‍ ഉള്ളതാ. ഞാന്‍ ഒരുവിധം പിടിച്ച് നിര്‍ത്തിയിരിക്കുവാ അപ്പോ ഞാന്‍ അങ്ങോട്ട് .........."

ഈ പെണ്‍വീട്ടുകാര്‍ക്കെല്ലാം എന്തൊന്നിന്റെ സൂക്കേടാ കര്‍ത്താവേ..!!!. ചെറുക്കന് കേറിക്കിടക്കാന്‍ വീടില്ലേലും ഫാമിലി സ്റ്റാറ്റസ് വേണംപോലും. ഈ ഒറ്റ പ്രശ്നം കൊണ്ട് എത്ര കല്ല്യാണമാണ് മാതാവേ മുടങ്ങുന്നത്. എന്റെ പൊന്നുമാതാവേ ഈ കല്ല്യാണം നടന്നാല്‍  ഞാനൊരു പൊന്‍കുരിശ്   തന്നെക്കാവേ......വായ് കീറിയ ദൈവം വഴിയും തരും,  ഇത്രത്തോളം യഹോവ നടത്തിയല്ലോ അപ്പോ അതും നടക്കും എന്നിങ്ങനെയുള്ള ആലോചനയില്‍ നില്‍ക്കുന്ന അമ്മച്ചിയെ കപ്പ്യാര്‍ പുതുപെണ്ണിന്റെ നാണത്തോടെ വിളിച്ചു

"ചേടത്തിയെ..!!!....ചേട്ടത്തി ..എന്നാ ഞാന്‍ അങ്ങോട്ട് ........!!!!! "

ആലോചനയിലും, നേര്‍ച്ചനേരലിലും നിന്നും ഞെട്ടി ഉണര്‍ന്ന അമ്മച്ചി തല ചൊറിഞ്ഞു നില്‍ക്കുന്ന കപ്പ്യാരെ ഒരു വല്ലാത്ത വിമ്മിട്ടത്തോടെ നോക്കി അച്ചായന്റെ മണിപേര്‍സില്‍ നിന്നും ഒരു അമ്പതുരൂപയെടുത്ത് കൊടുത്തു. ഒരു ലോട്ടറിയടിക്കാന്‍ പോകുന്ന സന്തോഷത്തോടെ കപ്പ്യാര്‍ വീട്ടില്‍  നിന്നുമിറങ്ങി.

"ഹും.. തേങ്ങയിടാന്‍ വരുന്നവന് എടുത്ത വെച്ച കൂലിയാ അരമണിക്കൂര്‍ വാചകമടിച്ച കപ്പ്യാര്‍ക്ക് കൊടുത്തത്.." അടുക്കളഭാഗത്തേയ്ക്ക് വന്ന അമ്മച്ചി ഏലിയോട് ഇത്തിരി നീരസത്തോടെ പറഞ്ഞു. എന്തായാലും ഒരു പാട് നാളത്തെ പ്രാര്‍ഥനകളുടെ ഫലം കാണാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ്  എന്ന വിചാരത്തില്‍ അമ്പതു രൂപപോയ സങ്കടം ഒതുക്കി. ഏലിയാണെങ്കില്‍ ആദ്യം കിട്ടിയ വഴക്കിനുള്ള പ്രതിഷേധം കഞ്ഞിക്കലത്തോടു  തീര്‍ത്തുകൊണ്ടിരിക്കുവായിരുന്നു അപ്പോള്‍

