ജലജീവിതം
0 Comments Yet, Add Yours...
 കഥ
അനാമിക

ഇത് കൊക്കൊബന്‍ !
ഭൗമശാസ്ത്രജ്ഞന്‍മാരൊന്നും ഗാസ്സയുടെ ഭൂപടത്തിൽ അടയാളപ്പെടുത്താൻ മിനക്കെട്ടിട്ടില്ലാത്ത, അടിസ്ഥാന സൌകര്യങ്ങൾ ഒന്നുംതന്നെയില്ലാത്ത, ആരുടെയും കണ്ണിൽപ്പെടാതെ കിടന്നിരുന്ന ഒരു കൊച്ചു ഗ്രാമം.  നഗരത്തിൽ നിന്നും ഏറെ അകലെയാണിത്.
ഈ ഗ്രാമത്തിൽ ജലത്തിനായുള്ള പോരാട്ടം ഇന്നേക്ക് മൂന്നു മാസം പിന്നിടുന്നു.
നന്നേ വരണ്ട കാലാവസ്ഥയുള്ള ഇവിടെ ജനങ്ങൾ നേരിടുന്ന പ്രധാന ഭീഷണി ജലക്ഷാമം തന്നെയായിരുന്നു. കഠിനമായ വിധത്തിലാണ് ഈശ്വരന്‍ ഭൂമിയെ സൃഷ്ടിച്ചത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കൊക്കോബന്‍...!
    വലിയ പാറക്കല്ലുകളും, ഉണങ്ങി വരണ്ട ഭൂമിയിൽ അവശേഷിക്കുന്ന ഉണങ്ങിയ മരങ്ങളുടെ സ്മാരകങ്ങൾ ആയ മരക്കുറ്റികളും,  കാലം സ്വയം കൊത്തിയെടുത്ത ഗുഹകളും മാത്രമേ ഇന്നവിടെ അവശേഷിക്കുന്നുള്ളൂ. പച്ചപ്പിന്റെതായ അവസാന അടയാളവും അവിടെനിന്നും മാഞ്ഞുപോയിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടം പട്ടാളം കയ്യേറിയത്. അതുവരെ ആ ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം അവിടെ നിന്നും ലഭിച്ചിരുന്നു.
ലോകത്തിൽ ജലയുദ്ധം രൂക്ഷമായി പടര്‍ന്നു പിടിക്കുമ്പോൾ അവശേഷിക്കുന്ന കിണറുകളിലെ വെള്ളവും വൈദ്യുതി വേലിക്കകത്ത് പട്ടാളം തടവിലാക്കി.  ആ അതിര്‍ത്തി ലംഘിച്ച് ആര്‍ക്കും വെള്ളം ലഭിക്കുമായിരുന്നില്ല. വെടിയൊച്ചകളും തീയും പുകയും സദാ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ ക്രമേണ മാറിപ്പോയി. കുഞ്ഞുങ്ങള്‍ക്ക് ഒരു കവിൾ നിറയെ വെള്ളം കൊടുക്കുക എന്നുള്ള ലക്ഷ്യത്തോടെ പട്ടാളത്തോട് ഏറ്റുമുട്ടി മരണം വരിച്ചു, പുരുഷന്മാരിൽ ഏറിയ പങ്കും. അപൂര്‍വം വീടുകളിൽ അവശേഷിക്കുന്ന പുരുഷന്മാർ പരിക്കേറ്റും ഭയന്നും പിന്മാറുകയാണ് ഉണ്ടായത്.
ജലയുദ്ധം തുടങ്ങിയതിനു ശേഷം ഉപയോഗത്തിനുള്ള ഓരോ തുള്ളിയും വലിയ വിലയ്ക്ക് പാട്ടാളത്തിൽ നിന്നും വാങ്ങണമായിരുന്നു. കയ്യിലുള്ള വരുമാനം തുച്ഛമായിരുന്നതു കൊണ്ട് സാധാരണക്കാരായ ഗ്രാമീണര്‍ക്ക് വെള്ളമൊരു അപ്രാപ്യമായ വസ്തുവായി തീര്‍ന്നിരുന്നു. കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ തൊണ്ട നനയ്ക്കുവാന്‍ മാത്രമുള്ള വെള്ളം പോലും കൊടുക്കാനാകാതെ അമ്മമാർ വിഷമിച്ചു. ദാഹിച്ചു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ കാണുവാന്‍ വയ്യാതെ ചില സ്ത്രീകൾ പൊട്ടിത്തെറിച്ചു. ചിലർ പട്ടാളക്കാരുടെ മുന്‍പിൽ കരഞ്ഞു കാലുപിടിച്ചു.  പട്ടാളക്കാർ വലിയൊരു തമാശ കാണുംമട്ടിൽ അവരെ നോക്കി അശ്ലീലമായ ആംഗ്യങ്ങൾ കാട്ടി.
