കൂടംകുളം ഒരു ജനതയുടെ ആശങ്ക
8 Comments Yet, Add Yours...
 റോബിൻ ഹുഡ്
http://merobinhood.blogspot.in






ഇന്ന് ഇന്ത്യ മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൂടംകുളം ആണവോർജ്ജ നിലയം. പലര്‍ക്കും ഇതിനോട് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ എനിക്ക് ഈ പദ്ധതി  അംഗീകരിക്കാന്‍ ആവില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ.


1988 ല്‍ രാജിവ് ഗാന്ധിയും അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ആണവ മുങ്ങികപ്പല്‍ സാങ്കേതികവിദ്യ കൈമാറ്റത്തിനായി ഒരു കരാര്‍ തയാറാക്കി. എന്നാല്‍ അതില്‍ ആണവ റിയാക്ടര്‍ കച്ചവടത്തിനുള്ള തീരുമാനവും തിരുകിക്കയറ്റിയിരുന്നു. ഈ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കുന്നത് 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡണ്ട്‌ ബോറിസ് യെൽറ്റ്സിനും ചേര്‍ന്നാണ്.


പിന്നീട് ഇതിനെ കുറിച്ച് പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും കേരളത്തിലെ കോതമംഗലത്തോ കാസര്‍ഗോഡോ ഈ ആണവനിലയം  സ്ഥാപിക്കാന്‍ നീക്കം നടത്തുകയും‍  ശക്തമായ സമരങ്ങള്‍ കാരണം ഇവിടെ നിന്ന് കൊണ്ടുപോയി തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുകയും ചെയ്തു. കൂടംകുളത്തെ ആണവനിലയത്തില്‍ മൊത്തം നാലു ഘട്ടങ്ങളിലായി ആറു റിയാക്ടറുകളാണ് നിര്‍മിക്കാന്‍  ഉദ്ദേശിക്കുന്നത്. അതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ 9000 മെഗാവാട്ടിന്റെ ഉത്പാദനം ആണ് വാഗ്ദാനം ചെയ്യുന്നത് .

ഇനി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്നത്.

കൂടംകുളത്തുകാര്‍ മാത്രമല്ല ലോകജനത മുഴുവന്‍ ആണവോര്‍ജം എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഭയക്കുന്നു. അതിനു കാരണം 2011 മാര്‍ച്ച്‌ 11ന് ജപ്പാനിലെ ഫുകുഷിമ ന്യുക്ലിയാര്‍ ദുരന്തമാണ്. അതിനു നിമിത്തമായത്  സുനാമിയും ഭൂകമ്പവും ഒരേസമയം ജപ്പാനെ ആക്രമിച്ചതാണ്. (ഇങ്ങനെ ഒരു ദുരന്തം ഇന്ത്യയില്‍ വരില്ല എന്നൊന്നും ആര്‍ക്കും പറയാന്‍ സാധിക്കില്ല. വന്നു കഴിയുമ്പോള്‍ വീണ്ടുവിചാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കും )

ഫുകുഷിമ ദുരന്തം 1986ലെ റഷ്യയിലെ ചെര്‍ണോവിലെ ന്യുക്ലിയാര്‍ ദുരന്തത്തെക്കാള്‍ ഭയാനകം ആയിരുന്നു. ഇന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ശ്രമിക്കുയാണ്. കാരണം അവര്‍ അതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു.  ഇന്ന് 40 ലോകരാജ്യങ്ങള്‍ സുരക്ഷാഭീഷണിമൂലം ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അതില്‍ ഒരാളായ റഷ്യയുടെ സഹായത്തോടെയാണ് ഈ ആണവനിലയം ഇവിടെ വരുന്നത്. അത് തന്നെ വളരെ വൈരുധ്യം നിറഞ്ഞ കാര്യമാണ്.

