നിന്റെ മുറിവുകൾ നമ്മുടെ വേദനകളായിരുന്നു....
0 Comments Yet, Add Yours...
 കഥ
ജഫു ജൈലാഫ്
www.jailaf.blogspot.com
“ആർക്കു വേണ്ടിയാ നീയെന്നെക്കൊന്നത്? എനിക്കിനിയും ജീവിക്കണമായിരുന്നു. എന്റെ മകളിന്നനാഥയായില്ലേ കരൺ."

”നിന്റെ മുഖത്തേക്ക് ചീറ്റിയ എന്റെ ചോരക്ക്, സ്നേഹത്തിന്റെ ചോപ്പ് നിറമായിരുന്നില്ലേ, സാഹോദര്യത്തിന്റെ തുടിക്കുന്ന ഗന്ധവും. ചെമ്മണ്ണ്‌ വിരിച്ച പാതയോരത്ത് ഉരുണ്ടുവീണ നിന്റെ മുറിവുകളിൽ, എന്റെ തുപ്പുനീര്‌ നിനക്ക് നീറ്റലാണോ നല്കിയത്. ഉണങ്ങിയ പാടുകൾക്കൊപ്പം ഓർമ്മകളും മാഞ്ഞുപോയിരിക്കുന്നു.  ആ കാലുകൾ കൊണ്ടല്ലേ കരൺ, നീയെന്നെ ചവിട്ടി വീഴ്ത്തിയത്.“

”പെറുക്കിക്കൂട്ടിയ വളപ്പൊട്ടും, ഇട്ടുകൂട്ടിയ നാണയത്തുട്ടുകളും നമ്മുടേതു മാത്രമായ സമ്പാദ്യങ്ങളായിരുന്നു. പ്രകാശിക്കുന്ന നിറക്കൂട്ടുകൾ മനസ്സിന്റെ പൂമുഖത്തേക്ക് വാരിയെറിഞ്ഞല്ലേ ഹോളിയും, ദീപാലിയും നമ്മളൊന്നിച്ചാഘോഷിച്ചത്. പെരുന്നാളിന്റെ പുത്തനുടുപ്പുകൾ നമ്മളൊരുമിച്ചല്ലേയണിഞ്ഞത്. അതിൽ പുരട്ടിയ അത്തറിന്റെ മണമായിരുന്നു നമ്മുടെ കുസൃതികൾക്കും.“

”മഴനൂലുപെയ്യുന്ന മദ്ധ്യാഹ്നങ്ങളിൽ മത്സരിച്ചായിരുന്നു മഴനനഞ്ഞത്. ബാല്യകൗമാരങ്ങൾക്ക് മുകളിലുദിച്ച യൗവനകാലം നമുക്കുള്ള അതിർവരമ്പുകളായില്ലൊരിക്കലും. ഗ്രാമത്തിന്റെ ഇടവഴികൾക്കാനന്ദമായി നമ്മൾ പാറി നടന്നു.“

”എന്റെ വിവാഹനാളിൽ, നിന്റെ കണ്ണീരെനിക്കുള്ള പ്രാർത്ഥനകളായിരുന്നു. എന്നിട്ടും... ഞാനെപ്പോഴാണ്‌ നിനക്കൊരന്യയായത്. നിറവയർ പിളർന്ന കൊടുവാളിനേക്കാളെനിക്ക് നൊന്തത്, നീയെന്റെ പവിത്രതയിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴായിരുന്നു. തച്ചുടച്ച സാഹോദര്യത്തിന്റെ പൊള്ളുന്ന അവശിഷ്ടങ്ങൾക്കു മുകളിൽ, നിനക്കെങ്ങനെയാണ്‌ വിജയം ആഘോഷിക്കാനായത്?“

”കരൺ.... നെഞ്ചോട് ചേർന്നുറങ്ങുന്ന നിന്റെ മകന്‌, സഹജീവി സ്നേഹത്തിന്റെ ശാന്തി മന്ത്രങ്ങൾ ഒരുണർത്തു പാട്ടാകണം. നമ്മുടെ മക്കൾ ഈനാടിന്റെ പൂത്തുമ്പികളാകണം.“

”സൈറാ.....“

ഉറക്കിൽ നിന്നും പിടഞ്ഞെണീറ്റ കരണിന്റെ പിൻകഴുത്തിലേക്ക് മൂർച്ചയേറിയ മരണം തുളഞ്ഞുകയറി. ഇരുട്ടു പുതച്ച മൗനത്തിനെ ഭയപ്പെടുത്തിക്കൊണ്ട് തെരുവുകളിൽ, ജാതിസ്പർദ്ധയുടെ നീണ്ട ഓരിയിടൽ.

മാലാഖമാരെ കൂട്ടുപിടിച്ചുറങ്ങുന്ന പൈതലിന്നടുത്തേക്ക് ഒഴുകിയെത്തിയ അവന്റെ രക്തം, ആ കുഞ്ഞു ചെവികളിൽ മന്ത്രിച്ചു ”ബേഠാ.. തും കോ ഏക് അച്ചാ ഇൻസാൻ ബന്‍യാ  ചാഹിയെ.. ഞാൻ കളങ്കപ്പെടുത്തിയ മനുഷ്യത്വത്തിന്റെ ഒരു യഥാർത്ഥ കാവലാളായിത്തീരണം.“ നിഷ്കളങ്കമായ പാൽപുഞ്ചിരിയിലപ്പോൾ വിടർന്നത്, ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്നു.

0 comments:

Post a Comment