സാര്‍ കല്ല്യാണത്തിന്‍റെ വിശേഷങ്ങള്‍ എഴുതാനും പറയാനും തുടങ്ങിയാല്‍ ഒരു തുടരന്‍ എഴുതാനുള്ള വകയുണ്ട്, പക്ഷേ അത് മുഴുവന്‍ ഇവിടെ എഴുതാന്‍ സാധിക്കില്ലലോ. അതിനാല്‍ ചുരുക്കി പറയാം. അപ്പനോടും എന്നോടും പിന്നെ അമ്മാച്ചന്‍മ്മരോടും എല്ലാം ആലോചിച്ചു അവസാനം കപ്പ്യാരുടെ തിരക്കഥയില്‍ കല്ല്യാണം പൊടിപൊടിച്ച് നടത്തി. എല്ലാത്തിനും മുകളില്‍ കപ്പ്യാരുടെ വക ഒരു പ്രത്യേക മേല്‍നോട്ടവുമുണ്ടായിരുന്നു. മെത്രാച്ചന്റെ ഒരു സ്പെഷ്യല്‍ പ്രാര്‍ഥനയും, ആശീര്‍വാദവും കപ്പ്യാര്‍ നടത്തിച്ചു അതിന്റെ അവസാനം പുള്ളി എന്നെ നോക്കി ചിരിച്ചതിന്റെ കണക്ക് പിറ്റേദിവസം നെഞ്ചത്ത് കൈവെച്ചാണ് അപ്പച്ചന്‍ എനിക്കു വിവരിച്ചു തന്നത്. അങ്ങനെ എന്റെ കല്ല്യാണം കഴിഞ്ഞു ദിനങ്ങള്‍ പറന്നു പോയി. എണ്ണി ചുട്ട അപ്പം പോലെ മുപ്പതു ദിവസവും, പിന്നെ സ്വര്‍ണ്ണം തൂക്കിയപ്പോലെ സാര്‍ തന്ന പത്തു ദിവസവും ഒരു ഉച്ചയുറക്കം കഴിഞ്ഞു എഴുന്നേറ്റ ലാഘവത്തോടെ കടന്നു പോയി.

അവസാനം ഗുള്‍ഫുകാരെന്‍റെ അന്ത്യ ദിവസം അടുത്തു. പരോള്‍ കഴിഞ്ഞു ജയിലിലേക്ക് മടങ്ങുന്ന തടവുകാരനെ പോലെ ഒരു ബാഗും പിടിച്ച് ഇറങ്ങാന്‍ നേരമാണ് അമ്മായിയപ്പന്റെ ചോദ്യം "മോനേ ഇവളുടെ വിസ പെട്ടന്നു കിട്ടുമായിരിക്കുമല്ലേ?....." ഗുസ്തി  കാണാന്‍വന്നവന് ഇടി കിട്ടിയപോലെയാണ് ആ ചോദ്യം ഞാന്‍ കേട്ടത്. തിരിഞ്ഞു  നോക്കിയപ്പോള്‍ അമ്മച്ചിയും, അപ്പച്ചനുമടക്കം എല്ലാവരും ഒരു ഉത്തരത്തിനായി എന്നെ തുറിച്ചു നോക്കുകയാണ്; ഒരു പിടിച്ചുപറിക്കാരനെപ്പോലെ.

"ശരിയാകും.....എത്രയും പെട്ടന്നു ശരിയാക്കണം.... അപ്പച്ചന്‍ നാളെ പഞ്ചായത്തില്‍ പോയി ഞങ്ങളുടെ കല്ല്യാണ സര്‍ട്ടിഫിക്കറ്റ് മേടിക്ക്, എന്നിട്ടു തിരുവന്തപുരത്ത് പോയി ഹോം ഡിപ്പാര്‍ട്മെന്‍റിന്റെ അറ്റെസ്റ്റ് ചെയ്തു അടുത്തമാസം വരുന്ന രഘുവിന്റെ കയ്യില്‍ കൊടുത്തുവിട്. അതിനു ശേഷമാണ് അവിടുത്തെ പരിപാടികള്‍"  ഇത്രയും പറഞ്ഞപ്പോള്‍ എന്റെ മനസില്‍ സാറിന്റെ കരുണാമയ മുഖമായിരുന്നു.

