കുഞ്ഞുലക്ഷ്മിയുടെ അച്ഛൻ
0 Comments Yet, Add Yours...


  കഥ

വിഗ്നേഷ്"അമ്മേ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ അര്‍ത്ഥം?"

കുഞ്ഞുലക്ഷ്മിയുടെ ചോദ്യത്തിനു മുന്‍പില്‍ അമ്മിണിയമ്മ ഒരു നിമിഷം പകച്ചുപോയി എങ്കിലും സമചിത്തത വീണ്ടെടുത്ത അമ്മിണി കുഞ്ഞുലക്ഷ്മിയെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു. കുടിലിന്‍റെ വാതില്‍ മെല്ലെ ചാരിക്കൊണ്ട് അമ്മിണിയമ്മ ചോദിച്ചു.

"മോള്‍ക്ക്‌ വിശക്കുന്നോ?"

"ഇല്ല"

തഴപ്പായ വിരിക്കുന്നതിനിടയില്‍ കുഞ്ഞുലക്ഷ്മി അവളുടെ ചോദ്യം ആവര്‍ത്തിച്ചു.

"അമ്മേ, പറ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ?"

"മോളോട് ആരാ ഇത് പറഞ്ഞത്? അങ്ങനെ ഒന്നും ഇല്ല."

"എന്നിട്ടിന്ന് ചോറും കൂട്ടാനും വച്ചു കളിച്ചപ്പോള്‍ കണ്ണനും  രാധേം പറഞ്ഞല്ലോ ഞാന്‍ തന്തക്ക് പിറക്കാത്തവളാണെന്ന്."

"അങ്ങനെ ഒന്നുമില്ല, എന്‍റെ മോള്‍ ഉറങ്ങിയാട്ടെ. അമ്മ പാടി ഉറക്കട്ടേ?"

സംഗീതം എന്നും അവളുടെ ജീവനായിരുന്നു. അമ്മാവന്‍റെ വീട്ടില്‍ നിന്നും റേഡിയോ ഗാനം ഉയരുമ്പോള്‍ അവളുടെ ഹൃദയം അതിലേക്ക് ആകര്‍ഷിക്കപെടാറുണ്ട്. പക്ഷെ, അവസാനം അമ്മായിയുടെ ശകാരം വാങ്ങി, കണ്ണുകള്‍ നിറച്ച് അവള്‍ മടങ്ങിവരുന്നത് നീറുന്ന ഹൃദയത്തോടെ അമ്മിണി നോക്കി നിന്നിരുന്നു. എങ്കിലും ഒരു തവണ പോലും തന്‍റെ മകളെ ശകാരിച്ചവരെ എതിര്‍ക്കാന്‍ അമ്മിണിയുടെ നാവ് ഉയര്‍ന്നിരുന്നില്ല. നിരാലംബരും നിസ്സഹായരും ആയവരുടെ നീറ്റല്‍ ആരെയും കാണിക്കാന്‍ ആവില്ലല്ലോ! അങ്ങനെ കാട്ടിയാല്‍ ചിലപ്പോള്‍ കേറി കിടക്കാനായി തന്ന കുടിലില്‍ നിന്നും പൊന്നാങ്ങള ഇറക്കി വിടുമോ എന്ന ഭയം എന്നും അമ്മിണിയെ വേട്ടയാടിയിരുന്നു.

കുഞ്ഞുലക്ഷ്മി അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു. അമ്മിണിയുടെ താരാട്ടുപാട്ടിന്‍റെ മാധുര്യത്തില്‍ നിദ്രാദേവത ആ കുഞ്ഞുമാലാഖയെ തഴുകി പക്ഷെ, അമ്മിണിക്ക് മാത്രം ഉറക്കം വന്നില്ല. അമ്മിണിയില്‍ നിന്നും ഉറക്കം മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുഞ്ഞുലക്ഷ്മിയോളം പ്രായം ആയിരിക്കുന്നു. കുഞ്ഞുലക്ഷ്മിയുടെ അച്ഛനെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു അവള്‍ ജനിക്കും മുന്‍പ്‌ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ ഇന്ന് അതിന് കാരണം അച്ഛനെ പറ്റിയുള്ള അവളുടെ ചോദ്യങ്ങള്‍ ആണ്. 

