കാർഷിക ലോകം
നവാസ് ശംസുദ്ദീൻ
നവാസ് ശംസുദ്ദീൻ
‘ഇന്നലെ വെട്ടിയ ഇടിക്കു കിളിർത്ത കൂണല്ലേ നീ?’ ഇടയ്ക്കു മറ്റുള്ളവരെ ചെറുതാക്കി കാണിക്കാൻ നമ്മളുപയോഗിക്കാറുള്ള ഒരു വാചകം. അത്ര നിസ്സാരനാണോ ഈ കൂൺ? സമീകൃതാഹാരമെന്ന നിലയിൽ പ്രശസ്തി നേടിയ കൂണുകൾക്കു മാർക്കറ്റിലും ആവശ്യക്കാരേറെയാണു്. മനുഷ്യശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങൾ ഏറിയ അളവിൽ കൂണിലടങ്ങിയിരിക്കുന്നു. ലൂസിൻ, ഐസോലൂസിൻ തുടങ്ങി എട്ടു തരത്തിലുള്ള അമിനോഅമ്ലങ്ങൾ ഇവയിലടങ്ങിയിരിക്കുന്നു. ലൈസിൻ എന്ന അമിനോ അമ്ലം ഇവയ്ക്കു മാംസാഹാരത്തിന്റെ രുചിയും മണവും കൊടുക്കന്നതിനാൽ കൂണുകൾ 'സസ്യഭുക്കുകളുടെ ഇറച്ചി' എന്നുമറിയപ്പെടുന്നു. കൂണിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനതിനും അതു സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം, അപ്പെൻഡിസൈറ്റിസ്, ചെറുകുടലിലെ കാൻസർ, മറ്റു കുടൽ രോഗങ്ങൾ എന്നിവ തടയുന്നതിനും നാരുകൾ സഹായകമാകുന്നു.
മഴക്കാലത്ത് തൊടിയിലും പരിസരത്തും മരക്കുറ്റികളിലും മറ്റും പലവിധ ആകാരത്തിലും വർണ്ണങ്ങളിലും കൂണുകൾ കാണപ്പെടുന്നുണ്ട്. ഹരിതകത്തിന്റെ അഭാവം മൂലം പച്ചനിറം അന്യമായ ഈ കുഞ്ഞിക്കൂണുകൾ എല്ലാം ഭക്ഷ്യയോഗ്യമല്ല. ആകർഷകമായ നിറത്തിലുള്ള ചില കൂണുകൾ ജീവനെടുക്കാനുള്ള വിഷം വരെ പേറുന്നവയാണെന്നു വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. അനാമിറ്റ വർഗത്തിലെ ബഹുവർണ്ണക്കൂണുകളും, ലപ്പിയോട്ട വിഭാഗത്തിലെ തൂവെള്ളക്കൂണുകളും ഭക്ഷ്യവിഷബാധയ്ക്കു കാരണമായേക്കാവുന്നവയാണ്. മുറിക്കുമ്പോൾ കറ പോലെയുള്ള ദ്രാവകം വരുന്നുവെങ്കിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, സംശയം തോന്നുന്നവ മഞ്ഞൾ കലർത്തിയ വെള്ളത്തിലിട്ട് പാചകം ചെയ്യുമ്പോൾ നീലനിറത്തിലേക്കു മാറുന്നുവെങ്കിൽ അവ വിഷക്കൂൺ ആണെന്നുറപ്പിക്കാം.