കൂടി നിന്നവര്‍ അട്ടെസ്റ്റേഷനെ കുറിച്ചുള്ള വിവിധ അറിവുകള്‍ പങ്കുവെച്ചു ഒരു തര്‍ക്കത്തിന്റെ വക്കിലെത്തി. ഞാനും എന്റെ പ്രിയതമയും കണ്ണുകള്‍ കൊണ്ട് പറഞ്ഞു തീരാത്ത എന്തെക്കയോ പറയുകയായിരുന്നു.

തര്‍ക്കങ്ങള്‍ മൂത്തപ്പോള്‍ തന്നെ അളിയന്‍ ചെറുക്കന്‍ എന്റെ പെട്ടിയും ബാഗും എടുത്തു വണ്ടിയേല്‍ ഭദ്രമായി വെച്ചു, അവനും എയര്‍പോര്‍ട്ടില്‍ വരുകയും ടാക്സി ചാര്‍ജ്ജ് സ്വന്തം പോക്കറ്റില്‍നിന്നും കൊടുക്കുയക്‍യും ചെയ്തു. ആ സ്നേഹത്തിന്റെ രഹസ്യം ഒരാഴ്ചകഴിഞ്ഞപ്പോള്‍ പ്രിയതമ എനിക്കു പറഞ്ഞു മനസിലാക്കി തന്നു. ആളു ലിഫ്റ്റ് ടെക്നോളജി ആണ്.  ബാക്കി ഞാന്‍ പറയാത് തന്നെ സാറിന് ഊഹിക്കാമല്ലോ.

ആറ് കൊല്ലം മുന്പ്  കല്ല്യാണം കഴിച്ചുവന്ന ഹമീദ് ചിരിച്ചും, പൊട്ടിച്ചിരിച്ചും, അടക്കം പറഞ്ഞും, കിടന്നും, കമഴ്ന്നു കിടന്നും, നിന്നും, ഇരുന്നും, പേപ്പറുകള്‍ കീറിയും, പടംവരച്ചും, പുഞ്ചിരിച്ചും, മൂളിയും, ഉമ്മവെച്ചും അവസാന നിര്‍വൃതിക്ക് ശേഷം കണ്ണുനിറഞ്ഞും അനുഭവിച്ചതെല്ലാം ആദ്യ മൂന്നു മാസങ്ങള്‍ കൊണ്ട് ഞാനും അനുഭവിച്ചു. കഴുത ഏതാണ്ട് കരഞ്ഞെ തീര്‍ക്കു എന്നത് ഞാന്‍ അനുഭവത്തിലൂടെ മനസിലാക്കി. സത്യം പറഞ്ഞാല്‍ ഒരു ജോലി സാമ്പാദിക്കുക എന്ന തീവ്ര വിചാരത്തില്‍ കോണ്‍ട്രാക്റ്റ് വായിക്കാതെ ഒപ്പിട്ടതിന്റെ ഫലം ഞാന്‍ ആ സമയങ്ങളില്‍ അനുഭവിച്ചു. പുതുപുത്തന്‍ മാരുതിക്കാര്‍ വാങ്ങീട്ടിട്ടു അത് മനസറിഞ്ഞു ഓടിക്കുവാന്‍ സാധിച്ചത്   ഇരുപത്തി നാലു മാസങ്ങള്‍ക്ക് ശേഷമാണ് അതുവരെ പിടിച്ചുനിന്ന എന്റെ വിഷമങ്ങള്‍ വല്ലതും  സാറിന് മനസിലാകുമോ. അതിനിടയിലാണ് അമ്മായിയപ്പന്റെ ആ ചോദ്യം മകളും വീട്ടുകാരും  ചോദിച്ചു തുടങ്ങിയത്.