അച്ഛന്‍ ആരാ? അച്ഛന്‍ എവിടെയാ? കാണാന്‍ എങ്ങനെയാ? എന്നാ കാണാന്‍ വരുക? എന്താ എല്ലാരും അച്ഛനെ കുറ്റം പറയുന്നത്? തന്തയില്ലാത്തവളാണോ? ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങള്‍ ആണ് കുഞ്ഞുലക്ഷ്മിയില്‍ നിന്നും അമ്മിണി ദിനംപ്രതി അഭിമുഖീകരിക്കുന്നത്. ചിലതിനു മറുപടി നല്‍കിയും മറ്റുചില ചോദ്യങ്ങള്‍ കേട്ടില്ലാന്ന് നടിച്ചും അമ്മിണി അതിനെയെല്ലാം നേരിട്ടുകൊണ്ടിരുന്നു. 

അമ്മിണി മോളെ നോക്കി. അവള്‍ നല്ല ഉറക്കത്തിലായിരിക്കുന്നു. അവളുടെ തല മെല്ലെ എടുത്തു തലയിണയില്‍ വച്ചശേഷം റാന്തല്‍ അണക്കാന്‍ കൈയില്‍ എടുത്തു. അതില്‍ നിന്നും നിര്‍ഗമിക്കുന്ന പ്രഭാകിരണങ്ങള്‍ ആ കുടിലിനെ പ്രഭാപൂരിതമാക്കുന്നത് അവള്‍ അറിഞ്ഞു. എങ്ങോ കണ്ട നിഷ്കളങ്ക പുഞ്ചിരിപോലെ ആ പ്രകാശം അവള്‍ക്ക് മുന്നില്‍ നിറഞ്ഞു. തന്‍റെ പ്രിയതമന്‍റെ പുഞ്ചിരിപോലെ പ്രഭ നിറഞ്ഞതാണ് ആ പ്രകാശം എന്ന് അവള്‍ക്കു തോന്നി.

എപ്പോഴും പുഞ്ചിരിച്ചിരുന്ന മനുഷ്യന്‍. ആരിലും ബഹുമാനം നിറക്കുന്ന പെരുമാറ്റത്തിന്‍റെ ഉടമ. ഒരു നിമിഷം പോലും ആ മുഖത്ത് നോക്കി ആര്‍ക്കും മറുത്ത് ഒരക്ഷരം പറയാന്‍ സാധിച്ചിരുന്നില്ല. അവളെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്ന അവളുടെ സ്വന്തം അപ്പു. ഇന്ന് അയാള്‍ എവിടെ ആയിരിക്കും? സുഖമായി ജീവിക്കുന്നുണ്ടാകുമോ? തന്നെയും മോളെയും ഓര്‍ക്കുന്നുണ്ടാകുമോ? ഒരായിരം ചിന്തകള്‍ അമ്മിണിയുടെ മനസ്സില്‍ മിന്നിമാഞ്ഞു.

ആ ദിവസങ്ങള്‍ എത്ര മനോഹരമായിരുന്നു. നാലാള്‍ കാണ്‍കെ വീട്ടുകാരുടെ അനുമതിയോടെ പുടവ തന്ന ആണ്‍പിറന്നോന്‍. ഒരുപാട് സ്നേഹം മാത്രം തന്ന, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പുരുഷന്‍. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ജീവിതം നല്‍കിയ സ്വന്തം അപ്പുവേട്ടന്‍. അവള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അപ്പുവേട്ടന്‍ തന്നെ. അന്ന് ആ വയറ്റില്‍ തല വെച്ച് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആണെന്ന് പ്രവചിച്ചതും അയാള്‍ തന്നെ. കുഞ്ഞുലക്ഷ്മി എന്ന പേര് മോളൂന് നല്‍കണം എന്നാഗ്രഹിച്ചതും മറ്റാരുമല്ലായിരുന്നു. എന്നിട്ടിപ്പോള്‍ തന്തക്ക് പിറക്കാത്തവള്‍ എന്ന ദുഷ്പേരാണ് അവള്‍ക്ക്. 