ഫുകുഷിമയുടെ അനുഭവ പാഠത്തില്‍ ലോകജനത ആണവോര്‍ജത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യയില്‍ ആണവനിലയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആണവനിലയങ്ങള്‍ പരിശോധനാവിധേയമാക്കുകയാണ്. ഇതിനകം ജര്‍മനി ഏഴു് ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ അയര്‍ലന്‍ഡും ജര്‍മനിയുടെ പാത പിന്തുടരുന്നു. ഇന്ത്യന്‍ അറ്റോമിക് എനെര്‍ജി റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പറയുന്നത് സാമ്പത്തികലാഭം ആണ് ആണവരംഗത്തെ എടുത്തുചാട്ടത്തിനു കാരണം;  മഹാരാഷ്ട്രയിലെ താരാപ്പൂര്‍ ആണവനിലയത്തിന്റെ 1 ഉം 2 ഉം റിയാക്ടറുകള്‍ പ്രവര്‍ത്തന കാലയളവ്‌ കഴിഞ്ഞിട്ട് 16 വര്‍ഷമായി എന്നാണ്. അമേരിക്കന്‍ ആണവനിയന്ത്രണ കമ്മീഷന്‍ ഈ നിലയങ്ങള്‍ പൂട്ടാന്‍ ഉപദേശിച്ചിരുന്നു, എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടച്ചിടാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇപ്പോഴും അവയെല്ലാം പ്രവര്‍ത്തിക്കുന്നു.


ഫുകുഷിമ ആണവനിലയം തകര്‍ന്നപ്പോള്‍ അണുവികരണങ്ങളായ അയഡിന്‍, സീസിയം-134, സീസിയം-137 ഇവയെല്ലാം അമേരിക്കന്‍ തീരങ്ങളിലും ഓസ്ട്രേലിയന്‍ തീരങ്ങളിലും വരെ എത്തുകയുണ്ടായി. ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ അതിന്റെ അണുവികിരണ ഭീഷണി നാല്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ ഫുകുഷിമ ദുരന്തം ഉണ്ടാക്കുന്ന ആഘാതം എത്രയെന്നു ശാസ്ത്ര ലോകത്തിന് ഇതുവരെ കണക്കു കൂട്ടാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോവില്‍ ദുരന്തത്തില്‍ 57 മരണം തത്സമയം നടന്നെങ്കില്‍ കാന്‍സര്‍ ബാധിച്ചു ഒന്‍പതിനായിരത്തോളം ജനങ്ങള്‍ മരിച്ചു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെര്‍ണോവില്‍  ആണവനിലയം തകര്‍ന്നതിന് ശേഷം അത് കോണ്‍ക്രീറ്റ് കൊണ്ട് ഒരു കുട രൂപത്തില്‍ കവര്‍ ചെയുകയാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ എര്‍പ്പെട്ടവര്‍ പലരും മാരകരോഗം മൂലം മരണമടഞ്ഞത് ഇതിന്റെ  മറ്റൊരു ദുരന്തമുഖം

ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണു കൂടംകുളം ആണവനിലയം വരുന്നത് എന്നത് ശരി തന്നെ. എന്നാല്‍ ഈ പ്രദേശത്ത് പാറ ഉരുക്കുന്ന പ്രതിഭാസമായ റോക്ക് മെല്റ്റ് എക്സ്ട്രുഷന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നത് നിര്‍മാണത്തിന് ശേഷമാണു്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല. ഇതൊക്കെ കൂടാതെ 130 കിലോമീറ്റര്‍ അകലെ ഉറക്കംനടിച്ചുകിടക്കുന്ന ഒരു അഗ്നിപര്‍വ്വതവും നിലവില്‍ ഉണ്ട്. പിന്നെ ഭയക്കാനുള്ള ഒരു കാര്യം സുനാമി ആണ്. ഒരിക്കല്‍ നമ്മള്‍ അനുഭവിച്ചതുമാണ് സുനാമിയുടെ ഭീകരത.  ആണവനിലയം കടലിന്റെ സൈഡില്‍ ആയതിനാല്‍ ഈ ഭീഷണിയും നിലനില്‍ക്കുന്നു.  പിന്നെ ആരും കാണാത്ത മറ്റൊരു പ്രശ്നം കടല്‍ത്തീരത്തോട് അടുത്തു നില്‍ക്കുന്നതിനാല്‍ വിദേശാക്രമണങ്ങളും പ്രതീക്ഷിക്കാം എന്നതാണ്.

