പരലോകം
10 Comments Yet, Add Yours...
 കഥ
അരുണ്‍ കപ്പൂര്‍
http://arunkappur.blogspot.in/




മരണവുമായുള്ള മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ മരണം ജയിച്ചു... ശശിധരന്റെ ആത്മാവ് ശരീരം വിട്ടു പറന്നുയര്‍ന്നു.....


കുറെ നേരമായിട്ടും എവിടെയും എത്താത്തതിനാല്‍ ആത്മാവ് ചിന്തിച്ചു...


ഒന്നും കാണാനില്ലല്ലോ!! എവിടെ വൈതരണി? എവിടെ അഗ്നി കുണ്ഡങ്ങള്‍? എവിടെ എണ്ണ തിളയ്ക്കുന്ന പാത്രങ്ങള്‍? ഭൂമിയില്‍ കുറെ പാപങ്ങള്‍ ചെയ്തു കൂട്ടിയതല്ലേ അതെല്ലാം കടന്നു പോകണ്ടേ?


"പേടിക്കേണ്ട.... വരൂ... ഇവിടെ അതൊന്നും ഇല്ല.... അതെല്ലാം ഭൂമിയിലെ നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാനായി പറഞ്ഞുണ്ടാക്കിയ മായിക സങ്കല്‍പ്പങ്ങള്‍ മാത്രമാണ്... "


എവിടെ നിന്നാണാ ശബ്ദം!! ആരെയും കാണാനില്ലല്ലോ!! ഞാനെവിടെയാണ്??


അശരീരി തുടര്‍ന്നു:


"ഇതാണ് ആത്മാക്കളുടെ ലോകം.  ഇവിടെ സസ്യവും ജന്തുവുമില്ല, ആണും പെണ്ണുമില്ല, വലുതും ചെറുതുമില്ല, മനസ്സും ശരീരവുമില്ല, ആകാരവും സ്വഭാവവുമില്ല, വികാരവും വിചാരവും ഇല്ല, ദൂരവും വേഗതയും ഇല്ല!!"


"ആരാണ് നിങ്ങള്‍?? എനിക്കൊന്നും കാണുന്നില്ലല്ലോ!!"


"ഇവിടെ ഇരുട്ടും വെളിച്ചവുമില്ല. എങ്കിലും എല്ലാവര്ക്കും പരസ്പരം തിരിച്ചറിയനാവും. ഭൂമിയില്‍ ഇതെല്ലാം ഉണ്ടായിട്ടും ഒരാള്‍ക്ക് മറ്റൊരാളെ തിരിച്ചറിയാന്‍ കഴിയുന്നില്ല!! എങ്കില്‍ പിന്നെ വെളിച്ചത്തിന്റെ ആവശ്യമെന്ത്?"


"ഞാനാണ്‌ ഈ ലോകത്തിന്റെ കാവല്‍ക്കാരന്‍.. നിങ്ങളെന്നെ ചിത്രഗുപ്തന്‍ എന്ന പേരിലായിരിക്കും കേട്ടിട്ടുള്ളത്..."


"വരൂ നമുക്ക് ഇവിടമെല്ലാം ഒന്ന് പരിചയപ്പെടാം..."


ശശിധരന്റെ ആത്മാവിന് കുറേശ്ശെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി....


"ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത് ഈ ലോകത്തിന്റെ പ്രവേശന ദ്വാരത്തിനടുത്താണ്.... ഭൂമിയില്‍ മരിക്കുന്ന എല്ലാ ആത്മാക്കളും ഇതിലേയാണ് വരുക...."


ആത്മാവ് ചുറ്റും നോക്കി. തന്നെപ്പോലെ വേറെയും കുറെ ആത്മാക്കള്‍ അവിടെ കൂട്ടമായി നില്‍ക്കുന്നു. അവര്‍ തങ്ങളുടെ മുജ്ജന്മങ്ങളിലെ അനുഭവങ്ങള്‍ പരസ്പരം കൈമാറുന്നുമുണ്ട്.