ചിന്തകള്‍ അമ്മിണിയുടെ കണ്ണുകള്‍ നിറച്ചു. അവള്‍ കണ്ണീര്‍ തുടച്ചശേഷം റാന്തല്‍ വിളക്ക് അണച്ച് ആ കുടിലില്‍ ഇരുട്ട് പരത്തി. തന്‍റെ പ്രിയന്‍റെ പുഞ്ചിരി തന്നില്‍ നിന്നും കുടിലില്‍ നിന്നും മായ്ക്കാന്‍ ഇതല്ലാതെ മറ്റു വഴികള്‍ അവള്‍ക്കില്ലായിരുന്നു. ഉറങ്ങാന്‍ ആഗ്രഹിച്ച അമ്മിണിയില്‍ അന്ധകാരം അപ്പുവിന്‍റെ വാടിയ മുഖത്തിന്‍റെ ഓര്‍മ്മകള്‍ നിറച്ചു. 

ആ മുഖം ഒരിക്കലും അവള്‍ വാടി കണ്ടിട്ടില്ല. പക്ഷെ ഒരു ദിവസം അതും സംഭവിച്ചു. അവളുടെ ഉദരത്തില്‍ വളരുന്ന ജീവനെ തൊട്ട് യാത്ര പറയുമ്പോള്‍ അയാള്‍ പതിവുപോലെ പുഞ്ചിരിച്ചിരുന്നു. 

"ഇന്ന് ദാമോദരന്‍ മീനാക്ഷിയെ കെട്ടും. അവന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് മാറില്ലെന്ന് ഉറപ്പായി. ഇന്ന് മീനാക്ഷിയും വീട്ടുകാരും മാവേലിക്കര കച്ചേരിയില്‍ വരും. അവന്‍ ഒരു 11 മണിക്ക്‌ അവിടെ എത്തും. 11.30നു കല്യാണം. അവന്‍റെ വീട്ടുകാര്‍ എതിര്‍പ്പും കൊണ്ട് വന്നാല്‍ എന്‍റെ കൈത്തരിപ്പ് അവരറിയും." ജീവന്‍ വളരുന്ന ഉദരത്തില്‍ കൈ ഓടിച്ച് അയാള്‍ അമ്മിണിയോട് പറഞ്ഞു.

"അയ്യോ അപ്പുവേട്ടാ പ്രശ്നത്തിനൊന്നും പോകല്ലേ. ഏട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എനിക്കാരാ? അമ്മിണിയുടെ മുഖം ഭീതിയില്‍ നിറഞ്ഞു. 

''നീ പേടിക്കണ്ട എനിക്കൊന്നും സംഭവിക്കില്ല. നീ ധൈര്യമായിരിക്ക്‌"''

അയാള്‍ യാത്ര പറയുന്നതും നോക്കി അമ്മിണി നിന്നു. വൈകുന്നേരം വരെ ആ മനസ്സില്‍ ഭീതി നിഴലിച്ചു നിന്നു. നേരം സന്ധ്യ ആകാറായപ്പോള്‍ മുറ്റത്ത്‌ കാല്‍ പെരുമാറ്റം കേട്ട അമ്മിണി മിന്നല്‍ വേഗത്തില്‍ വാതിലില്‍ പ്രത്യക്ഷയായി. അവളെ നിരാശപ്പെടുത്താതെ കുടിലിന്‍ വാതില്‍ക്കല്‍ അപ്പു ഇരുപ്പുണ്ടായിരുന്നു. പക്ഷെ അവള്‍ക്കു ആ മുഖത്ത് എന്തോ വിഷമം വലയം ചെയ്തിരിക്കുന്നത് മനസ്സിലാക്കാന്‍ സാധിച്ചു. 