       ആ നാട്ടിലെ കിണറുകള്‍ക്കെല്ലാം സ്ഥാനം കണ്ടിരുന്ന കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു യഫ.  ജലസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിവുള്ള അവളുടെ നേതൃത്വത്തിൽ സ്ത്രീകൾ ഒത്തുക്കൂടി.  അവരുടെ ജീവിതം അത്രയ്ക്കും ദു:സ്സഹമായി തീര്‍ന്നിരുന്നു. ജലത്തിനായി കരം കൊടുക്കേണ്ടാത്ത, യഥേഷ്ടം ജലം ലഭിക്കുന്ന ഒരു സ്ഥലത്തേക്ക്, ജനിച്ചു വളര്‍ന്ന നാട് ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരുമായി പോകാന്‍ അവൾ തീരുമാനിച്ചു. ഭൂമിയിൽ മുക്കാൽ പങ്കും ജലമുള്ള സ്ഥിതിയ്ക്ക് എവിടെയെങ്കിലും അത്തരമൊരു നാട് കണ്ടെത്താനാകുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. പ്രതീക്ഷകൾ നശിച്ച്, ഭയത്താൽ ജീവിച്ചിരുന്ന ഗ്രാമീണരിൽ ആരും തന്നെ അവളെ പിന്തുടരാൻ തയ്യാറായില്ല .പെണ്‍ബുദ്ധി പിന്‍ബുദ്ധിയാണെന്നു ചിലർ പരിഹസിക്കുകക്കൂടി ചെയ്തു.  പക്ഷെ, തോറ്റു പിന്‍മാറുവാൻ അവൾ തയ്യാറായിരുന്നില്ല. ജലസ്രോതസ്സ് തിരിച്ചറിയാനുള്ള ചെറിയൊരു സൂചികയും അല്പം കുടിവെള്ളവും ഭക്ഷണവും കരുതി നെഞ്ചിൽ ഒരു കനലാഴിയുമായി അവൾ നടപ്പു തുടര്‍ന്നു.
    ഭാഗ്യമുണ്ടെങ്കിൽ തങ്ങള്‍ക്കൊരു ജലജീവിതവുമായി അവൾ തിരിച്ചെത്തുമെന്ന് അവരിൽ പലരും വിശ്വസിച്ചു. ജീവന്‍റെ ഉറവ കണ്ടെത്താനായി അവൾ കുന്നുകൾ കയറി, കുന്നുകൾ ഇറങ്ങി, ചുട്ടുപൊള്ളുന്ന മരുഭൂവിൽ പലകുറി തളര്‍ന്നു വീണു. അവളുടെ കാലടികൾ തേഞ്ഞിരുന്നു. വയർ കത്തിക്കായുന്നുണ്ട്. പക്ഷെ, ജീവിതത്തിന്റെ ദുരന്ത പൂര്‍ണ്ണമായ ദിനങ്ങൾ താണ്ടാൻ അവൾ തയ്യാറായിരുന്നു. കരുണയില്ലാതെ ജ്വലിക്കുന്ന സൂര്യനോട്, നീതി ബോധമില്ലാതെ വീശുന്ന കാറ്റിനോട് , കാലുകളിൽ കനലു കോരിയിടുന്ന മണല്‍പ്പരപ്പിനോട് എല്ലാം അവൾ അപേക്ഷിച്ചു : "എന്നോടൊരൽല്പം കരുണ കാണിക്കൂ... ജീവന്‍റെ ഉറവ കണ്ടെത്താന്‍ എന്നെ സഹായിക്കൂ". ഭയാനകമാം വിധത്തിൽ വിസ്തൃതമായി കിടക്കുന്ന മരുപ്പരപ്പിൽ,  ഉള്ളിലെ കരുത്തുമുഴുവൻ കാലുകളിൽ ആവാഹിച്ച് അവൾ അലഞ്ഞു. പകൽ മുഴുവന്‍ കനൽപോലെ ജ്വലിച്ച മണൽ, രാത്രിയിൽ മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു.  തണുപ്പ് ഓരോ രോമകൂപത്തെയും പൊതിഞ്ഞു. വിറയ്ക്കുന്ന കൈകാലുകളോടെ ദീര്‍ഘനിശ്വാസങ്ങൾ ഉതിര്‍ത്തുകൊണ്ട് അവളൊരിടത്തിരുന്ന് ക്ഷീണത്താൽ ഒന്ന് മയങ്ങി.