മുളച്ചയുടന്‍ ആറ്റക്കിളി കൊത്തിക്കൊണ്ടുപോയ ഒരു നെന്മണി, വിരിയുന്നതിനു മുന്‍പ് തന്നെ പാമ്പ് വിഴുങ്ങിയ ഒരു മുട്ട, കനികളും പൂക്കളും തണലും നല്‍കിയ വിവിധ തരം വൃക്ഷലതാദികള്‍, ആയിരം വര്‍ഷം തലയുയര്‍ത്തി നിന്ന, ഒടുവില്‍ വികസനത്തിനായി വെട്ടി വീഴ്ത്തപ്പെട്ട ഒരു വന്‍ വടവൃക്ഷം, തുകലിനും കൊഴുപ്പിനും വേണ്ടി വേട്ടയാടപ്പെട്ട ഒരു നീലതിമിംഗലം, സമയമായപ്പോള്‍ വന്നവരും, സ്വയം ഇങ്ങോട്ട് പോന്നവരും, ചിലര്‍ പറഞ്ഞയച്ചവരുമായ പലതരം മനുഷ്യര്‍ തുടങ്ങി ഗര്‍ഭപാത്രത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട ഭ്രൂണാവസ്ഥയിലുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ വരെ... എത്ര തരം ജന്മങ്ങള്‍...


ആത്മാവ് ഓര്‍ത്തു...


അപ്പോള്‍ ഞാന്‍ ശശിധരന്റെ മാത്രം ആത്മാവല്ല.... അതിനു മുന്‍പ് ഞാനെന്തായിരുന്നു?

പട്ടിണി കിടന്നു ചത്ത ദിനോസര്‍ മുതല്‍ തന്റെ പതിനഞ്ചു വയസ്സുകാരിയായ മകള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയതില്‍ ഹൃദയം തകര്‍ന്നു മരിച്ച ശശിധരന്‍ വരെയുള്ള തന്റെ ഭൂമിയിലെ അവതാരങ്ങള്‍ ആത്മാവിന്റെ മുന്നിലൂടെ മിന്നി മറഞ്ഞു.


"ഇതാണ് ആത്മാക്കള്‍ ഭൂമിയിലേക്ക്‌ പോകുന്ന വഴി... ഇവരെല്ലാം ഭൂമിയിലേക്ക് പോകാന്‍ ഊഴവും കാത്ത് നില്‍ക്കുകയാണ്. സമയമാകുമ്പോള്‍ ഭൂമിയിലെ അമ്മമാര്‍ വിളിക്കും അപ്പോള്‍ ഊഴത്തിനനുസരിച്ചു ആ അമ്മയുടെ സന്താനമായി അവര്‍ ഭൂമിയിലേക്ക്‌ പോകും... ജാതി, ഇനം, തരം എല്ലാം നിര്‍ണയിക്കുന്നത് അപ്പോള്‍ മാത്രമാണ്..."


അപ്പോള്‍ അവിടെ ഒരു അമ്മയുടെ, അല്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ശബ്ദം മുഴങ്ങി.....


"എനിക്കൊരു കുഞ്ഞിനെ തരൂ...."


അത് കേട്ടിട്ടും ഇളകാതെ നില്‍ക്കുന്ന കാവല്‍ക്കാരനോട് ആത്മാവ് ചോദിച്ചു.


"ആ അഭ്യര്‍ത്ഥന നിങ്ങള്‍ കേട്ടില്ലേ?"


"കേട്ടു.... പക്ഷെ സമയമായിട്ടില്ല....വരൂ നമുക്ക് പോകാം...."


"ഇനി നിങ്ങള്‍ ഇവരിലൊന്നാണ്. നിങ്ങളുടെ ഊഴം ആകുമ്പോള്‍ അറിയിക്കാം..."


കാവല്‍ക്കാരന്‍ ആത്മാവിന്റെ മുന്നില്‍ നിന്നും മറഞ്ഞു പോയി...

ആത്മാവ് അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു പ്രവേശന ദ്വാരത്തിനടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ആ വഴിയേ വന്നു. ആ സമയം ഭൂമിയില്‍ ഏതോ നഗരത്തിന്റെ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ട നിലവിളി ഉയര്‍ന്നു....