അതുമാത്രമല്ല ആണവനിലയത്തില്‍ നിന്ന് കടലിലേക്ക് ഒഴുക്കി വിടുന്ന ചൂടുവെള്ളം കടലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കും. ഫുകുഷിമ അണുവികിരണം 200 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു. അതുകൊണ്ട് തന്നെ ഈ നിലയത്തെ കേരളവും ഭയക്കണം.
എന്തെങ്കിലും ഒരു അപകടം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടും എന്നുപോലും ഇതുവരെ ആരും ഒന്നും പറഞ്ഞതുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനത്തെ പലരും കൂട്ട് പിടിക്കുന്നു.

എന്ത് ഊര്‍ജ്ജം ആണെങ്കിലും നമുക്ക് ആവശ്യമാണ് . എന്നാല്‍ ഈ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല എന്ന് മാത്രം.

8 comments:

  1. കാസര്‍കോട്ടുകാരായ നമ്മള്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ട് തന്നെ പൊറുതി മുട്ടികിടക്കുന്നത് കണ്ടിട്ട് എങ്ങനെ അവന്മാര്‍ക്ക് അങ്ങോട്ടേക്ക് തന്നെ കൊണ്ട് വരന്‍ ഇത്ര കലിപ്പ്!! പഠിച്ചതിനു ശേഷം മാത്രം മുന്നോട്ട് കൊണ്ട് പോകണം അന്ധമായ എതിര്‍പ്പിനെ പാടെ അവഗണിക്കുന്നു....

    ReplyDelete
  2. ഇ - മഷിയില്‍ ഇതുവരെ വന്നതില്‍ ഗാംഭീരമുള്ള ഒരു സമകാലിക ലേഖനമാണ് ഇത്.... വായിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു ......!

    പക്ഷെ , ആണവ നിലയങ്ങള്‍ വേണ്ട എന്ന വാദം അംഗീകരിക്കാന്‍ കാഴ്ജിയില്ല.. രാജ്യം നേരിടുന്ന ഊര്‍ജ്ജ ക്ഷാമങ്ങളെ നേരിടുന്നതിനു ചില തീരുമാനങ്ങളുമായി മുന്നോട്ടു പോവുന്നത് വേണ്ടത് തന്നെയാണ് .

    വികസന പദ്ധതികള്‍ വരുമ്പോഴുണ്ടാവുന്ന പൊതുസമൂഹത്തിന്റെ എതിര്‍പ്പ് സ്വാഭാവികമാണ് . അത് കേട്ട് തിരിഞ്ഞു നടക്കാനിരുന്നാല്‍ നാം എന്നും വട്ടപ്പൂജ്യത്തിലായിരിക്കും ....

    രാജ്യത്തെ ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും , അവരുടെ രാത്രികളില്‍ സ്വസ്തയുള്ള ഉറക്കം സമ്മാനിക്കുന്നതിനും ഭരണ കര്‍ത്താക്കളുടെ ചുമതലയാണ് .. അത് അവരെക്കൊണ്ടു സാധ്യമാക്കുകയാണ് ചെയ്യേണ്ടത് .
    കണ്ണുമടച്ചു എന്തിനെയും എതിര്‍ക്കുന്നത് നല്ല ശീലമല്ല ......!!

    ReplyDelete
  3. ഇത് ഹസീന്‍ എന്റെ ബ്ലോഗില്‍ കമന്റ് ആയി ചേര്‍ത്തത്..

    ഈ പോസ്ടിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്.