പാൽ കൂൺ |
വിദേശികളുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തിൽ വളരെ മുമ്പേ ഇടംപിടിച്ച ഈ ഇത്തിരിക്കുഞ്ഞൻ കൂണുകൾ നമ്മുടെ കൊച്ചു കേരളത്തിലും തനതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമായും രണ്ടിനം കൂണുകളാണു കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്ത് വരുന്നത്. ചിപ്പിക്കൂണും പാൽക്കൂണും. മഴക്കാലത്ത് ചിപ്പിക്കൂണും വേനൽക്കാലത്ത് പാൽക്കൂണും കൃഷി ചെയ്ത് വരുന്നു. അല്പം സൂക്ഷ്മതയോടെ ചെയ്താൽ വളരെയധികം പ്രയോജനപ്രദമാണു കൂൺകൃഷി. കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ കട്ലറ്റ്, സമൂസ, മുതലായവയിലൂടെയും പണം കണ്ടെത്താൻ കഴിയും. ഈ രണ്ട് തരം കൂണുകൾക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. കൂട്ടത്തിൽ ചിപ്പിക്കൂണിനാണു കൂടുതൽ സ്വാദ്. കൂടാതെ കൃഷിചെയ്യാൻ എളുപ്പവും. എന്നാൽ പാൽകൂണിനാവട്ടെ അല്പം സ്വാദ് കുറഞ്ഞാലും സൂക്ഷിപ്പ് കാലാവധി ചിപ്പിക്കൂണിനെക്കാളും കൂടുതലാണെന്നതു കൂടാതെ, കീടാണു മൂലമുണ്ടാകുന്ന രോഗബാധയും കുറവാണു്.
വയ്ക്കോൽ, അറക്കപ്പൊടി മുതലായ മാധ്യമങ്ങളിലാണു കൂണുകൾ വളർത്തുന്നത്. വയ്ക്കോൽ മാധ്യമമായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തീർത്തും അണുവിമുക്തമാക്കിയ ശേഷം മാത്രമേ കൃഷിക്ക് ഉപയോഗിക്കാവൂ എന്നതാണു്. ഇതിനായി ഒരു പ്ലാസ്റ്റിൿ ഡ്രമ്മിൽ വെള്ളത്തിൽ ബാബിസ്റ്റിൻ, ഫോർമാലിൻ ഇവ മിക്സ് ചെയ്ത ശേഷം വയ്ക്കോൽ മുക്കി വെയ്ക്കേണ്ടതാണു്. ഈ മാർഗമല്ലാതെ വയ്ക്കോൽ അരമണിക്കൂർ ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്താലും മതി.
വയ്ക്കോലിൽ കാണപ്പെടുന്ന അധിക ഈർപ്പം കളയുന്നതിനായി അല്പം ഡെറ്റോൾ തളിച്ച പ്ലാസ്റ്റിൿ ഷീറ്റിലേക്കു നിരത്തിയിടുക. വയ്ക്കോൽ കയ്യിലെടുക്കുമ്പോൾ ചെറിയ നനവുള്ളതും, പിഴിഞ്ഞാൽ വെള്ളം വരാത്തതുമായ പരുവമാണു കൂൺകൃഷിക്കു് ഏറ്റവും നല്ലത്. ഇത്തരത്തിൽ ലഭിച്ച വയ്ക്കോൽ കട്ടി കൂടിയ പ്ലാസ്റ്റിക് കവറിലേക്ക് ചുമ്മാടു പോലെ ചുരുട്ടി ഇറക്കി വെക്കുക. അതിന്റെ വശങ്ങളിൽ കൂൺവിത്തുകൾ വിതറുക. ഇത്തരത്തിൽ മൂന്നടുക്കു വയ്ക്കോൽ ചുമ്മാട് രൂപത്തിൽ ഇറക്കി ഒരോ അടുക്കിനു മുകളിലും കൂൺ വിത്തുകൾ വിതറിയശേഷം ഉള്ളിലെ വായു പുറത്തു കളഞ്ഞു വായ മൂടിക്കെട്ടുക. ഇങ്ങനെ പോളീത്തീൻ കവറിൽ ഒന്നിടവിട്ട് വൈക്കോലും വിത്തും നിറച്ചെടുക്കുന്നതിനെ ബെഡ്ഡ് എന്നു പറയുന്നു. 60 സെ. മീ നീളവും 35 സെ മീ വീതിയും, 150 – 200 ഗേജ് കട്ടിയുമുള്ള പോളിത്തീൻ കവറുകളാണുപയോഗിക്കുന്നത്.