അപ്പുവിന്‍റെ അരികിലായി അമ്മിണി ഇരുന്നു. ആ തോളില്‍ കൈ വെച്ച് അവള്‍ ചോദിച്ചു 

"എന്തേ മുഖത്ത് ഒരു മ്ലാനത? പോയ കാര്യം സാധിച്ചില്ലെ?"

മറുപടിയായി ഒരു നിശ്വാസം അയാളില്‍ നിന്ന് ഉയര്‍ന്നു. അവള്‍ ചോദ്യം അവര്‍ത്തിച്ചപ്പോള്‍ അപ്പുവിന്‍റെ മറുപടി എത്തി.

"എനിക്ക് വിശക്കുന്നു. കുളിക്കാന്‍ തോന്നുന്നില്ല. നീ കുറച്ച് ചോറു വിളമ്പ്"

ആണ്‍പിറന്നോന്‍റെ മ്ലാനത അവളില്‍ ഭയം നിറച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവള്‍ ഉഴറി. പക്ഷെ വീണ്ടും ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാതെ അവള്‍ മെല്ലെ അകത്തേക്ക് പോയി. ചോറു വിളമ്പി വെച്ച ശേഷം അവള്‍ സ്നേഹപൂര്‍വ്വം അപ്പുവിനെ വിളിച്ചു. അയാള്‍ കൈ കഴുകി വന്ന് ചമ്രം പിണഞ്ഞ് ചാണകം മെഴുകിയ തറയില്‍ ഇരുന്നു. അയാള്‍ക്കരികിലായി അമ്മിണിയും ഇരിപ്പുറപ്പിച്ചു. അപ്പു ചോറില്‍ മോരോഴിച്ച് മെല്ലെ കുഴച്ച് ഒരു ഉരുള സ്നേഹപൂര്‍വ്വം തന്‍റെ ഭാര്യക്ക്‌ നീട്ടി. അവള്‍ പ്രണയം നിറഞ്ഞ മനസ്സോടെ അത് ചുണ്ടാല്‍ സ്വീകരിച്ചു. അടുത്ത നിമിഷം അയാള്‍ ഇടം കൈയാല്‍ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്താണ് തന്‍റെ പ്രിയന് സംഭവിച്ചത് എന്നറിയാതെ അമ്മിണി പകച്ചു. അപ്പുവിന്‍റെ കൈകള്‍ മാറോടണച്ചു വിതുമ്പലോടെ അവള്‍ ചോദിച്ചു.

"ഏട്ടാ എന്താ പറ്റിയെ? എന്നോട് പറയൂ.."

അപ്പു അവളുടെ തോളില്‍ തല ചേര്‍ത്ത് വിതുമ്പി.

"എന്നെ നീ വെറുക്കുമോ?"

"എന്താ അപ്പുവേട്ടാ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല!"

"മോളേ, ദാമോദരന്‍ ചതിച്ചു. അവന്‍ കച്ചേരിയില്‍ വന്നില്ല!"

"ഓ, അതിനാണോ ഇത്ര വിഷമം. ഇതിന് ഞാന്‍ എന്തിനാ എന്‍റെ ഏട്ടനെ വെറുക്കുന്നത്? നിങ്ങളുടെ കൂട്ടുകാരന്‍ തന്നെ; പക്ഷെ അയാളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് എനിക്ക് പണ്ടേ തോന്നിയതാ. ഇപ്പോഴെങ്കിലും ഏട്ടന് അയാളെ മനസ്സിലായല്ലോ. അതിന് ഇങ്ങനെ കുട്ടികളെ പോലെ കരയണോ? ഇനി നോക്കിയും കണ്ടും ഒക്കെ അങ്ങ് നിന്നാ മതി. ആട്ടെ, സംഭവിച്ചതെല്ലാം ഒന്ന് തെളിച്ച് പറ."