10 comments:

  1. തികച്ചും ഭാവനാത്മകമായ ഒരു കഥ. അത് ലളിതമായി പറഞ്ഞിരിക്കുന്നു. ചില ഭാഗങ്ങളില്‍ വായനക്കാരന് സംശയം ഉണ്ടാക്കുന്ന പല ചോദ്യങ്ങളും എഴുത്തുകാരന്‍ മിനഞ്ഞെടുത്തിട്ടുണ്ട്.

    മരണാനന്തര ജീവിതത്തെ കുറിച്ച് മതങ്ങളില്‍ പലതും പറയുന്നുവെങ്കിലും ശാസ്ത്രീയമായി ഇത് വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ഈ വിഷയത്തില്‍ ഇതൊരു എഴുത്തുകാരനും ഭാവനക്കുള്ള വ്യാപ്തി വളരെ വലുതാണ്‌. ,. പക്ഷെ ഇവിടെ എന്ത് കൊണ്ടോ എഴുത്തുകാരന്‍ സങ്കീര്‍ണമായ രീതിയില്‍ കഥയെ അവതരിപ്പിക്കാന്‍ ശ്രമിച്ചില്ല. പകരം സരസമായ ഭാഷയില്‍ പറയാനുള്ളത് കുറഞ്ഞ വാചകങ്ങളില്‍ വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു.

    ആശംസകളോടെ ...

    ReplyDelete
  2. ആ സമയം ഭൂമിയില്‍ ഏതോ റെയില്‍ പാളത്തിനടുത്തുള്ളൊരു കുറ്റിക്കാട്ടില്‍ നിന്നുമൊരറ്റ കൈയ്യന്‍ പൊടിയും തട്ടിയെണീറ്റു.

    ReplyDelete
  3. Can't comment in Malayalam ...so commentz will post later

    ReplyDelete
  4. നല്ല കഥ നന്നായി അവതരിപ്പിച്ചു ,പ്രവീണ്‍ പറഞ്ഞപോലെ ഇടയ്ക്കു ഒരു വരള്‍ച്ച തോന്നി ,,നാ ആശയം തുടരുക

    ReplyDelete
  5. കഥ നന്നായിട്ടുണ്ട്...പിന്നെ അവസാനം വന്ന പെണ്‍കുട്ടിയുടെ ആത്മാവ് , വീടുവിട്ടുപോയ പതിനഞ്ചു കാരിയുടെതായിരിക്കുമോ ? ആവാം ആല്ലേ :(


    (പറഞ്ഞുകേട്ടപോലെ അഗ്നിയും, തിളയ്ക്കുന്ന എണ്ണയും ഒന്നും ഇല്ലാതെ ഇരുന്നെകില്‍ നന്നായിരുന്നു ;)

    ReplyDelete
  6. .............സ്വര്‍ഗത്തില്‍ നിന്നൊരാള്‍ ഇറങ്ങിവന്ന് പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കയില്ല

    ReplyDelete
  7. ഇത്തരം കഥകള് അവതരിപ്പിക്കുമ്പോള് വാക്കുകളും, വിചാരങ്ങളും, ചിന്തകളും, സ്വപനങ്ങളും, ഭാവനകളും, സത്യവും, മിഥ്യയും ഒക്കെ കൂടി ചേര്ന്ന മാജിക്കല് റിയലിസത്തിന്റേതായ ഒരു ഭാഷാശൈലി സ്വീകരിക്കുന്നതാണ് നല്ലത്

    ReplyDelete
  8. വേറിട്ട ലോകത്തിലൂടെ ഒരു സഞ്ചാരം, ഓര്‍മപ്പെടുത്തല്‍ ...!
    ആശംസകളോടെ...
    അസ്രുസ്.
    ...
    ..
    .
    ads by google!
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  9. ആത്മാവ് അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു പ്രവേശന ദ്വാരത്തിനടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ആ വഴിയേ വന്നു. ആ സമയം ഭൂമിയില്‍ ഏതോ നഗരത്തിന്റെ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ട നിലവിളി ഉയര്‍ന്നു........ ആശംസകൾ..

    ReplyDelete