ആദ്യവര്ഷം  അത് വെറും ഒരു അന്വേഷണമായിരുന്നു. "എന്നാ അച്ചായാ എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നതു" എന്നായിരുന്നെങ്കില്‍, അടുത്തവര്‍ഷം   അത് പരിഭവമായി - "അല്ലേലും..... നിങ്ങള്‍ക്കെന്നെ  ഇഷ്ട്ടമല്ലല്ലോ...അതല്ലേ കല്ല്യാണം കഴിച്ചുപോയിട്ടു ഇതുവരെ ഇങ്ങോട്ട്  വരാത്തത്. എനിക്കു ഒട്ടും വയ്യ, ഒന്നു എന്നെ കൊണ്ടുപോകൂ, ഇല്ലേല്‍ ഇങ്ങോട്ട്  വാ"

പിന്നെ അതിന്റെ അടുത്ത വര്ഷം അത്  ഒരു ആവശ്യമായി - "അതേ, നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നു എന്നാ പോകുന്നതെന്ന്. ഞാന്‍ വിചാരിച്ചു ഇപ്രാവശ്യം എന്നെ കൊണ്ട് പോകുമെന്ന്"

പിന്നെ അതിന്റെ അടുത്ത വര്ഷം അത് ഒരു  നിര്‍ബന്ധമായി - "എന്തുപറഞ്ഞാലും എന്നെ കൊണ്ടുപോയേ  പറ്റു. ഇങ്ങനെ ജീവിക്കാനാണെങ്കില്‍ എനിക്കു വയ്യ....."

അവസാനം അത് അന്ത്യശാസനമായി - "എന്നെ കൊണ്ടുപോകുന്നുണ്ടോ ഇല്ലയോ? അതെനിക്ക് ഇപ്പോ അറിയണം. കൊണ്ടുപോക്കൊന്നും നടക്കില്ലങ്കില്‍ ഇങ്ങുവാ. ഇവിടെ റബര്‍ വെട്ടാനും, തെങ്ങ് കേറാനും ആളില്ലാതിരിക്കുവാ, ഒന്നുമല്ലങ്കിലും ഒരുമിച്ചുജീവിക്കാലോ. "

മുകളില്‍ പറഞ്ഞ ഓരോ ഓരോ വര്‍ഷത്തിലും ഞാന്‍ സാറിന് ഫാമിലിയെ കൊണ്ടുവരാനുള്ള വിസയ്ക്കുള്ള അപേക്ഷ തന്നിട്ടുള്ളതാണെല്ലോ. അതൊക്കെ സൌകര്യം പോലെ സാര്‍ ടിഷ്യൂ പേപ്പറാക്കിയെന്ന് ഓഫീസിലെ ചായക്കടക്കാരന്‍ പറഞ്ഞറിഞ്ഞു ഞാന്‍.  ഇതൊക്കെ അവളോടു പറഞ്ഞാല്‍ അവള്‍ വിശ്വസിക്കുമോ. എനിക്കു കഴിവില്ലാത്തതുകൊണ്ടാണ് കിട്ടാത്തത് എന്ന് വരെ അവള്‍ പറഞ്ഞു. അതിന്റെ കൂടെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവും കൂടിവരുകയാണ്. പക്ഷേ കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഞങ്ങള്‍ ഒരുമിച്ചു താമസിച്ചത് വെറും നാലുമാസമാണ്, അത് രണ്ടു വര്ഷം കൂടുംബോള്. ഇതൊക്കെ ധാരാളം എന്ന് പറയാമെങ്കിലും കത്തിച്ച കതിനകള്‍ ഒന്നും തന്നെ പൊട്ടിയില്ല എന്നതാണു സത്യം.

കാര്യങ്ങളുടെ കിടപ്പും, മട്ടും സാറിന് ഇപ്പോള്‍ മനസിലായി കാണുമെല്ലോ. അവസാനത്തെ അന്ത്യശാസനം ഇത്തിരി കടുത്തതാണ്, അതിനാല്‍ ഒരു തീരുമാനം എന്തായാലും എടുത്തേ  പറ്റു. അത് ഞാന്‍ സാറിന് വിട്ടു തരുകയാണ്.  ഇതില്‍ രണ്ടു തീരുമാനം സാറിന് എടുക്കാം

ഒന്നു :- എനിക്കു ഫാമിലി സ്റ്റാറ്റസ് തരുക എന്ന നിസ്സാരമായ തീരുമാനം. ചെലവ് കമ്പനിയാണല്ലോ വഹിക്കുന്നത്.