അപ്പു ഒരു നിമിഷം ഭാര്യയുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി നിര്‍ന്നിമേഷനായി നിന്നു. 

"രാവിലെ കച്ചേരിയില്‍ എത്താം എന്നാ ദാമോദരന്‍ പറഞ്ഞത്. 10 മണി ആയപ്പോള്‍ തന്നെ പെണ്ണിന്‍റെ വീട്ടുകാരും കുറച്ച് നാട്ടുകാരും വന്നു. പക്ഷെ 12 മണി ആയിട്ടും അവന്‍ മാത്രം വന്നില്ല. അവന്‍ ചതിച്ചു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ അല്പം വൈകി പോയി മോളേ."

വിതുമ്പലില്‍ അപ്പുവിന്‍റെ വാക്കുകള്‍ മുറിഞ്ഞു.

"ഏട്ടാ, എന്തിനാ ഇങ്ങനെ കരയുന്നത്. ഞാനില്ലേ ഏട്ടന്?" 

അവളുടെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

"ഞാന്‍ ഇനി പറയുന്നത് നീ സമചിത്തതയോടെ കേള്‍ക്കണം."

മുഖവുര അവളില്‍ ഭയം നിറച്ചു. അരുതാത്തത് ഒന്നും സംഭവിച്ചു കാണല്ലേ എന്നവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

"അവന്‍ ചതിച്ചെന്ന് മനസ്സിലാക്കാന്‍ വൈകിയത്‌ എന്‍റെ തെറ്റ്. ഒരുപാട് പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്ത് വെക്കാന്‍ വന്ന ഒരു പെണ്‍കുട്ടി അവിടെ ആ കച്ചേരിയില്‍ മാലോകരുടെ മുന്നില്‍ മാറത്തടിച്ചു കരയണ്ടി വന്നത് നീറുന്ന നെഞ്ചോടെ നോക്കി നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളൂ. എന്‍റെ ഉറപ്പില്‍ ഇറങ്ങി വന്ന പെണ്ണും കുടുംബവും അപമാനിതരാകുന്നത് എനിക്ക് കണ്ട് നില്‍ക്കണ്ടി വന്നു. പക്ഷെ എല്ലാം തിരിഞ്ഞത് വളരെ പെട്ടന്നായിരുന്നു. നാട്ടുകാരില്‍ ഏതോ ഒരുവന്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ഈ ചതി ചെയ്തതെന്ന് ആരോപിച്ചു. അതോടെ എല്ലാം മാറി. എല്ലാവരും എന്നെ ഒറ്റപെടുത്തി. ആക്രമം എനിക്കെതിരെ ആയി. ഒടുവില്‍ പരിഹാരമായി അവര്‍ പറഞ്ഞത്‌ ഞാന്‍ അവളെ വിവാഹം ചെയ്യണം എന്നായിരുന്നു. ആദ്യം ഒരുപാട് എതിര്‍ത്തു പക്ഷെ അവരുടെ ഗുണ്ടായിസത്തിന് മുന്നില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഭീഷണിപ്പെടുത്തി ബലമായി കച്ചേരിയില്‍ വെച്ച് എനിക്ക് മീനാക്ഷിയെ സ്വീകരിക്കണ്ടി വന്നു. നീ എന്നോട് ക്ഷമിക്കില്ലേ?"