    നിരാശ വേദനയായി കണ്ണിൽ പടര്‍ന്നപ്പോൾ നീറുന്ന വ്യഥകളോടെ അവളാ യന്ത്ര സൂചി വലിച്ചെറിഞ്ഞു. 'ഒരു കരുണയും വര്‍ഷിക്കാതിരിക്കുവാൻ മാത്രം പാപിയാണോ ഞാൻ, അല്ലാഹ്' എന്നവൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചു. പിന്നീട് ഒരു ഭ്രാന്തിയെപ്പോലെ കരയാന്‍ തുടങ്ങി.  പെട്ടെന്ന് അവളുടെ കണ്ണുകൾ വലിച്ചെറിഞ്ഞ സൂചിയിൽ പതിച്ചു. ജലസാന്നിധ്യം അറിയിച്ചു കൊണ്ട് അത് അതിവേഗം കറങ്ങുന്നുണ്ടായിരുന്നു.  അതിന്റെ വേഗത്തിനൊപ്പം അവളുടെ ഹൃദയം മിടിക്കുകയും മുഖത്ത് പുഞ്ചിരി വിരിയുകയും ചെയ്തു. അവളോടിച്ചെന്ന് അത് കയ്യിലെടുത്ത് കൃത്യമായ ജലസ്ഥാനം അടയാളപ്പെടുത്തി. പേരറിയാത്ത, ജനവാസമില്ലാത്ത അത്തരമൊരു സ്ഥലത്ത് കരം കൊടുക്കേണ്ടാത്ത ജലസ്രോതസ്സ് കണ്ടെത്താനായതിൽ അവൾ ദൈവത്തെ സ്തുതിച്ചു. ജലയുദ്ധമില്ലാത്ത, പച്ചപ്പ് നിറഞ്ഞൊരു ഗ്രാമത്തെ മനസ്സിൽ വിഭാവനം ചെയ്തുകൊണ്ട് അവളവിടെ കുഴിക്കാന്‍ തുടങ്ങി.  ജലസാന്നിധ്യമറിയുന്ന അവള്‍ക്കു മുന്‍പിൽ, ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ ജീവനും ജീവിതവുമേകാൻ ഭൂമിയിലെ സ്രോതസ്സുകൾ വാതിൽ തുറക്കുവാൻ തയ്യാറായി നിന്നു. അവളുടെ ദീര്‍ഘശ്രമത്തിനൊടുവിൽ വെള്ളം തുളുമ്പിത്തെറിച്ചുകൊണ്ട് ഭൂമിയിൽ ഒരുറവ തുറക്കപ്പെട്ടു.  വിറയ്ക്കുന്ന കൈകളോടെ വെള്ളം കോരിയെടുത്ത അവൾ ഞെട്ടിപ്പോയി.  നെഞ്ചുപിളര്‍ത്തുന്ന നിലവിളിയുമായി അവൾ കണ്ണു തുറന്നു. അവളുടെ ആഗ്രഹങ്ങൾ മാത്രമാണ് ആ സ്വപ്നമായി വന്നതെന്ന് അന്നേരം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
    എങ്കിലും പ്രതീക്ഷ കൈവിടാതെ അവൾ വീണ്ടും നടക്കാന്‍ തുടങ്ങി. എത്രദൂരം സഞ്ചരിച്ചിട്ടും അന്യാധീനപ്പെടാതെ കിടക്കുന്ന ഒരു തുള്ളി വെള്ളം പോലും അവള്‍ക്കു കണ്ടെത്താനായില്ല . ഭൂമിയിൽ വെള്ളമുള്ളയിടം അളന്നു കൊണ്ട് സ്വതന്ത്രമായൊഴുകുന്ന വെള്ളത്തിന്റെ ആഹ്ലാദം നിറഞ്ഞ ശബ്ദത്തിനായി അവൾ കാതോര്‍ത്തു.  ഭൂമിയിൽ ജലയുദ്ധങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ഇനിയൊരു ജല സ്രോതസ്സ് കണ്ടെത്താൻ ആര്‍ക്കുമൊരു അവസരം ലഭിക്കുകയില്ല എന്ന സത്യത്തെ വിസ്മരിച്ചുകൊണ്ട് അവളാ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരുപക്ഷെ, അവളുടെ അവസാന യാത്ര.... !
    (ആശയത്തിനു കടപ്പാട്: മാധ്യമം പേപ്പർ )

0 comments:

Post a Comment