രണ്ടു:- ഇത് ടിഷ്യൂ പേപ്പറാക്കുക. ചായക്കടക്കാരന്‍ എങ്ങനെങ്കിലും അത് കണ്ടു പിടിച്ച് ആ വാര്‍ത്ത എന്നെ അറിയിയ്ക്കും. അപ്പോ തന്നെ ഞാന്‍ ഇവിടെ നിന്നും  എന്നന്നേയ്ക്കുമായി വിടപറയുന്ന എന്റെ അടുത്ത കത്ത് സാറിന്റെ മുന്നില്‍ വെയ്ക്കും.  അങ്ങനെ ഞാന്‍ നാട്ടില്‍ പോയി റബ്ബര് വെട്ടിയും, തേങ്ങയിട്ടും ജീവിക്കാന്‍ തുടങ്ങും. സാറിന് കുറെ റബ്ബറും, തെങ്ങുമുള്ള  പുരയിടമുണ്ടെന്ന് ചായകടക്കാരന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു അപ്പോള്‍ എന്റെ സേവനം സാറിന് ആവശ്യമായി വരും. എന്നെ വിളിക്കാന്‍ മറക്കരുത്. പിന്നെ പറയുമ്പോള്‍ എല്ലാം പറയണമെല്ലോ.

തെങ്ങുകേയറാന്‍ -  15 രൂപ/തെങ്ങ് (5 മീറ്റര്‍ ഉയരംവരെ) പിന്നെയുള്ള മീറ്ററിന് 5 രൂപ നിരക്കില്‍.  (ഒന്‍ലി ഡെലിവറി........നോ പെറുക്കല്‍സ്, വാഹന സൌകര്യം തരണം, ഡിസ്കൌന്‍റ് ചോദിക്കരുത്)

റബ്ബര് വെട്ടാന്‍ - 1.5 രൂപ/മരം (വെട്ടി പാലെടുത്തു തരും ബാക്കിയുള്ള പണിയ്ക്ക് പ്രത്യേകം കൂലി തരണം, വാഹന സൌകര്യം തരണം,ഡിസ്കൌന്‍റ് ചോദിക്കരുത്)

സമ്മതമാണെകില്‍ എന്റെ നമ്പറില്‍ വിളിക്കാം. തീരുമാനം സാറിന്റെ കയ്യിലാണ്. ഉചിതമായ തീരുമാനമെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പിന്നെ ചോദിക്കാന്‍ മറന്നു സാറിന്റെ വീട്ടില്‍ എല്ലാവര്ക്കും സുഖമാണല്ലോ. ദൈവം സാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലം തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടു നിര്‍ത്തുന്നു.

വിശ്വസ്തതയോടെ
ജോപ്പന്‍ കുരുവിള
കോഡ് . 1168

17 comments:

 1. കുറെ ഉണ്ട്...കണ്ടിട്ട് തന്നെ പേടിയാകുന്നു....പിന്നെ വായിക്കാം...

  ReplyDelete
 2. ബോസ്സ് ന്‍റെ മറുപടി കൂടെ എഴുതണം.....

  അസ്സല്‍ കത്ത്.... ഇത് വായിച്ചു ഫാമിലി സ്റ്റാറ്റസ് കിട്ടിയില്ലേല്‍ ബോസ്സ് നു മലയാളം അറിയില്ലേ എന്ന് അന്വേഷിച്ചാല്‍ മാത്രം മതി....