വെള്ളിടി വെട്ടിയപോലെ അമ്മിണി പകച്ചു നിന്നു. പ്രിയതമന്‍റെ വാക്കുകള്‍ അവളുടെ മനസ്സില്‍  വേദനയുടെ ആഴക്കടല്‍ സൃഷ്ടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വേദന ഒരു മരവിപ്പായി. ആ മരവിപ്പ്‌ ഘനീഭവിച്ച് കണ്ണീര്‍ ചാലുകള്‍ ആയി ഒഴുകി. അമ്മിണിക്ക്‌ അവളുടെ കരച്ചില്‍ നിയന്ത്രിക്കാനായില്ല. അവന്‍റെ മാറോട്‌ ചേര്‍ന്ന് അവള്‍ കരഞ്ഞു.

"എന്നെ ചതിച്ചു അല്ലേ? പക്ഷെ വിട്ടുകൊടുക്കില്ല.... ആര്‍ക്കും. അപ്പുവേട്ടന്‍ എന്‍റെയാ. എന്‍റെ മാത്രം." 

അപ്പു അവളെ മാറില്‍ നിന്നും മെല്ലെ വേര്‍പെടുത്തി. 

"ഞാന്‍ നിന്‍റെയാ, നിന്‍റെ മാത്രം. പക്ഷെ ഇപ്പോള്‍ എനിക്ക് ഞാനറിയാതെ മറ്റൊരു അവകാശി കൂടി ആയിരിക്കുന്നു മോളേ നീയെന്നോട് ക്ഷമിക്കില്ലേ?"

"ക്ഷമിക്കാം... അല്ല ക്ഷമിച്ചു. ഏട്ടന്‍ എന്‍റെ തന്നെയാ. എന്‍റെ മാത്രം. ആര്‍ക്കും കൊടുക്കില്ല. എങ്ങും പോകല്ലേ എന്നെ വിട്ട്." വീണ്ടും അവള്‍ ആ മാറോട് ചേരാന്‍ ശ്രമിച്ചു. പക്ഷെ അവളെ തടഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ അയാളാ കുടിലില്‍ ഓടി നടന്നു. കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു.

"അല്ല മോളെ എനിക്ക് പോയേ പറ്റൂ. അവളുടെ ആങ്ങള, പോലീസുകാരന്‍ കുട്ടപ്പന്‍, എനിക്ക് തന്നിരിക്കുന്ന അന്ത്യശാസനം എന്താണെന്നോ? നിന്നെ ഉപേക്ഷിച്ചില്ലെങ്കില്‍ നീ നക്സല്‍ ആണെന്ന് കള്ളക്കേസ് ഉണ്ടാക്കി എന്‍റെ മോളെ ജയിലില്‍ തള്ളുമെന്ന്. അതിനല്ല ഞാന്‍ നിന്നെ സ്നേഹിച്ചത്. എനിക്ക് പോയേ പറ്റൂ. നമ്മുടെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി, നിനക്ക് വേണ്ടി, നിന്‍റെ നന്മക്ക് വേണ്ടി, എനിക്ക് പോയേ മതിയാകൂ. എന്നെ ശപിക്കരുത് മോളേ."

പറഞ്ഞ് തീരുമ്പോള്‍ അവര്‍ ഇരുവരും പരസ്പരം കെട്ടിപിടിച്ച് അലമുറയിടുകയായിരുന്നു. 

"നീ കരയരുത്. നിനക്കും നമ്മുടെ മോള്‍ക്കും നല്ലത് മാത്രമേ വരൂ. എന്‍റെ മോളെ നീ വിഷമിപ്പിക്കരുത്. അവളുടെ അച്ഛന്‍ ഒരു ചതിയന്‍ ആയിരുന്നു എന്ന് അവളോട്‌ ഒരിക്കലും പറയരുത്. ഇനി ഞാന്‍ നില്‍ക്കുന്നില്ല. ഞാന്‍ ഇറങ്ങുന്നു. മറക്കരുത് അവളുടെ പേര് കുഞ്ഞുലക്ഷ്മി എന്ന് തന്നെ വക്കണം."

അപ്പു അമ്മിണിയുടെ നിറവയറില്‍ അവസാനമായി ഒന്ന് ചുംബിച്ചു. 

