പാപിനിയായ സ്ത്രീ
1 comments
കവിത
ജോമോൻ ജോസഫ്
http://donuthedude.blogspot.com/





കാമം വിറ്റു കേമമായ് നടക്കുന്നൊരുവളെ  അറിയുമോ?
തിളങ്ങുന്ന വസ്ത്രങ്ങൾ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ,
വശ്യമായ ചിരി ധരിക്കാതെ അവൾ പുറത്തിറങ്ങാറില്ല,
ഇറങ്ങിയാലോ, അത്തറിന്റെ സുഗന്ധം അവൾക്ക് കൂട്ട് പോകും!
രാവിൽ അവളുടെ റാന്തല്‍ അണയാറേയില്ല
അതങ്ങനെ നിറഭേദങ്ങളുടെ മായക്കാഴ്ചകൾ നിഴലിനു നല്‍കി ചിരിച്ചു കൊണ്ടേയിരിക്കും-
സീൽക്കാരങ്ങള്‍ക്കുണർവ്വു നല്‍കുന്ന നാളമായ്!
പകൽ സമയം പാറാവുകാരനില്ലാ ഭവനം  പ്രേതാലയമാണെങ്കിലും
പാതിരാത്രി ഗലീലിയായില്‍ അവളുടെ മതിൽ ചാടാത്ത മാന്യന്‍മാരില്ല,
നിറഞ്ഞ മാറുള്ള, നുരഞ്ഞ വീഞ്ഞു കയ്യിലേന്തിയ മഗ്ദലെനയെ
ഇഷ്ടപ്പെടാത്ത പുരുഷന്മാരുണ്ടോ ഈ നാട്ടിൽ?
ഒരിക്കൽ സദാചാര പോലീസുകാർ അവളെയും പിടികൂടി.
കാമക്കണ്ണുകൾ, കൊല്ലാൻ ഞെരിപിരി കൊണ്ട് ചുവന്നപ്പോൾ ‍
കല്ലെറിയാൻ ഓടിയവരുടെ അടിവസ്ത്രങ്ങളിൽപ്പോലും
അവളുടെ അത്തറിന്റെ ഗന്ധം വിയര്‍ത്തത്രെ!
യുവാക്കൾ, സ്ത്രീ എന്നല്ല വേശ്യ എന്നാണ് വിളിച്ചിരുന്നത്‌
അവള്‍ക്കതിൽ പരാതിയുണ്ടായിരുന്നോ ആവോ,
ജീവനുവേണ്ടി ഓടിക്കൊണ്ടേയിരുന്നപ്പോൾ അവൾ ഓര്‍ത്തുകാണും
ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെട്ടവരാണോ വേശ്യകൾ?
തീബെരിയുസിന്റെ തീരത്ത് തിരകൾ എണ്ണുന്നവന്‍റെ
അരികിലെത്തുവോളം അവൾ ഓടി.........
കല്ലുകൾ കൊണ്ട് മുറിഞ്ഞ് ഒഴുകുന്ന രക്തത്തിലും,
കീറിപ്പോയ അവളുടെ വസ്ത്രത്തിലും ആയിരം കണ്ണുകൾ തങ്ങി നിന്നു.
അവസാന രക്ഷ എന്നോണം അവൾ ചിന്തിച്ചു കാണുമോ
അവന്റെ മുന്പിൽ ആ നിറഞ്ഞ മാറിലെ വിരി ഒന്ന് മാറ്റുവാന്‍!
പൂർണ്ണതയുള്ള ആ യുവാവ്‌  കണ്ണിമ തിരിക്കാതെ
പൂഴിമണ്ണിൽ കുനിഞ്ഞു ചിത്രം വരച്ചങ്ങിരുന്നു!
നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയൂ
എന്ന് ആ നാഥന്‍റെ വാക്കുകൾ നെഞ്ചിൽ പതിച്ചവർ
കല്ലുകടിച്ച കഞ്ഞി കഴിച്ചപോൽ രോഷം കടിച്ചമർത്തി
കടലില്‍ നിന്നും അകന്നകന്നങ്ങുപോയ്........
ഒടുവിലാ നാഥനും ദാസിയും മാത്രമായ് തീരത്ത്
കണ്ടവൾ ആദ്യമായ് കാമക്കണ്ണില്ലാത്തൊരു പുരുഷനെ,
അന്ന് തൊട്ടവളുടെ റാന്തലെരിഞ്ഞില്ല രാത്രിയിൽ, എന്നിട്ടും
ആ കുരിശോളം വിശ്വസ്തത അവളുടെ സ്നേഹത്തെ എരിച്ചുകൊണ്ടിരുന്നു.

1 comments:

  1. ഇടയ്ക്കിടെ കാമത്തിലേക്കും വേശ്യയിലെക്കുമൊക്കെ തിരിയണം അല്ലെ?? എന്ത് പറ്റി ഇപ്പൊ ഇങ്ങനെ? എന്തായാലും നന്നായിരിക്കുന്നു..

    ReplyDelete