    താരതമ്യേന അപകടസാധ്യത കുറഞ്ഞതും എന്നാല്‍ ഒരു അപകടം ഉണ്ടാവുന്ന പക്ഷം അതീവഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളവയുമാണ് ആണവനിലയങ്ങള്‍..'. അതുകൊണ്ടാണ് ഒരു ദുരന്തമുണ്ടാവുന്ന പക്ഷം കൊടുക്കേണ്ട നഷ്ടപരിഹാരത്തുക പ്രധാനമാവുന്നത്. അമേരിക്കയില്‍ 1957 - ല്‍ നിലവില്‍ വന്ന Price-Anderson Act ഇക്കാര്യത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അതുവരെ ഗവണ്മെന്റില്‍ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്വം ആണവകമ്പനികളിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് ഈ നിയമം കൊണ്ട് ചെയ്തത്. ഒരു റിയാക്ട്ടറിനു 111 . 9 മില്യണ്‍ വീതം അമേരിക്കന്‍ ഡോളര്‍ ആണ് അവിടെ കമ്പനികളുടെ ആണവബാധ്യത. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയിലെ എല്ലാ ആണവനിലയങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത് DAE (Department of Atomic Energy) ആണ്. എന്നാല്‍ റിയാക്റ്ററുകള്‍ വാങ്ങുന്നത് വിദേശ കമ്പനികളില്‍ നിന്നും. അതുകൊണ്ടാണ് ഇന്ത്യ Civil Nuclear Liability Law കൊണ്ടുവരാന്‍ ശ്രമിച്ചത്. വിദേശ ആണവകമ്പനികളെ ഭാഗീകമായെങ്കിലും അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. വിവിധങ്ങളായ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി, കമ്പനികളുടെ പരമാവധി ആണവബാധ്യത 500 കോടി രൂപയാക്കി നിജപ്പെടുത്തി. ആറു റിയാക്റ്ററുകള്‍ ഉള്ള കൂടങ്കുളം പ്ലാന്റ് അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ആണവബാധ്യത 3650 കോടി രൂപയാകുമായിരുന്നു. Civil Nuclear Liability Law - ലെ ഏറ്റവും വലിയ തമാശ, നഷ്ടപരിഹാരം കൊടുക്കേണ്ടത് നടത്തിപ്പുകാരനാണ്. അതായത് കേന്ദ്ര സര്‍ക്കാര്‍ വകുപ്പ് തന്നെ. വേണമെങ്കില്‍ റിയാക്ടര്‍ സപ്ലൈ ചെയ്ത വിദേശ കമ്പനിക്ക്‌ നോട്ടീസ് അയയ്ക്കാം. ഇത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ ആയിരിക്കും അവസാനിക്കുക. അന്തിമ ഫലം ഭോപാല്‍ ദുരന്തം കണ്ട നമുക്ക് ആരും പറഞ്ഞു തരികയും വേണ്ട. പറഞ്ഞു വരുന്നത് അതൊന്നുമല്ല. 2010 ലെ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന് ഈ നഷ്ടപരിഹാരപ്രശനം ആയിരുന്നെങ്കില്‍, ഒരു ആണവ അപകടത്തിനുള്ള സാധ്യത അത്ര കുറച്ചു കാണേണ്ടതില്ല.

    ReplyDelete
  4. ഫുകുഷിമ ദുരന്തത്തിന്റെ സമയത്ത് നമ്മള്‍ പത്രങ്ങളില്‍ വായിച്ച ആണവദണ്ട് ഇന്ധനം നിറച്ച സിര്‍കോണിയം പൈപ്പുകള്‍ ആണ്. റിയാക്റ്ററുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഉണ്ടാവുന്ന അനിയന്ത്രിതമായ താപം മാത്രം മതി ഈ പൈപ്പുകള്‍ ഉരുകിയൊലിക്കാന്‍.'. ഈ അവസ്ഥ ഒഴിവാക്കുന്നത്, ആണവവടികള്‍ക്ക് മുകളിലൂടെ നിരന്തരം വെള്ളം പ്രവഹിപ്പിച്ചുകൊണ്ടാണ്. ഏതെങ്കിലും കാരണവശാല്‍ ഈ പമ്പിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതിരുന്നാല്‍, ഒരു അടിയന്തിര നടപടി എന്ന നിലയില്‍ റിയാക്ടരിനുള്ളിലേക്ക് കടല്‍ വെള്ളം അടിച്ചു കയറ്റും. ഈ രണ്ടു മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ട കാഴ്ചയാണ് ഫുകുഷിമയില്‍ കണ്ടത്. അതിനു കാരണം സുനാമി മൂലം വൈദ്യുതി ബന്ധം തകരാറിലായതും. ജപ്പാനില്‍ ഇത് സംഭവിക്കാമെങ്കില്‍ തമിഴ്നാട്ടിലാണോ ബുദ്ധിമുട്ട്?