"അച്ഛന്‍ പോവ്വാ മോളേ. അച്ഛന്‍ മോളെ ഒരുപാട് സ്നേഹിക്കുന്നു. മോള്‍ വലുതാകുമ്പോള്‍ അമ്മയെ വിഷമിപ്പിക്കരുത്. അച്ഛന്‍ പോട്ടെ."

അമ്മിണി കൈകള്‍ കൊണ്ട് അയാളുടെ തല ആ ഉദരത്തിലേക്ക് വീണ്ടും ചേര്‍ത്ത് വെച്ചു. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.

"എവിടെ പോയാലും ആരോഗ്യം ശ്രദ്ധിക്കണം. മീനാക്ഷിക്കൊപ്പം ജീവിക്കുമ്പോള്‍ അവളെ വേദനിപ്പിക്കരുത്. ആ കുട്ടി എന്ത് പിഴച്ചു? എന്നെ ഓര്‍ത്ത്‌ വിഷമിക്കണ്ട. ഒരു ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ വേണ്ട ഓര്‍മ്മകള്‍ എനിക്ക് ഉണ്ടല്ലോ. പൊക്കോ. പോയി ജീവിച്ചോ.."

അയാളെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്തി അവള്‍ പിന്തിരിഞ്ഞു. പിന്നില്‍ കുടിലിന്‍റെ വാതില്‍ തുറക്കുന്നതും അടയുന്നതും അമ്മിണി അറിഞ്ഞു. ഒരു നിമിഷത്തില്‍ അമ്മിണി തിരിഞ്ഞു നോക്കി പ്രതീക്ഷയോടെ; പക്ഷെ, അവിടെ അവള്‍ക്ക് പ്രിയനെ കാണാന്‍ സാധിച്ചില്ല. കാറ്റിന്‍ വേഗത്തില്‍ അവള്‍ പുറത്തേക്ക് ഓടി. ഇരുട്ടില്‍ മറയുന്ന ഒരു രൂപം മാത്രം അവള്‍ കണ്ടു. അടുത്ത നിമിഷം അവളുടെ കണ്ണുകളില്‍ കൂരിരുട്ട് മാത്രമായി. ആ ഇരുട്ടില്‍ ചീവിടുകലുടെ മൂളല്‍ മാത്രം അവള്‍ക്ക്  അകമ്പടിയായി ആ കുടിലില്‍ നിറഞ്ഞു.

ഇരുട്ടില്‍ ഒരു മൂളല്‍ അവള്‍ വീണ്ടും കേട്ടു. ആ ശബ്ദത്തിന്‍റെ ഉറവിടം കുഞ്ഞുലക്ഷ്മിയായിരുന്നു. അമ്മിണി മെല്ലെ കാതുകള്‍ കൂര്‍പ്പിച്ചു. ഉറക്കത്തിന്‍റെ ആഴത്തില്‍ സംസാരിക്കുന്ന കുഞ്ഞുലക്ഷ്മിയുടെ ശബ്ദം കൂടുതല്‍ വ്യക്തമായി അവള്‍ കേട്ടു

"അമ്മേ ഞാന്‍ തന്ത ഇല്ലാത്തവളാണോ?"

"അല്ല മോളേ അല്ല! മോളെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛന്‍റെയും ഭാഗ്യദോഷിയായ ഒരമ്മയുടെയും ഒറ്റ മോളാണ് നീ."

നിറകണ്ണുകള്‍ തുടച്ച്  അമ്മിണി ആ കുഞ്ഞു നെറുകയില്‍ ചുംബിച്ചു. പിന്നെ കണ്ണുകള്‍ മെല്ലെ അടച്ച്, പണ്ടെങ്ങോ രുചിച്ച പ്രണയത്തിന്‍റെ മാധുര്യത്തിലേക്ക് അവള്‍ മെല്ലെ ഊളിയിട്ടു.

0 comments:

Post a Comment