  ReplyDelete
 3. ഈ കുറിപ്പും ടോയിലെട്റ്റ് പേപ്പര്‍ ആയി പോയ കഥ ചായക്കടക്കാരന്‍ ഇതിനകം അറിയിച്ചു കാണുമല്ലോ
  ഏതായാലും റബ്ബര്‍ വെട്ടാനും തെങ്ങ് കയറാ നുമുളള ഭാര്യയുടെ option മുന്നിലുള്ളതിനാല്‍ രക്ഷ പെട്ടെന്ന് പറഞ്ഞാല്‍ മതി അല്ലേ! ഏതായാലും സംഭവം കലക്കി, ഇത്രയും നീണ്ട നിവേദനം വായിക്കാന്‍ ആ മാനേജര്‍ മിനക്കെട്ടു കാണാനും വഴിയില്ല
  കുറേക്കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നുന്നു , ആദ്യ കമന്റെര്‍ ഇതു കണ്ടു പേടിച്ചു ഓടിയ ലക്ഷണമാണല്ലോ ഞാന് ഓടാന്‍ തുടങ്ങിയതാ പക്ഷെ ആദ്യ വരികള്‍ ആകര്‍ഷകമായി തോന്നി വായന തുടര്‍ന്ന് മുഴുവനും വായിച്ചു കൊള്ളാം എഴുതുക അറിയിക്കുക വീണ്ടും കാണാം

  ReplyDelete
 4. ഷോബി, ചിരിച്ചു വായിച്ചു , ഫിലിപെട്ടന്‍ പറഞ്ഞ പോലെ , ബോസിന്റെ മറുപടിയ്ക്കായ്‌ ഞങ്ങള്‍ കാത്തിരിക്കുന്നു :) നന്നായി എഴുതി, എല്ലാ ആശംസകളും !!!!

  ReplyDelete
 5. ഈ കഥ മഷിയില്‍ ഉള്‍പ്പെടുത്തിയത്തില്‍ സന്തോഷം അറിയിയ്ക്കുന്നു. പിന്നെ വായിച്ചവര്‍കെല്ലാം നന്ദി.... ചിലരുടെ അഭിപ്രായത്തില്‍ കഥയ്ക്ക് നീളം കൂടിപ്പോയി എന്നു അറിയുന്നു.... അടുത്തത്തില്‍ അതും ശ്രയ്ധിക്കാം.... എല്ലാവര്ക്കും നന്ദി...

  ReplyDelete
 6. നന്നായി ചിരിച്ചു കേട്ടോ... സംഭവം കലക്കി... ജീവിതം ആണോ??? ആണെങ്കില്‍ കിട്ടിയോ സ്റ്റാറ്റസ്???? കതിനകള്‍ പൊട്ടുമോ?????

  ReplyDelete
 7. ഫാമിലി സ്റ്റാറ്റസ് കിട്ട്യോ മാഷെ. ഫാമിലി സ്റ്റാറ്റസ് മാത്രം പോരല്ലോ, റൂം സാധനങ്ങള്‍.. എല്ലാം അനുഭവിച്ച ഒരു പഴയ ഗള്‍ഫ്‌ പ്രവാസി.

  ReplyDelete
 8. ബോസ് എന്തു മറുപടി നല്‍കി..അതും കൂടി വരട്ടെ..

  നല്ല സുന്ദരമായ എഴുത്ത് ട്ടോ..അഭിനന്ദനങ്ങല്‍

  ReplyDelete
 9. ഫാമിലി സ്റ്റ്ടസ് നല്‍കാന്‍ ബോസ് സമ്മതിച്ചോ?

  അതോ പുള്ളീടെ ഫാമിലി ഡ്രൈവര്‍ സ്റ്റാറ്റസ് തന്നോ?

  ReplyDelete
 10. എന്‍റെ കുര്യച്ചാ എനിയ്ക്കു വയ്യാ . സൂപ്പര്‍ കേട്ടോ. നല്ലൊരു ഭാവി ഉണ്ട് . ചിരിച്ചു ഞാന്‍ ഇതു വായിച്ചു കുറേ . ആശംസകള്‍ അച്ചായാ

  ReplyDelete
 11. സ്റ്റാറ്റസ് ഇല്ലേ ഒരു വിസിറ്റ് എങ്കിലും മേടിച്ചു കൊടുക്കൂ ..

  ReplyDelete
 12. oru pavam gulf pyyan .very god .thanks a lot an orginal story

  ReplyDelete