ബഡ്ഡിന്റെ വശങ്ങളിൽ ചെറിയ സുഷിരങ്ങളിട്ടു കൊടുക്കാൻ മറക്കരുത്. ഉപയോഗിക്കുന്ന വസ്തുക്കളും കൈകളും ഡറ്റോളുപയോഗിച്ച് അണു നശീകരണം നടത്തിയ ശേഷം വേണം മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യാൻ.ഇങ്ങനെ തയ്യാറാക്കിയ ബെഡ്ഡുകൾ കുറഞ്ഞ ചൂടും, നല്ല ഈർപ്പവും, വായു സഞ്ചാരവുമുള്ള ഒരു മുറിയിലെക്കു മാറ്റേണ്ടതാണു്. പത്തോ പന്ത്രണ്ടോ ദിവസങ്ങൾക്കുള്ളിൽബെഡ്ഡിന്റെ വശങ്ങളിലായി വയ്ക്കോലിൽ തൂവെള്ള നിറത്തിലുള്ള തന്തുക്കൾ (മൈസീലിയം) പടർന്നു വളരുന്നതു കാണാം. ഇങ്ങനെ സ്പോൺ റണ്ണിംഗ് പൂർത്തിയായാലുടനെ പോളിത്തീൻ കവർ ഒഴിവാക്കി ബെഡ്ഡിനെ നല്ല വായു സഞ്ചാരമുള്ള വൃത്തിയായ മറ്റൊരു മുറിയിലെക്കു മാറ്റിയ ശേഷം ഈർപ്പം നിലനിൽക്കത്ത രീതിയിൽ ദിവസം ഒന്നോ രണ്ടോ തവണ എന്ന കണക്കിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. മൂന്നാലു ദിവസങ്ങൾക്കുള്ളിൽ ബെഡ്ഡിൽ കൂൺ മുകുളങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാം. അടുത്ത ദിവസം തന്നെ ഈ മുകുളങ്ങൾ വളർന്ന് കൂണായി രൂപപ്പെടുന്നതോടെ വിളവെടുത്ത് തുടങ്ങാം. ഇത്തരത്തിൽ ഒരു ബെഡ്ഡിൽ നിന്നും ഒരാഴ്ച ഇടവിട്ടുള്ള കാലയളവിൽ മൂന്നു തവണ വിളവെടുക്കാവുന്നതാണു്.
ചിപ്പി കൂൺ |
ഇത്തരത്തിൽ അധികം സ്ഥലമോ മുതൽ മുടക്കോ ഇല്ലാതെ വളരെയെളുപ്പം വീട്ടമ്മമാർക്കു കൂടി ചെയാവുന്ന ഒരു കാർഷിക വിളയാണിത്. വളരെ കുറഞ്ഞ അളവിൽ വെള്ളം മതിയെന്നുള്ളതും മറ്റൊരു ആകർഷണീയതായാണു്. മറ്റ് കൃഷികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സ്ഥലത്തു നിന്ന് കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ആദായം എന്നതും കൂൺകൃഷിയിലേക്കു ചെറുപ്പക്കാരെയുൾപ്പടെ ആകർഷിക്കാൻ കാരണമാകുന്നുണ്ടെന്നുള്ളതും ഒരു വസ്തുതയാണു. തൊഴിലില്ലാതെ വലയുന്ന ചെറുപ്പക്കാർക്കും, വീട്ടമ്മമാർക്കും ഒരേപോലെ ഏർപ്പെടാവുന്ന ഒരു കാർഷികവൃത്തിയാണിത്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നത് ചിപ്പിക്കൂണാണു്. ഇതിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ചും, കൃഷി രീതികളേക്കുറിച്ചും, വിത്തുത്പാദന രീതിയെക്കുറിച്ചുമുള്ള പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും സർവകലാശാലകളിലും ലഭിക്കും.
ഏതൊരാൾക്കും മനസ്സിലാകാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ചിരിക്കുന്നു.. ആശംസകൾ...
ReplyDeleteNannayittund
ReplyDeleteNannayittund
ReplyDelete