    ആണവവടികള്‍ ഉരുകിയാല്‍ എന്താണ് സംഭവിക്കുക? എല്ലാ പ്രതിരോധമതിലുകളും തകര്‍ത്തു കൊണ്ട് ഭീകരരൂപിയായ ഒരു ആണവമേഘം ആകാശത്തേക്ക് ഉയരും. കാറ്റിന്റെ ദിശയ്ക്കും വേഗതയ്ക്കുമനുസരിച്ചു കിലോ മീറററുകള്‍ക്കപ്പുറത്തേക്ക് അത് പരക്കും. നമ്മുടെ വീടുകളിലും പാടങ്ങളിലും പുഴകളിലും തോടുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും അതിവിനാശകാരിയായ ആണവമാലിന്യങ്ങള്‍ വിതറും. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് വിപത്തിന്റെ നിരന്തരവികിരണം. ആണവ അപകടം ഉണ്ടായാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഒരു ഭൂവിഭാഗത്തിലെ മനുഷ്യരെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിക്കണം. മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത ശേഷം ഇരുപതു കൊല്ലങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ആ ശവപറമ്പിലേക്ക് മടങ്ങി വരാം. അതുവരെ അവിടെ നിന്നും ഒരു തുള്ളി വെള്ളമോ, ഒരു ചെറിയ പച്ചക്കറിയോ, ഒരു തുണ്ട് കടലാസ്സോ ഉപയോഗിച്ച് പോവരുത്. ഇത്ര വിസ്തൃതമായ പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കാനും, വൈദ്യസഹായം നല്‍കാനുമുള്ള എന്ത് പദ്ധതിയാണ് നമ്മുടെ സര്‍ക്കാരുകള്‍ക്കുള്ളത്?

    Reply

    Haseen15 Sep 2012 13:54:00
    അടുത്ത ഒരു വലിയ പ്രശ്നം ഉപയോഗ ശേഷം ഇന്ധനം സൂക്ഷിക്കുന്നതും ആണവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതുമാണ്. ഇക്കാര്യത്തില്‍ സുതാര്യമായ ഒരു നിലപാടും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു ഗ്രാം ഇന്ധനം ഒരു വര്ഷം കൊണ്ടു അര ഗ്രാം ആയി മാറുകയും ബാക്കിയുള്ള അര ഗ്രാം വികിരണങ്ങള്‍ ആയി പുറത്തു വരികയുമാണ് ചെയ്യുന്നത്. അതായത് ഒരു സമ്പുഷ്ട ഇന്ധനം സാധ്യമായതിന്റെ പകുതി റേഡിയേഷന്‍ ആദ്യവര്‍ഷം തന്നെ പുറത്തു വിടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉപയോഗിച്ച ശേഷവും ഇന്ധനവടി അത്യന്തം അപകടകാരിയാണ്. ഇതെവിടെ സൂക്ഷിക്കും? സാധാരണ ചെയ്യുന്നത് ഭൂമിക്കടിയില്‍ 40 അടി താഴ്ചയില്‍ കോണ്‍ക്രീറ്റ് അറകള്‍ ഉണ്ടാക്കി അതിനുള്ളില്‍ വെള്ളത്തില്‍ മുക്കിയിടുകയാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ചൂടും വികിരണവും കുറഞ്ഞു കഴിയുമ്പോള്‍ ഇവയെ പുറത്തെടുത്തു സംസ്കരിക്കണം. അണുവികിരണം അപ്പോഴും ഉണ്ടാവും. ആന മെലിഞ്ഞെന്നെയുള്ളൂ. ഇവ എവിടെ സംസ്കരിക്കും? അതിനുള്ള ഉപായമാണ് Deep geological repository . മനുഷ്യവാസമില്ലാത്ത ഏതെങ്കിലും പ്രദേശത്ത് 300 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടുക. അതെവിടെയാണ്? ആര്‍ക്കറിയാം? ലോകത്തെമ്പാടും ഇത്തരത്തില്‍ ഉണ്ടാക്കിയ കല്ലറകള്‍ക്ക് എന്തു സംഭവിച്ചു എന്നത് ഈ സൈറ്റ് ല്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും. http://en.wikipedia.org/wiki/Deep_geological_repository

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
    Replies
    1. ഇത് തിരുനെല്‍വേലി ജില്ലയിലെ പാണ്ടിയുടെ കാര്യമല്ലേ എന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ തെറ്റി. കുടന്കുളം ആണവ നിലയത്തില്‍ നിന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വെറും 85 കിലോമീറ്റെര്‍.'. അപകടം ഉണ്ടാവുന്ന സമയത്ത് കാറ്റ് വീശുന്നത് തെക്ക് കിഴക്ക് ദിശയില്‍ നിന്നാണെങ്കില്‍, തിരുവനന്തപുരവും കൊല്ലത്തിന്റെ ഭൂരിഭാഗവുമടങ്ങുന്ന പ്രദേശങ്ങള്‍ ആണ് അനുവികിരണത്തിന്റെ പരിധിയില്‍ വരിക. കുടന്കുലാതെ ഏറ്റവും പ്രബലമായ രണ്ടു കാറ്റുകള്‍ ഒന്ന് ഈ ദിശയിലാണ് താനും. ഭരണ പ്രതിപക്ഷത്തുള്ള നമ്മുടെ നേതാക്കള്‍ പട്ടു പോയാല്‍ നമ്മെ പിന്നെ ആര് ഭരിച്ചു രക്ഷിക്കും?

      ആരെതിര്‍ത്താലും കുടന്കുളം നിലയം യാദാര്‍ത്ഥ്യം ആവുമെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് ഇപ്പോള്‍ നടക്കുന്നത് ശവത്തെ വെച്ച് വില പേശലാണ്. ആദ്യഘട്ടത്തില്‍ ഉത്പാദിക്കപ്പെടുന്ന 2000 MWe വൈദ്യുതിയില്‍ നിന്നും കേരളത്തിന്‌ 266 MWe , തമിള്‍ നാടിനു 925 MWe ബാക്കി കേന്ദ്ര പൂളില്‍ എന്നതാണ് ഗഡ്ഗില്‍ ഫോര്‍മുല. എന്നാല്‍ മുഴുവന്‍ വൈദ്യുതിയും, അല്ലെങ്കില്‍ ഏതാണ്ട് അതിനോളം വൈദ്യുതി തമിഴ് നാടിനു കൊണ്ട് പോവാനുള്ള നാടകം കളി ഏതാണ്ട് വിജയത്തില്‍ എത്താറായിരിക്കുകയാണ്. സമാന ഭീതികള്‍ പങ്കു വെക്കുന്ന കേരളത്തിന്‌ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജതിലെങ്കിലും അവകാശം വേണ്ടേ? കേരളത്തില്‍ ശവങ്ങള്‍ക്കും വിലയില്ലേ?

      Delete
  6. ബദല്‍ സംവിധാനങ്ങള്‍ ധാരാളം ഉള്ളപോള്‍ ഈ ആണവനിലയം വെറും കരണ്ട് ഉത്പാദനം മാത്രം ലക്ഷ്യം വെച്ചല്ല.
    ജഗദീഷിന്‍റെ ബ്ലോഗ്‌ നോക്കുമല്ലോ. അതില്‍ വിശദമായി എഴുതിയിട്ടുണ്ട്.

    ReplyDelete
  7. മനുഷ്യനെ കൊല്ലാതെ വികസനം വരട്ടെ, അല്ലാതെ മൻഷ്യൻ ഇല്ലാത്ത ഈ വികസിത ലോകം എന്തിനാണ്!

    ReplyDelete